കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍, പ്രത്യേകിച്ചും മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലെ രോഹിത് ശര്‍മയും ഒരു കുട്ടി ആരാധകനും തമ്മിലുള്ള രസകരമായ നിമിഷമാണ് വീഡിയോയിലുള്ളത്.
ചടങ്ങിനിടെ രോഹിത് ശര്‍മയുടെ അടുത്തേയ്ക്ക് ഓട്ടോഗ്രാഫിനായി ഒരു കൊച്ചുകുട്ടി എത്തുകയും രോഹിത് അവന്റെ ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കുകയുമായിരുന്നു. ശേഷം രോഹിത് അവന് ഫിസ്റ്റ് ബംപ് നല്‍കാനും തയ്യാറായി.
എന്നാല്‍ ഓട്ടോഗ്രാഫ് ലഭിച്ച സന്തോഷത്തില്‍ ആരാധകന്‍ ഇതൊന്നും ശ്രദ്ധിക്കാതെ തിരിഞ്ഞോടുകയായിരന്നു. സംഭവിച്ചതെന്തെന്ന് മനസിലാകാത്ത രോഹിത് ശര്‍മയുടെ മുഖഭാവവും ഏറെ രസകരമായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന ആള്‍ രോഹിത്തിന് ഫിസ്റ്റ് ബംപ് നല്‍കുകയും ഇരുവരും പൊട്ടിച്ചിരിക്കുകയുമായിരുന്നു.
എന്നാല്‍ ഈ സംഭവമെല്ലാം കണ്ട കുട്ടിയുടെ കുടുംബം വീണ്ടും രോഹിത്തിന്റെ പക്കലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. അവന്‍ വീണ്ടും രോഹിത്തിന്റെ അടുത്തെത്തി ഫിസ്റ്റ് ബംപ് നല്‍കുകയായിരുന്നു.
മലയാളികള്‍ക്കിടയില്‍ ഈയിടെ ചര്‍ച്ചയായ ബേസില്‍ യൂണിവേഴ്‌സിലേക്കാണ് ആരാധകര്‍ ഈ സംഭവം ചേര്‍ത്തുവെക്കുന്നത്.
നേരത്തെ കേരള സൂപ്പര്‍ ലീഗ് ഫൈനലിന്റെ സമ്മാനദാന ചടങ്ങില്‍ പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ചുനില്‍ക്കുന്ന സമയത്ത് ഒരു കളിക്കാരന്‍ പൃഥ്വിരാജിന് മാത്രം കൈകൊടുത്ത് പോയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു.
മുമ്പ് മരണമാസ് എന്ന ചിത്രത്തിന്റെ പൂജയുടെ സമയത്ത് ടൊവിനോക്ക് ഇത്തരത്തില്‍ അബദ്ധം പറ്റിയപ്പോള്‍ ബേസില്‍ അതിനെ ട്രോളിയതുമായി ബന്ധപ്പെട്ടാണ് സംഭവം ചര്‍ച്ചയായത്.
പിന്നാലെ നടന്മാരായ മമ്മൂട്ടി. സൂരജ് വെഞ്ഞാറമൂട് എന്നിവര്‍ക്കും ഇത്തരത്തില്‍ അബദ്ധം പറ്റിയിരുന്നു.
ഈ ലിസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഇടം നേടിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിനിടെയാണ് ശിവന്‍കുട്ടിക്ക് അമളി പറ്റിയത്. സമ്മേളനത്തില്‍ അതിഥിയായെത്തിയ നടന്‍ ആസിഫ് അലിക്ക് കൈകൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മന്ത്രിക്ക് അമളി പറ്റിയത്. ആസിഫ് അലി മന്ത്രിയെ ശ്രദ്ധിക്കാതെ കടന്നുപോകുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ മന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘ഞാനും പെട്ടു’ എന്ന വാചകത്തോടെയാണ് വി. ശിവന്‍കുട്ടി വീഡിയോ പങ്കുവെച്ചത്.