ഓര്‍മകളെ പോരാട്ടമാക്കുന്ന ഫലസ്തീന്‍ സിനിമകള്‍
DISCOURSE
ഓര്‍മകളെ പോരാട്ടമാക്കുന്ന ഫലസ്തീന്‍ സിനിമകള്‍
മുജീബ് റഹ്മാന്‍ കിനാലൂര്‍
Monday, 13th October 2025, 5:02 pm
ഫലസ്തീന്‍ സിനിമ അതിന്റെ ദുരിതങ്ങളെ മറക്കാനുള്ള മരുന്നല്ല, മറിച്ച് ഓര്‍മകളുടെ അഗ്‌നി ആളിക്കത്തിക്കുന്ന ഒരു വിളക്കാണ്. ഓരോ ഫ്രെയിമിലും, ഓരോ കഥാപാത്രത്തിലൂടെയും അത് ഞങ്ങള്‍ നിലനില്‍ക്കുന്നു, ഞങ്ങള്‍ നീതി അര്‍ഹിക്കുന്നു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് കൊണ്ടേയിരിക്കുന്നു | മുജീബ് റഹ്‌മാന്‍ കിനാലൂർ എഴുതുന്നു

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരിക്കുന്നു. ഗസയിലും വെസ്റ്റ് ബാങ്കിലും മാത്രമല്ല ലോകത്തുടനീളം ഫലസ്തീനികളും ലോക സമൂഹവും വെടിനിര്‍ത്തലില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകമെങ്ങും ഇസ്രഈല്‍ വിരുദ്ധ വികാരം ആഞ്ഞടിച്ചത് നാം കണ്ടു. നിരപരാധികളും നിസ്സഹായരുമായ ഫലസ്തീനിലെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ജനതയോട് ലോകം ശക്തമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നാം കാണുകയുണ്ടായി.

ഫലസ്തീന്‍ ലോകമനസാക്ഷിക്ക് മുന്നില്‍ ഒരു നീറുന്ന പ്രശ്നമാക്കി നിലനിര്‍ത്താനും അതിന്റെ മാനവികവും വൈകാരികവുമായ തലം സജീവമായി ഉന്നയിക്കാനും ഏറ്റവും കൂടുതല്‍ സഹായകമായത് സിനിമയിലൂടെയാണ്.

ലോക മാധ്യമങ്ങള്‍, വിശിഷ്യാ പശ്ചാത്യ മാധ്യമങ്ങള്‍ ഇസ്രഈല്‍ അനുകൂല സമീപനമായിരുന്നു സ്വീകരിച്ചത്. അതുകൊണ്ട് ഫലസ്തീന്റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പലതും പുറം ലോകം അറിഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയും ഫലസ്തീന് അനുകൂലമല്ലാത്ത നയമാണു പിന്തുടര്‍ന്നത് എന്ന് വ്യക്തമാണ്.

ഈ സാഹചര്യത്തിലാണ് ആഗോള തലത്തില്‍ പലസ്തീന്‍ അനുകൂല തരംഗം സൃഷ്ടിക്കുവാന്‍ സിനിമ വഹിച്ച പങ്ക് ശ്രദ്ധേയമാകുന്നത്. ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്‘ എന്ന ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രം മാത്രം മതി ഈ വസ്തുതയെ സാധൂകരിക്കാന്‍.

ദി വോയ്സ് ഓഫ് ഹിന്ദ് റജബ് ഡോക്യുഡ്രാമയുടെ പോസ്റ്റർ

ഹിന്ദ് റജബിന്റെ നിലവിളി

ഒരു ആറ് വയസ്സുകാരിയുടെ നിസ്സഹായതയാണ് ആധുനിക ലോകത്തിന്റെ മനസ്സാക്ഷിയെ കുലുക്കിയ ഈ ചിത്രത്തിന്റെ പ്രമേയം. വെടിയേറ്റ കാറിനുള്ളില്‍ ഒറ്റപ്പെട്ട അവള്‍, സഹായത്തിനായി ഫോണിലൂടെ കേഴുന്ന ശബ്ദം; ചുറ്റും ചോരയില്‍ കുളിച്ച പ്രിയപ്പെട്ടവരുടെ മരവിച്ച ശരീരങ്ങള്‍.

