ലോര്‍ഡ് താക്കൂറിന് പിന്നാലെ മറ്റൊരാളും; ഗുജറാത്ത് താരത്തിന് ഇത് ഹോം കമിങ്
Sports News
ലോര്‍ഡ് താക്കൂറിന് പിന്നാലെ മറ്റൊരാളും; ഗുജറാത്ത് താരത്തിന് ഇത് ഹോം കമിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th November 2025, 8:17 pm

ഐ.പി.എല്‍ 2026ന് മുന്നോടിയായി ഷര്‍ദുല്‍ താക്കൂറിന് പിന്നാലെ മറ്റൊരു താരത്തെയും ടീമിലെത്തിച്ച് ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സ് (ജി.ടി) താരമായ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഷെര്‍ഫേന്‍ റുഥര്‍ഫോര്‍ഡാണ് മുന്‍ ചാമ്പ്യന്മാരുടെ ഭാഗമായത്. 2020 സീസണില്‍ ടീമിന്റെ ഭാഗമായിരുന്ന താരത്തിന് ഇത് ഹോം കമിങ് കൂടിയാണ്.

കഴിഞ്ഞ സീസണിലാണ് റുഥര്‍ഫോര്‍ഡ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായത്. 2025ല്‍ ജി.ടി താരത്തെ 2.6 ടീമില്‍ എത്തിച്ചത് കോടി രൂപക്കായിരുന്നു. ഇപ്പോള്‍ ഇതേ തുകയ്ക്ക് തന്നെയാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ മുംബൈയിയിലേക്കും ചേക്കേറുന്നത്.

ഐ.പി.എല്ലില്‍ മുംബൈക്കും ഗുജറാത്തിനും പുറമെ, മൂന്ന് ടീമുകളില്‍ കൂടി കളിച്ചിട്ടുള്ള താരമാണ് റുഥര്‍ഫോര്‍ഡ്. ദല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ക്കൊപ്പമാണ് താരം ടൂര്‍ണമെന്റില്‍ കളിച്ചത്. മുംബൈക്കൊപ്പവും കൊല്‍ക്കത്തക്കൊപ്പവും താരത്തിന് ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

ടൂര്‍ണമെന്റില്‍ താരം 24 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളില്‍ നിന്ന് 397 റണ്‍സും ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. താരം നേടിയ റണ്‍സില്‍ 291 റണ്‍സും കഴിഞ്ഞ സീസണില്‍ 291 റണ്‍സും ജി.ടിക്കൊപ്പം നേടിയതാണ്.

ഐ.പി.എല്ലില്‍ കൂടാതെ, റുഥര്‍ഫോര്‍ഡ് വിന്‍ഡീസിനായി അന്താരാഷ്ട്ര ടി – 20യില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം കൂടിയാണ്. 27 കാരനായ താരം 44 മത്സരങ്ങളില്‍ നിന്ന് 588 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഒപ്പം, ടി – 20യിലെ ഏറ്റവും ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടിനുള്ള റെക്കോഡും താരത്തിന്റെ അക്കൗണ്ടിലാണ്. ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ ആന്ദ്രേ റസലുമായി 139 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇടം കൈയ്യന്‍ ബാറ്റര്‍ പടുത്തുയര്‍ത്തിയത്.

അതേസമയം, ഐ.പി.എല്‍ 2026ന് മുന്നോടിയായി ഇത് രണ്ടാമത്തെ താരത്തെയാണ് മുംബൈ ട്രേഡിലൂടെ സ്വന്തം തട്ടകത്തിലെത്തിച്ചത്. നേരത്തെ, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് താരവും രഞ്ജി ട്രോഫിയിലെ മുംബൈ ക്യാപ്റ്റനുമായ ഷര്‍ദുല്‍ താക്കൂറിനെ ടീമിച്ചെത്തിച്ചിരുന്നു. 2 കോടി രൂപയ്ക്കാണ് താരം മുംബൈയുടെ ഭാഗമായത്.

Content Highlight: Mumbai Indians acquire Sherfane Rutherford from Gujarat Titans ahead of IPL 2026 after Shardul Thakur