നിലവിൽ ലോകത്തെ ഏറ്റവും ശക്തമായ രാജ്യം യു.എസ് ആണെന്നും, ഭാവിയിൽ ലോകം യു.എസിനും ചൈനയ്ക്കും ഇടയിലുള്ള രണ്ട് ധ്രുവങ്ങളായി മാറുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകസമാധാനത്തിനും വികസനത്തിനും മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ഒരു രാജ്യം മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന രീതി അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യൂറോപ്യൻ കരാർ കൂടാതെ, യൂറോപ്യൻ-മെർകോസൂർ, യൂറോപ്യൻ-ഇന്തോനേഷ്യ, കാനഡ-ചൈന, യു.കെ-ചൈന തുടങ്ങിയ വ്യാപാര കരാറുകളെയും അദ്ദേഹം സ്വാഗതം ചെയ്തു.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര-സാങ്കേതിക ശൃംഖലകൾ ബഹുധ്രുവ ലോകം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസയിലെ സമാധാനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ (Board of Peace) യു.എൻ സുരക്ഷാ സമിതിക്ക് പകരമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര സമാധാനത്തിന് നിയമപരമായ അധികാരം സുരക്ഷാ സമിതിക്കാണെന്നും, എന്നാൽ സമിതി കൂടുതൽ ഫലപ്രദമാകാൻ അതിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ബില്യൺ ജനസംഖ്യയുള്ള ഒരു വലിയ വിപണി ലക്ഷ്യമിട്ടാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ഈ കരാറിൽ ഒപ്പുവെച്ചത്. ജനുവരി 27നായിരുന്നു ഇന്ത്യയും യൂറോപ്യൻ യൂണിയനും കരാറിൽ ഒപ്പുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ ചേർന്നാണ് ഈ അഞ്ച് വർഷത്തെ പദ്ധതിക്ക് രൂപം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
വ്യാപാരം, പ്രതിരോധം, സുരക്ഷാ സഹകരണം, ഇന്ത്യൻ പ്രതിഭകൾക്ക് യൂറോപ്പിലേക്കുള്ള കുടിയേറ്റം സുഗമമാക്കൽ എന്നിവയാണ് ഈ കരാറിലെ പ്രധാന കാര്യങ്ങൾ.
Content Highlight: Multipolar world should be supported; Guterres praises India-Europe trade deal