ഗസയിലെ ഹിന്ദ് റജബ് എന്ന ബാലികയുടെ അവസാന നിമിഷങ്ങളിലെ ആ യഥാര്‍ത്ഥ ഓഡിയോ റെക്കോര്‍ഡിങ്, കേവലം ഒരു രേഖയയായിരുന്നില്ല, അത് ലോകത്തിന്റെ കൂട്ടായ ആഘാതമായി മാറുകയായിരുന്നു.

ഈ ദാരുണമായ സാക്ഷ്യം, ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’ (2025) എന്ന ഡോക്യുമെന്ററിയുടെ ഹൃദയമായി മാറിയപ്പോള്‍, വെനീസ് ചലച്ചിത്രമേളയില്‍ അത് 23 മിനിറ്റോളം നീണ്ട കരഘോഷം ഏറ്റുവാങ്ങി.

ഒരു രാഷ്ട്രം അതിന്റെ ദുരന്തങ്ങളെയും അതിജീവനങ്ങളെയും കലയാക്കി മാറ്റുന്നതിന്റെ ഏറ്റവും തിളക്കമുള്ള ഉദാഹരണമാണ് ഫലസ്തീന്‍ സിനിമകള്‍. 1948ലെ നഖ്ബയുടെ ആഴത്തിലുള്ള മുറിവില്‍ നിന്ന് പിറന്ന ഈ സിനിമാ പ്രസ്ഥാനം, ഫലസ്തീനെ സംബന്ധിച്ചിടത്തോളം കേവലം വിനോദോപാധിയല്ല; അത് ഓര്‍മ്മയെ ഒരു ആയുധമായി കൊണ്ടുനടക്കുന്ന, മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന ചരിത്രത്തെ വീണ്ടെടുക്കുന്ന, നിശബ്ദതയെ ഭേദിക്കുന്ന ജനകീയ മാധ്യമമാണ്.

ഭൂമിശാസ്ത്രപരമായ തടസ്സങ്ങളെയും രാഷ്ട്രീയ സെന്‍സര്‍ഷിപ്പിനെയും മറികടന്ന് ലോകത്തോട് സംസാരിക്കാനുള്ള ഫലസ്തീന്റെ ഏക വഴിയാണത്.

 

ഫലസ്തീന്‍ സിനിമയുടെ നാള്‍വഴികള്‍

ഫലസ്തീന്‍ സിനിമയുടെ ചരിത്രത്തെ നാലുഘട്ടങ്ങളായി തിരിക്കാം. ആദ്യകാല സിനിമകളെ (1935 വരെ) ഒന്നാം ഘട്ടമായി കരുതാം. 1935-ല്‍ ഇബ്രാഹിം ഹസ്സന്‍ സിര്‍ഹാന്‍ ചിത്രീകരിച്ച സൗദി രാജാവ് ഇബ്ന്‍ സൗദിന്റെ ഫലസ്തീന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള നിശബ്ദ ഡോക്യുമെന്ററിയാണ് ആദ്യത്തെ ഫലസ്തീന്‍ സിനിമയായി കണക്കാക്കപ്പെടുന്നത്.

നഖ്ബാനന്തര കാലമാണ് (1948-1967) രണ്ടാം ഘട്ടം. 1948ലെ നഖ്ബ ദുരന്തത്തിന് ശേഷം ഫലസ്തീന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂട്ടമായി പലായനം ചെയ്യേണ്ടി വന്നു. ഈ കാലയളവില്‍ ചലച്ചിത്ര നിര്‍മ്മാണം മന്ദഗതിയിലായി.

പിന്നീട് 1960-കള്‍ മുതലാണ് മൂന്നാം ഘട്ടം. ഇത് വിപ്ലവ സിനിമകളുടെ കാലമാണ്. 1960-കളോടെയാണ് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ പി.എല്‍.ഒയുടെ കീഴില്‍ ‘ഫലസ്തീന്‍ ഫിലിം യൂണിറ്റ്’ രൂപീകരിക്കപ്പെടുന്നത്.

