'രാഷ്ട്രീയത്തിലെ വിജയ് പി നായരാണ് വെര്‍ബല്‍ റേപ്പിസ്റ്റായ മുല്ലപ്പള്ളി രാമചന്ദ്രന്‍' സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു
Kerala News
'രാഷ്ട്രീയത്തിലെ വിജയ് പി നായരാണ് വെര്‍ബല്‍ റേപ്പിസ്റ്റായ മുല്ലപ്പള്ളി രാമചന്ദ്രന്‍' സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു
അന്ന കീർത്തി ജോർജ്
Sunday, 1st November 2020, 8:53 pm

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയരുന്നു. സോളാര്‍ കേസില്‍ ലൈംഗിക പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ മുല്ലപ്പള്ളി നടത്തിയ പ്രസ്താവനയാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. ആത്മാഭിമാനമുണ്ടെങ്കില്‍ ബലാത്സംഗത്തിനിരയായ സ്ത്രീ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ ആവര്‍ത്തിക്കാതെ നോക്കും എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.

കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരപ്പന്തലിലായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. സോളാര്‍ കേസ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ യു.ഡി.എഫിനെതിരെ നീങ്ങുന്നു എന്നാരോപിച്ചായിരുന്നു മുല്ലപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്.

സോളാര്‍ കേസ് പരാതിക്കാരിയെ യു.ഡി.എഫിനെതിരെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ശേഷമായിരുന്നു മുല്ലപ്പള്ളി സോളാര്‍ കേസില്‍ പരാതി നല്‍കിയ സ്ത്രീയെ കടന്നാക്രമിച്ചത്.

‘ആരെയാണിവര്‍ കൊണ്ടു വരാന്‍ പോകുന്നത്. ഓരോ ദിവസവും ഉറങ്ങിയെണീക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു എന്ന് പറയുകയാണ്. ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ചൊരുക്കിക്കൊണ്ട് തിരശ്ശീലക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെകൊണ്ടു വന്ന് കഥ പറയിക്കാമെന്നാണ് ആഗ്രഹമെങ്കില്‍ നടക്കില്ല. അത് കേരളം കേട്ട് മടുത്തതാണ്.

നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാണ് ഒരു സ്ത്രീ രംഗത്ത് വന്നിരിക്കുന്നത്. ഒരു സ്ത്രീ ഒരു തവണ പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പിന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒരിക്കല്‍ ബലാത്സംഗത്തിനിരയായാല്‍ ഒന്നുകില്‍ മരിക്കും, അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതെ നോക്കും.’ മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുടെ ഈ പ്രസ്താവനക്കെതിരെ പ്രതികരിച്ചുകൊണ്ട് ഭരണപ്രതിപക്ഷ രംഗത്തെ നിരവധി വനിതാനേതാക്കള്‍ രംഗത്തെത്തി. വാക്കുകള്‍ ശ്രദ്ധിച്ചു തന്നെ ഉപയോഗപ്പെടുത്തണമെന്നും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.

‘ഒരു കാരണവശാലും അത്തരം വാക്കുകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. വധശിക്ഷ പ്രതീക്ഷിച്ച് കഴിയുന്ന ഒരു സ്ത്രീയാണെങ്കില്‍കൂടി അവളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രസ്താവനയും വാക്കും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല, എന്നതാണ് എന്റെ പക്ഷം,’ ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. വിഷയത്തില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ സ്വമേധയാ കേസെടുത്തുതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രസ്താവന വിവാദമായതോടെ അതേ വേദിയില്‍ വെച്ചുതന്നെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. താന്‍ പറഞ്ഞത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ഖേദം പ്രകടിപ്പിച്ച ശേഷവും ഇത് വിവാദമാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഖേദം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമായില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാഗത്തുനിന്നും ഇടക്കിടെ ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നുവെന്നും അത് അപലപനീയമാണെന്നുമാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചത്. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്തുവന്നതെന്നും ബലാത്സംഗം മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നും അതിന്റെ കുറ്റം സ്ത്രീകള്‍ക്കല്ലെന്നും കെ.കെ ശൈലജ പറഞ്ഞു.

‘മനുഷ്യസമൂഹത്തിലെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ കൃത്യമാണ് ബലാത്സംഗം. സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുക, മനസ്സിനെ ആക്രമിക്കുക ഇതെല്ലാം അതീവ നീചമായ കുറ്റകൃത്യമാണ്. ആ കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീകള്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന രീതിയിലുള്ള പരാമര്‍ശം ഈ സമൂഹത്തിന് അപമാനകരമാണ്.

ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനും മറ്റേതൊരു കുറ്റകൃത്യത്തേക്കാളും നീചമായ അക്രമം നടത്തിയയാളെ ശിക്ഷിക്കാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ ഇവിടെ ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അല്ലെങ്കില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പറയുന്നു. എങ്ങനെയാണ് അത് പറയാന്‍ സാധിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകള്‍ ശ്രദ്ധിക്കാത്തതുകൊണ്ടല്ല, അത് സമൂഹത്തിന്റെ ആധിപത്യ മനോഭാവമാണ്. ഇതിനെ എതിര്‍ക്കുന്നവരാണ് ഇവിടെയുള്ള സ്ത്രീകളും പുരുഷന്മാരുമെല്ലാമടങ്ങുന്ന സമൂഹം.

എതിര്‍ക്കേണ്ടുന്ന അത്തരം കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പറയേണ്ട ഉന്നത രാഷ്ട്രീയ നേതൃത്വം തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് സമൂഹത്തിന് അപകടകരമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധമുയരണം.’ കെ.കെ ശൈലജ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും മുല്ലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. രാഷ്ട്രീയത്തിലെ വിജയ് പി നായരാണ് വെര്‍ബല്‍ റേപ്പിസ്റ്റായ മുല്ലപ്പള്ളി രാമചന്ദ്രനെന്ന് ജെ. ദേവിക ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ആത്മാഭിമാനമുള്ളവര്‍ ഇങ്ങനെ നിരന്തരം ഖേദം പ്രകടിപ്പിക്കാറില്ല, പ്രവര്‍ത്തിക്കാറേ ഉള്ളൂ എന്ന് ആരെങ്കിലുമൊന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞുകൊടുക്കണം. ഇങ്ങനെ സംസാരിക്കുന്നതിനാണ് വെര്‍ബല്‍ റേപ്പ് എന്ന് പറയുന്നതെന്ന് ഈ മനുഷ്യനോട് ഒന്നു പറയണം. ആത്മാഭിമാനം ഉള്ള ഒരുത്തനാണെങ്കില്‍ ഇങ്ങനെ നിരന്തരം വെര്‍ബല്‍ റേപ്പ് നടത്തി പിന്നെ ഖേദം ഖേദം എന്ന് പറഞ്ഞുനടക്കില്ല. ആദ്യമായിട്ടല്ല മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്.

സ്ത്രീകളെ വെര്‍ബല്‍ റേപ്പ് നടത്താന്‍ പ്രവണതയുള്ള ആളാണ് മുല്ലപ്പള്ളിയെന്നാണ് ഇതുവരെയുള്ള പ്രസ്താവനകളില്‍ നിന്നും മനസ്സിലാകുന്നത്. വെര്‍ബല്‍ റേപ്പിനുള്ള പരിഹാരം ഖേദം പ്രകടിപ്പിക്കലല്ല, ഇയാള്‍ക്കെതിരെ നിയമപരമായ നടപടിയുണ്ടാകണം. സ്ത്രീകളെപ്പറ്റി ആര്‍ക്കും എന്തും പറയാം. ഒരു നടപടിയുമുണ്ടാകില്ല എന്ന അവസ്ഥ വന്നതുകൊണ്ടാണ് ഏതാനും സ്ത്രീകള്‍ക്ക് പോയി വിജയ് പി നായരെ അടിക്കേണ്ട അവസ്ഥ ഉണ്ടായത്. ആ അവസ്ഥ വീണ്ടും വീണ്ടും കേരളത്തില്‍ സൃഷ്ടിക്കരുത്. രാഷ്ട്രീയത്തിലെ വിജയ് പി നായരാകാനുള്ള പാതയിലാണ് മുല്ലപ്പള്ളി. ‘ ജെ. ദേവിക പറഞ്ഞു.

നേരത്തെയും മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ നിപാ രാജകുമാരി, കൊവിഡ് റാണി എന്ന് വിളിച്ച് അധിക്ഷേപിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

‘കോഴിക്കോട്ട് നിപാ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രി. നിപാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നത്.’ എന്നായിരുന്നു മുല്ലപ്പള്ളിയുടെ അന്നത്തെ പ്രസ്താവന.

പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ ദ ഗാര്‍ഡിയന്‍, റോക്ക് സ്റ്റാര്‍ എന്ന് മന്ത്രിയെ അഭിസംബോധന ചെയ്തല്ലോ എന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. ലണ്ടന്‍ ഗാര്‍ഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

പരമാര്‍ശത്തില്‍ മാപ്പ് പറയുന്നോ എന്ന ചോദ്യത്തിന് ‘മീ… അപ്പോളജി നത്തിങ്ങ് ഡൂയിങ്ങ്’ എന്നു പറഞ്ഞുകൊണ്ട് പ്രസ്താവന പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്ന ആളേ അല്ല താനെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയരംഗത്ത് നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ഈ സംഭവം വഴിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ രൂക്ഷമായ സ്ത്രീവിരുദ്ധ – വെര്‍ബല്‍ റേപ്പ് പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത് വലിയ വിമര്‍ശനത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally Ramachandran’s anti-women remark sparks protest

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.