കോഴിക്കോട്: സംസ്ഥാന പൊലീസ് മേധാവി എസ് ശ്രീജിത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശ്രീജിത്ത് മുമ്പ് നടത്തിയ ‘തറവാട്’ പരാമര്‍ശത്തിലാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. ശ്രീജിത്തിന്റേത് വംശീയത ആളിക്കത്തിക്കുന്ന, വിഷം ചീറ്റുന്ന പ്രസംഗമാണെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
ശ്രീജിത്തിന്റേത് ജാത്യാഭിമാന പ്രസംഗമായിരുന്നു. അതിനെതിരെ രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക നേതാക്കളില്‍ നിന്ന് വിമര്‍ശനമോ പ്രതിഷേധമോ ഉയര്‍ന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീജിത്ത് തന്റെ പരാമര്‍ശങ്ങളില്‍ പശ്ചാത്തപിക്കണമെന്നും പറഞ്ഞത് തെറ്റാണെന്ന് പറയാനെങ്കിലും തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
‘അദ്ദേഹം നടത്തിയ വംശീയത ആളിക്കത്തുന്ന വിഷം ചീറ്റുന്ന ഒരു പ്രസംഗമുണ്ട്. യു.പി.എസ്.സി പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികള്‍. അവര്‍ക്ക് ക്ലാസ് എടുത്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണമാണ്. ഭ്രാന്തമായ അലര്‍ച്ചയായിരുന്നു അതെന്ന് എനിക്ക് കാണാന്‍ സാധിച്ചു. ഭ്രാന്തമായ അതര്‍ച്ചയായിരുന്നു അദ്ദേഹം നടത്തിയത്. ജാത്യാഭിമാന പ്രസംഗമാണ് അത്. രാഷ്ട്രീയ നേതൃത്വം അത് കേട്ടില്ല. സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ അത് കണ്ടില്ല.
ഇത്തരം ഉദ്യോഗസ്ഥരുടെ ക്രെഡന്‍ഡഷ്യല്‍ പരിശോധിക്കണം. ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കണം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പശ്ചാത്തപിക്കണം. താന്‍ പറഞ്ഞത് തെറ്റാണെന്നെങ്കിലും അദ്ദേഹം പറയാന്‍ തയ്യാറാകണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്,’ മുല്ലപ്പള്ളി പറഞ്ഞു.
അയ്യങ്കാളി അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ദളിത് കോണ്‍ഗ്രസ് കോഴിക്കോട് നടത്തിയ പരിപാടിയിലാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. 2023ല്‍ സിവില്‍ സര്‍വീസ് പരിശീലന ക്ലാസില്‍ ശ്രീജിത്ത് നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ചാണ് മുല്ലപ്പള്ളി പ്രസംഗത്തില്‍ സൂചിപ്പിച്ചത്.
കേരളത്തിലെ പ്രബല സമുദായം നായന്‍മാരാണെന്നും മറ്റ് സമുദായങ്ങള്‍ അവരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നുവെന്നുമാണ് അന്ന് ശ്രീജിത്ത് പറഞ്ഞത്. യു.പി.എസ്.സി കേരളയുടെ യൂ ട്യൂബ് ചാനലില്‍ ഈ വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോ പുറത്ത് വന്നതോടെ അന്ന് ശ്രീജിത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
മുസ്‌ലിങ്ങള്‍ക്ക് എവിടെയാണ് തറവാട് എന്നും തറവാട് എന്നത് നായര്‍ കണ്‍സപ്റ്റ് ആണ് എന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. ‘തറവാട് എന്ന വാക്ക് നായരുടെ വാക്കാണ്. ഇവിടെ ഉള്ള എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും. നമ്പൂതിരിയാണ് ഡൊമിനന്റ് കാസ്റ്റ് എങ്കില്‍ നമ്മള്‍ ഇല്ലം അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും ഈഴവന്‍മാരും തറവാട് എന്ന് പറയും,’ എന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.
ശ്രീജിത്ത് എ.ഡി.ജി.പി ആയിരിക്കവെ ആയിരുന്നു പരാമര്‍ശം. ഈ വര്‍ഷമാണ് സംസ്ഥാന ഡി.ജി.പി.യായി ശ്രീജിത്തിനെ നിയമിച്ചത്. ശ്രീജിത്തിനെ ഡി.ജി.പിയായി നിയമിച്ച ശേഷം ഈ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.