പലായനം, അഭയാര്‍ത്ഥി ജീവിതം, സായുധ പ്രതിരോധം എന്നിവയായിരുന്നു ഈ ഘട്ടത്തില്‍ പുറത്തു വന്ന സിനിമകളുടെ പ്രധാന വിഷയങ്ങള്‍. മുസ്തഫ അബു അലിയുടെ ‘Scenes From The Occupation In Gaza‘ (1973) പോലുള്ള ഡോക്യുമെന്ററികള്‍ ഈ വിഭാഗത്തില്‍ ശ്രദ്ധേയമായി.

സീന്‍സ് ഫ്രം ദി ഒക്യുപ്പേഷന്‍ ഇന്‍ ഗസ എന്ന ചിത്രത്തില്‍ നിന്നുള്ള ഒരു രംഗം

1990കള്‍ മുതലുള്ള നാലാം ഘട്ടത്തിലാണ് സമകാലിക ഫലസ്തീന്‍ സിനിമകള്‍ പിറവി കൊള്ളുന്നത്. ഓസ്‌ലോ ഉടമ്പടികള്‍ക്ക് ശേഷം, അന്താരാഷ്ട്ര സഹകരണത്തോടെ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു തുടങ്ങി. ഫലസ്തീന്‍ സിനിമയ്ക്ക് ലോക ശ്രദ്ധ കൈവരുന്നത് ഈ ഘട്ടത്തോടെയാണ്.

റഷീദ് മഷറാവിയുടെ ‘Curfew‘ (1993), ഏലിയ സുലൈമാന്റെ ‘Chronicle Of A Disappearance‘ (1996) എന്നിവ ഈ ഘട്ടത്തിലെ പ്രധാന ചിത്രങ്ങളാണ്. ഈ കാലഘട്ടത്തിലെ സിനിമകള്‍ വ്യക്തിഗത അനുഭവങ്ങള്‍, സ്വത്വം, പ്രവാസം, അധിനിവേശത്തിന്റെ പ്രതിസന്ധികള്‍ തുടങ്ങിയ പ്രമേയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്തു.

കര്‍ഫ്യൂ, ക്രോണിക്കിള്‍ ഓഫ് എ ഡിസിപ്യറന്‍സ് സിനിമകളുടെ പോസ്റ്റര്‍

പ്രതിരോധത്തിന്റെ ദൃശ്യഭാഷ

ഫലസ്തീനിയന്‍ സിനിമയുടെ കാതല്‍ അതിന്റെ പ്രമേയപരമായ പ്രതിരോധമാണ്. അധിനിവേശം മൂലം ചിതറിപ്പോയ ഒരു ജനതയ്ക്ക്, ഭൂമിയും ഓര്‍മയും വീണ്ടെടുക്കാനുള്ള ആഹ്വാനമാണ് ഓരോ സിനിമയും. അധിനിവേശത്തിന്‍ കീഴിലുള്ള സാധാരണ ജീവിതത്തിലെ അസംബന്ധങ്ങളെയും ക്രൂരതകളെയും തുറന്നുകാട്ടുകയാണ് മിക്ക സിനിമകളുടെയും ദൗത്യം.

എലിയാ സുലൈമാന്റെ ‘ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍’ (Divine Intervention – 2002) പോലുള്ള ചിത്രങ്ങള്‍, ദൈനംദിന ജീവിതത്തിലെ ചെറിയ നിമിഷങ്ങളെപ്പോലും രാഷ്ട്രീയ പ്രസ്താവനകളാക്കി മാറ്റുന്നു.

ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍

കുഞ്ഞുകുട്ടികളുടെ കളിപ്പന്തുകള്‍ പോലും അധികാരികളാല്‍ നശിപ്പിക്കപ്പെടുന്ന ഷോട്ടുകള്‍, വ്യക്തിപരമായ ഇഷ്ടങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന രംഗങ്ങള്‍ സ്വാതന്ത്യം നിഷേധിക്കപ്പെടുന്ന ഒരു ജനതയുടെ നിസ്സഹായതയെ വരച്ചുകാട്ടുന്നു.

