മലയാളികൾ ഒരിക്കലും മറക്കാത്ത ക്ലാസിക് സിനിമകളെക്കുറിച്ച് പറയുമ്പോൾ മുൻപന്തിയിൽ തന്നെ ഇടംപിടിക്കുന്നത് സിദ്ദിക്ക്-ലാൽ കൂട്ടുകെട്ടിന്റെ റാംജിറാവ് സ്‌പീക്കിങ്, ഇൻ ഹരിഹർ നഗർ പോലുള്ള ചിത്രങ്ങളാണ്.
ഒരു കാലത്ത് മലയാള സിനിമയെ പുതിയ തലത്തിലേക്ക് ഉയർത്തിയ ഈ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിൽ അതേ സ്നേഹത്തോടെ നിലകൊള്ളുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും ഇവയ്ക്കുള്ള ആരാധക പിന്തുണയിൽ യാതൊരു കുറവും വന്നിട്ടില്ല. ഇപ്പോഴിതാ, ആ കാലഘട്ടത്തിലെ ചില അന്ധവിശ്വാസങ്ങളെയും സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങളെയും കുറിച്ച് തുറന്നു പറയുകയാണ് നടൻ മുകേഷ്
റാംജിറാവ് സ്‌പീക്കിങ് ഹിറ്റായതിന് പിന്നിൽ ‘മൂങ്ങ പറന്നുവന്നത്’ കാരണമെന്ന വിശ്വാസം സിനിമാ ലോകത്ത് ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
‘റാംജിറാവിന്റെ ഷൂട്ടിങ് സമയത്ത് ഒരു രസകരമായ സംഭവമുണ്ടായി. ഒരു ഷോട്ടിനിടെ അപ്രതീക്ഷിതമായി ഒരു മൂങ്ങ ഫ്രെയിമിൽ എത്തിയിരുന്നു. സിദ്ധിക്ക് ലാലിന് ‘കട്ട്’ പറഞ്ഞ് അതിനെ ഓടിക്കണമെന്നുണ്ടെങ്കിലും, മൂങ്ങ യാതൊരു ശല്യവും ഉണ്ടാക്കാത്തതിനാൽ ഷോട്ട് അതേപടി പൂർത്തിയാക്കുകയായിരുന്നു. എന്നാൽ പ്രേക്ഷകരുടെ ശ്രദ്ധ അതിലേക്കു തിരിയുമോ എന്ന ആശങ്കയും ടീമിനുണ്ടായിരുന്നു.
ആദ്യം വെറും രണ്ടു ആഴ്ച മാത്രം പ്രദർശിപ്പിക്കാനായിരുന്നു സിനിമയുടെ പദ്ധതി. ഓണത്തിന് മുന്നോടിയായി ചിത്രം റിലീസ് ചെയ്ത്, ഓണ സമയം വലിയ സിനിമകൾക്ക് വഴി വിടുക എന്നതായിരുന്നു തീരുമാനം.
ഇതിനായി പല തിയേറ്ററുകളുമായും കരാറുകളും ഉണ്ടായിരുന്നു. പക്ഷേ ചിത്രം അപ്രതീക്ഷിതമായി വൻ വിജയമായി മാറി. സൂപ്പർഹിറ്റായി മാറിയ ‘റാംജിറാവ്’ 150 ദിവസത്തോളം ഓടിയപ്പോൾ, ആ മൂങ്ങയെ സിനിമയുടെ ഭാഗ്യമെന്ന രീതിയിൽ എല്ലാവരും വിലയിരുത്താൻ തുടങ്ങി.
അതിന്റെ പിന്നാലെ മലയാള സിനിമയിൽ ‘മൂങ്ങ’ ഒരു ട്രെൻഡായി മാറി. കഥയുമായി ബന്ധമില്ലാത്തിടത്തും പോലും മൂങ്ങയെ ഉൾപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായി. അത്തരമൊരു സാഹചര്യത്തിലാണ് ‘ഇൻ ഹരിഹർ നഗർ’യുടെ ഷൂട്ടിങ് ആരംഭിച്ചത്.
ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ, കാറിടിച്ച് ഒരു മൂങ്ങ മരിച്ചതോടെ എല്ലാവരും ഞെട്ടിപ്പോയി. ആ സമയത്ത് മൂങ്ങയെ ഭാഗ്യത്തിന്റെ പ്രതീകമായി കണക്കിയതാൽ ഇത് സിനിമയെ ബാധിക്കുമോയെന്ന് എല്ലാവർക്കും ഭയമായി .
എന്നാൽ പിന്നീട് ഇൻ ഹരിഹർ നഗറും സൂപ്പർഹിറ്റായപ്പോൾ, എല്ലാവർക്കും ഒരു കാര്യം വ്യക്തമായി ഒരു സിനിമയുടെ വിജയം നിർണയിക്കുന്നത് ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളോ മൂങ്ങയോ അല്ല കഥയും അവതരണവും അഭിനയവുമാണ് ഏറ്റവും പ്രധാനമെന്ന്,’ മുകേഷ് പറഞ്ഞു.
Content Highlight: Mukesh talk about the movie Ramjirav speaking
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.