സീരിയലില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് മുകുന്ദന്‍. ജോഷി സംവിധാനം ചെയ്ത സൈന്യത്തിലൂടെയാണ് മുകുന്ദന്‍ സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ മുകുന്ദന്‍ അവതരിപ്പിച്ചു. ദൂരദര്‍ശനിലെ ഏറ്റവും ജനപ്രിയ സീരിയലുകളില്‍ ഒന്നായ ജ്വാലയായില്‍ നായകനായി വേഷമിട്ടത് മുകുന്ദനായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകനായും മുകുന്ദന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തമിഴ് താരം വിക്രമിനെക്കുറിച്ച് സംസാരിക്കുകയാണ് മുകുന്ദന്‍. സൈന്യം എന്ന സിനിമ ചെയ്യുന്ന സമയത്ത് താനും വിക്രമുമെല്ലാം തുടക്കക്കാരായിരുന്നെന്ന് മുകുന്ദന്‍ പറയുന്നു. അന്ന് സെറ്റില്‍ തന്റെ ഏറ്റവുമടുത്ത സുഹൃത്ത് വിക്രം ആയിരുന്നെന്നും ഷൂട്ടില്ലാത്ത സമയത്ത് തങ്ങള്‍ ഒരുമിച്ചായിരുന്നു ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്ന് വിക്രം ചെറിയൊരു ആര്‍ട്ടിസ്റ്റായിരുന്നെന്നും എന്നാലും എല്ലാ കാര്യത്തിലും ഡിസിപ്ലിനുണ്ടായിരുന്നെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. സൈന്യത്തിന് ശേഷം താന്‍ വിക്രമിനെ കണ്ടത് അന്യന്‍ സിനിമയുടെ സക്‌സസ് സെലിബ്രേഷന്റെ സമയത്തായിരുന്നെന്നും തന്നെ കണ്ടതും ഓടിവന്ന് കെട്ടിപ്പിടിച്ചെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു മുകുന്ദന്‍.
‘സൈന്യം ചെയ്യുന്ന സമയത്ത് ഞാനും വിക്രമും ഒക്കെ പുതിയ ആളുകളായിരുന്നു. സെറ്റില്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്ത് വിക്രമായിരുന്നു. അന്ന് അദ്ദേഹം ഒന്നുമല്ലായിരുന്നു. എന്നാലും എല്ലാ കാര്യത്തിലും നല്ല ഡിസിപ്ലിനുള്ള ആളായിരുന്നു വിക്രം. ഷൂട്ടില്ലാത്ത സമയത്ത് ഞാനും വിക്രമും ഒരുമിച്ചായിരുന്നു ഇരിക്കാറുണ്ടായിരുന്നത്.
ജോഷി സാര്‍ വഴക്ക് പറയുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ, എന്റെ കൂടെ വിക്രം ഉണ്ടായിരുന്നത് ഒരു ധൈര്യം തന്നു. സൈന്യത്തിന് ശേഷം ഞാന്‍ വിക്രമിനെ കാണുന്നത് അന്യന്‍ സിനിമയുടെ സക്‌സസ് സെലിബ്രേഷനിലാണ്. കേരളത്തില്‍ വിക്രം വന്നപ്പോള്‍ ഞങ്ങളെല്ലാം ആ പരിപാടിക്ക് പോയി. എന്നെ കണ്ടതും അദ്ദേഹം ഓടിവന്ന് കെട്ടിപ്പിടിച്ചു.
അന്ന് ഒരുപാട് നേരം ഞങ്ങള്‍ സംസാരിച്ചു. ആ സമയത്തൊക്കെ എന്നോട് കൂടുതലായി ചോദിച്ചത് എന്റെ ഫാമിലി ലൈഫിനെക്കുറിച്ചാണ്. സിനിമയുണ്ടോ, ചാന്‍സ് കിട്ടാറുണ്ടോ എന്നൊന്നും ചോദിച്ചതേയില്ല. അതൊന്നും അറിയേണ്ട ആവശ്യം വിക്രമിനില്ല. സൂപ്പര്‍സ്റ്റാറായിട്ടും അദ്ദേഹം പഴയതൊന്നും മറന്നിട്ടില്ല എന്നത് സന്തോഷം തന്നു,’ മുകുന്ദന്‍ പറഞ്ഞു.
Content Highlight: Mukundan about his friendship with Chiyaan Vikram