വെസ്റ്റ് ബാങ്കിലെ മസാഫര്‍ യത്തയില്‍ ഭൂമി പിടിച്ചെടുക്കുന്നതിനെതിരായ പോരാട്ടം ലോകത്തിന് മുന്നില്‍ എത്തിച്ച ഓസ്‌കര്‍ ചിത്രം ‘നോ അദര്‍ ലാന്‍ഡ്’ (No Other Land – 2024), ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെയുള്ള അതിജീവനത്തിന്റെ രേഖയായി മാറി.

സമകാലിക ഫലസ്തീന്‍ സിനിമകള്‍

സമകാലിക പലസ്തീന്‍ സിനിമകള്‍ ലോകോത്തര ചലച്ചിത്ര മേളകളിലെ നിറസാന്നിധ്യമാണിന്ന്. നമ്മുടെ ഐ.എഫ്.എഫ്.കെയില്‍ പോലും നിറഞ്ഞ സദസിലാണ് ഫലസ്തീന്‍ സിനിമകള്‍ സ്വീകരിക്കപ്പെടാറുള്ളത്. ഹാനി അബു അസദിന്റെParadise Now‘ (2005), ‘Omar‘ (2013) എന്നീ ചിത്രങ്ങള്‍ രണ്ടു തവണ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടുകയുണ്ടായി.

പാരഡെെസ്, ഒമർ സിനിമകളുടെ പോസ്റ്റർ

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലെ സാധാരണ മനുഷ്യന്റെ ധാര്‍മിക പ്രതിസന്ധികളെയും പോരാട്ടങ്ങളെയും ശക്തമായി അവതരിപ്പിക്കുന്നതാണ് അസദിന്റെ സിനിമകള്‍. ഏലിയ സുലൈമാന്‍ ‘Divine Intervention‘ (2002), ‘The Time That Remains’ (2009), ‘It Must Be Heaven’ (2019) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്.

ദി ടെെം ദാറ്റ് റിമെെന്‍സ് ചിത്രത്തിന്‍റെ പോസ്റ്റർ

നിശ്ശബ്ദ ഹാസ്യത്തിലൂടെയും, അസംബന്ധ നാടകീയതയിലൂടെയും അധിനിവേശ ജീവിതത്തിന്റെ നിസ്സഹായതയും വിചിത്രതയും അദ്ദേഹം ലോകത്തിന് മുന്നില്‍ കാണിച്ചു.

ആന്‍മേരി ജാസിറിന്റെSalt Of This Sea‘ (2008), ‘When I Saw You‘ (2012) എന്നീ ചിത്രങ്ങള്‍ പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അവരുടെ സ്വത്വത്തിനും മേലുള്ള അധിനിവേശത്തിന്റെ ആഘാതം സൂക്ഷമമായി ചര്‍ച്ച ചെയ്യുന്നു.

സോള്‍ട്ട് ഓഫ് ദിസ് സീ | വെന്‍ ഐ സോ യൂ

ലോകത്ത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു സിനിമയാണ് ഫറാഹ് നബല്‍സിയുടെ ‘The Present‘ (2020). ഇത് ഓസ്‌കാര്‍ നോമിനേഷന്‍ നേടിയെടുത്തു. വെസ്റ്റ് ബാങ്കിലെ ചെക്ക്പോസ്റ്റുകള്‍ മറികടന്ന് ഭാര്യക്ക് സമ്മാനം വാങ്ങാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിന്റെ നിസ്സഹായതയിലൂടെ, ഇസ്രഈല്‍ ചെക്ക് പോയിന്റുകളിലെ സാധാരണ ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിലെ ക്ലേശങ്ങള്‍ ഈ ചിത്രം ലോകത്തിന്ന് മുന്നില്‍ വരച്ചുകാട്ടി.

ദി പ്രെസന്‍റ്

ഇസ്രഈല്‍ ആക്രമണം ഗസയില്‍ സൃഷ്ടിച്ച കെടുതികള്‍, സംഘര്‍ഷങ്ങള്‍, പട്ടിണി, രാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവ ഓരോ ഫലസ്തീന്‍ സിനിമയും ലോകത്തെ ബോധ്യപ്പെടുത്തുന്നു.

