| Monday, 1st July 2024, 5:58 pm

അന്ന് ആ സീന്‍ ചെയ്യില്ലെന്ന് സലിംകുമാര്‍ വാശിപിടിച്ചു; പിന്നെ നടന്നത് ചരിത്രം: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് സലിംകുമാര്‍. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച താരമാണ് അദ്ദേഹം. സലിംകുമാര്‍ തനിക്കൊപ്പം ‘മന്നാടിയാര്‍പെണ്ണിന് ചെങ്കോട്ടചെക്കന്‍’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ് മുകേഷ്. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സലിംകുമാര്‍ മന്നാടിയാര്‍പെണ്ണിന് ചെങ്കോട്ടചെക്കന്‍ എന്ന സിനിമയില്‍ ഒരു വൈദ്യരായിട്ടാണ് അഭിനയിക്കുന്നത്. മന്നാടിയാര്‍ കുടുംബത്തെ ചികിത്സിക്കുന്ന ആളാണ് അയാള്‍. അന്ന് ഒരു ദിവസം ഞാന്‍ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ലൊക്കേഷനിലേക്ക് ചെന്നു. അവിടെ അപ്പോള്‍ എന്നെയും കാത്ത് സലിംകുമാര്‍ നില്‍ക്കുകയായിരുന്നു. എന്നെ കണ്ടതും അവന്‍ എന്റെ അടുത്തേക്ക് വന്നിട്ട് ആള്‍ക്ക് എന്തോയൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ നമ്മുക്ക് ഇവിടുന്ന് മാറി നിന്ന് സംസാരിക്കാമെന്ന് പറഞ്ഞ് എന്നെയും കൊണ്ട് ഒരല്‍പ്പം മാറി നിന്നു.

അവിടുന്ന് ഞാന്‍ കാര്യം ചോദിച്ചപ്പോള്‍, ‘അവര്‍ ഇന്ന് ഷൂട്ട് ചെയ്യാനുള്ള സീന്‍ കൊണ്ടുവന്നു തന്നു. ആ സീന്‍ ഒരു ഷോട്ടില്‍ എടുക്കണമെന്നാണ് പറയുന്നത്. എങ്കിലേ ആ ഹ്യൂമര്‍ വര്‍ക്ക് ആകുകയുള്ളുവത്രേ’ എന്നായിരുന്നു സലിംകുമാര്‍ പറഞ്ഞത്. അതില്‍ എന്താണ് പ്രശ്നമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘മുകേഷേട്ടനും ഞാനും തമ്മിലുള്ള സീന്‍ ആണ്. എനിക്ക് ആ സീനില്‍ ഒരുപാട് ഡയലോഗുകളുണ്ട്’ എന്ന് അവന്‍ സങ്കടത്തോടെ പറഞ്ഞു. എനിക്ക് അപ്പോഴും എന്താണ് പ്രശ്‌നമെന്ന് മനസിലായിരുന്നില്ല.

വീണ്ടും പ്രശ്നം ചോദിച്ചപ്പോള്‍ സലിംകുമാര്‍ പറഞ്ഞത്, ‘എനിക്ക് അതൊന്നും പറ്റില്ല. ഞാന്‍ അതൊക്കെ തെറ്റിക്കും, പിന്നെ കുഴപ്പമാകും. ചെറിയ ഡയലോഗും ചെറിയ റോളും മാത്രമേ എനിക്ക് പറ്റുകയുള്ളൂ. മുകേഷേട്ടന്‍ അതൊന്ന് പറഞ്ഞ് മനസിലാക്കണം. ഈ സീന്‍ ഇങ്ങനെയെടുത്താല്‍ എല്ലാവര്‍ക്കും കുഴപ്പമാകും. അവസാനം രാവിലെ മുതല്‍ രാത്രി വരെ ഈ സീന്‍ തന്നെ എടുക്കേണ്ടി വരും’ എന്നായിരുന്നു. ഉടനെ തനിക്ക് പറ്റില്ലെന്ന് ആരാണ് പറഞ്ഞതെന്ന് ഞാന്‍ തിരികെ ചോദിച്ചു. നിനക്കേ പറ്റുള്ളൂവെന്നും, നീ മിമിക്രിയൊക്കെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ലേയെന്നുമൊക്കെ ചോദിച്ചു.

ടി.വിയില്‍ മറ്റുള്ളവരുടെ രൂപത്തിലും ഭാവത്തിലും വന്ന് നോണ്‍സ്റ്റോപ്പായി ചെയ്യുന്നതല്ലേ എന്നൊക്കെ ചോദിച്ച് കുറേസമയം ബോധവല്‍ക്കരണം നടത്തി. ഇനി ആ സീന്‍ ചെയ്യാന്‍ പറ്റിയില്ലേല്‍ നമുക്ക് അപ്പോള്‍ നോക്കാമെന്നും ഇല്ലേല്‍ നമുക്ക് പഠിക്കാമെന്നുമൊക്കെ പറഞ്ഞ് അവനെയും കൊണ്ട് സീനെടുക്കാന്‍ പോയി. അന്ന് ഫസ്റ്റ് ടേക്കില്‍ തന്നെ ആ സീന്‍ ഓക്കേയായിരുന്നു. അന്ന് സലിംകുമാര്‍ എന്റെ അടുത്തേക്ക് വന്നു സംസാരിച്ചു. ചേട്ടന്‍ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ താന്‍ ഒരിക്കലും അത്ര വലിയ റോള്‍ ചെയ്യില്ലായിരുന്നു എന്നാണ് പറഞ്ഞത്. ആ ആളാണ് പിന്നീട് ഇന്ത്യയിലെ ബെസ്റ്റ് ആക്ടറായി മാറിയത്,’ മുകേഷ് പറഞ്ഞു.


Content Highlight: Mukesh Talks About Salimkumar

Latest Stories

We use cookies to give you the best possible experience. Learn more