എല്ലാ തവണയും ഞങ്ങളുടെ നെഞ്ചത്തേക്കല്ലേ, ഒന്നെങ്കിലും തിരിച്ച് തരേണ്ടേ; ആകാശ് ചോപ്രയെ ട്രോളി മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം
IPL
എല്ലാ തവണയും ഞങ്ങളുടെ നെഞ്ചത്തേക്കല്ലേ, ഒന്നെങ്കിലും തിരിച്ച് തരേണ്ടേ; ആകാശ് ചോപ്രയെ ട്രോളി മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd June 2022, 5:27 pm

മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയെ ട്രോളി മുംബൈ ഇന്ത്യന്‍സിന്റെ കരീബിയന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ്. ട്വിറ്ററില്‍ തനിക്കെതിരെയുള്ള പോസ്റ്റിന് മറുപടിയായാണ് പൊള്ളാര്‍ഡിന്റെ മറുപടി.

‘പൊള്ളാര്‍ഡിന്റെ അവസാന വര്‍ഷമാണിതെന്നാണ് ഞാന്‍ കരുതുന്നത്. പൊള്ളാര്‍ഡിനെ നിലനിര്‍ത്താതിരുന്നാല്‍ ആറ് കോടി രൂപയാവും മുംബൈ ഇന്ത്യന്‍സിന് ലഭിക്കാന്‍ പോവുന്നത്. 1.6 കോടി രൂപയുള്ള മുരുകന്‍ അശ്വിനേയും അവര്‍ ഒഴിവാക്കിയേക്കും.

ജയ്‌ദേവ് ഉനദ്കട്ടിന്റെ (1.3 കോടി) കാര്യത്തിലും എനിക്ക് ഉറപ്പില്ല. 1.5 കോടിയ്ക്ക് ടീമിലെത്തിച്ച ടൈമല്‍ മില്‍സിനോട് അവര്‍ ഗുഡ് ബൈ പറയുമെന്ന് ഞാന്‍ കരുതുന്നു,’ എന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്. മത്സരത്തിന് ശേഷം പൊള്ളാര്‍ഡിനെയടക്കം മറ്റ് താരങ്ങളേയും ‘ചൊറിയാനും’ ആകാശ് ചോപ്ര മുന്‍പന്തിയില്‍ തന്നെ അയിരുന്നു.

പൊള്ളാര്‍ഡിന് പകരം മറ്റ് യുവതാരങ്ങളെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും ചോപ്ര പറഞ്ഞു.

ഇതിന് പിന്നാലെയാണ് പൊള്ളാര്‍ഡ് മറുപടിയുമായെത്തിയത്. ട്വിറ്ററില്‍ തന്നെ പോര്‍മുഖം തുറക്കാനായിരുന്നു പൊള്ളാര്‍ഡിനും താത്പര്യം.

ഇപ്പോള്‍ ഫാന്‍സിന്റെ എണ്ണവും ഫോളോവേഴ്‌സും കൂടിക്കാണുമല്ലോ എന്നായിരുന്നു ചോപ്രയ്ക്ക് പൊള്ളാര്‍ഡിന്റെ മറുപടി.

‘Hope the fan base and followers increased @cricketaakash… keep it flowing .. #t20.!!’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. എന്നാല്‍ അല്‍പസമയം കഴിഞ്ഞ് പൊള്ളാര്‍ഡ് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്ത് കാരണത്താലാണ് താരം ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമല്ല.

പൊള്ളാര്‍ഡിനെ സംബന്ധിച്ച് ഐ.പി.എല്ലിലെ ഈ സീസണ്‍ മോശമായിരുന്നു. ശരാശരിക്കും താഴെയുള്ള പ്രകടനമാണ് പൊള്ളാര്‍ഡ് പുറത്തെടുത്തത്.

സീസണില്‍ കളിച്ച 11 മത്സരത്തില്‍ നിന്നും 14.10 ആവറേജില്‍ 144 റണ്‍സ് മാത്രമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. 107.46 മാത്രമായിരുന്നു സ്‌ട്രൈക്ക് റേറ്റ്.

കരീബിയന്‍ ഹാര്‍ഡ് ഹിറ്റിംഗിന്റെ പര്യായമായ പൊള്ളാര്‍ഡിന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍ 25 ആണെന്നറിയുമ്പോഴാണ് താരത്തിന്റെ ഫോമില്ലായ്മ വ്യക്തമാവുന്നത്.

ഫോം ഔട്ടിന് പിന്നാലെ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

 

Content Highlight: Mumbai Indians star All-Rounder  Keiron Pollard trolls Akash Chopra