ഫലസ്തീന്‍ സിനിമ ലോക സിനിമ ഭൂപടത്തില്‍ അതിശക്തമായ ഒരിടം നേടുന്നത് അതിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ്. സയണിസ്റ്റ് ആഖ്യാനങ്ങള്‍ക്ക് ബദലായി, ഫലസ്തീനിയന്‍ ജനതയുടെ ചരിത്രം, സ്വത്വം, സാംസ്‌കാരിക പൈതൃകം എന്നിവയെ ഈ സിനിമകള്‍ രേഖപ്പെടുത്തുന്നു.രാഷ്ട്രീയപരമായ പ്രസക്തി മാത്രമല്ല ഫലസ്തീന്‍ സിനിമകളെ ലോകോത്തരമാക്കുന്നത്. ഒരു കലാശില്‍പ്പം എന്ന നിലയില്‍ അവയ്ക്കുള്ള മൂല്യവും ഉന്നതമാണ്.

ഏലിയ സുലൈമാന്റെ നിശബ്ദ നര്‍മം, ഹാനി അബു അസ്സദിന്റെ ത്രില്ലര്‍ ശൈലി, ഡോക്യുമെന്ററി രൂപങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആഖ്യാന ശൈലികള്‍ ഫലസ്തീന്‍ സിനിമകള്‍ക്കുണ്ട്. നിത്യദുരന്തങ്ങളില്‍ യാതന അനുഭവിക്കുന്ന ഒരു ജനത സൃഷ്ടിക്കുന്ന സിനിമയില്‍ പ്രണയവും ഹാസ്യവുമെല്ലാം കടന്ന് വരുന്നത് നമ്മെ അതിശയിപ്പിക്കും.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നതിനപ്പുറം പ്രവാസം, സ്വത്വാന്വേഷണം, സ്വാതന്ത്ര്യത്തിനായുള്ള ദാഹം, അതിജീവനത്തിന്റെ ആഴത്തിലുള്ള വികാരങ്ങള്‍ എന്നിവയെല്ലാം ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി സംവദിക്കുന്ന സാര്‍വലൗകിക വിഷയങ്ങളാണ് ഫലസ്തീന്‍ സിനിമകളുടെ പ്രമേയങ്ങള്‍.

കാന്‍സ്, വെനീസ്, ബെര്‍ലിന്‍ പോലുള്ള ലോകോത്തര മേളകളില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ അതിന്റെ കലാപരമായ ഔന്നത്യത്തിന് തെളിവാണ്. ലോകത്തിന്റെ ഭിന്ന ദേശങ്ങളില്‍ ചിതറിപ്പോയ ഫലസ്തീനികളെ ജന്മദേശവുമായും സ്വന്തം ജനതയുമായും വൈകാരികമായി ഒന്നിപ്പിക്കാന്‍ സിനിമകള്‍ക്ക് വഹിക്കുന്ന പങ്ക് ചെറുതല്ല.

മൂന്ന് തലമുറകളുടെ പലായനകഥ പറയുന്ന ‘ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ’ (All That’s Left of You – 2025) പോലുള്ള ചിത്രങ്ങള്‍, നഖ്ബയുടെ മുറിപ്പാടുകളെ കൂട്ടായ ഓര്‍മയായി എന്നും നിലനിര്‍ത്തുന്നു.

ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ – പോസ്റ്റർ

മുഖ്യധാരാ മാധ്യമങ്ങള്‍ ഫലസ്തീനിയന്‍ വിഷയത്തെ സ്ഥിതിവിവരക്കണക്കുകളായോ, രാഷ്ട്രീയ തര്‍ക്കങ്ങളായോ മാത്രം അവതരിപ്പിക്കുമ്പോള്‍, സിനിമകള്‍ കഥാപാത്രങ്ങളിലൂടെയുള്ള വ്യക്തിഗതാനുഭവങ്ങള്‍ നല്‍കുന്നു. ഇത് പ്രേക്ഷകരില്‍ സഹാനുഭൂതിയും അനീതിക്കെതിരെ പ്രതികരിക്കാനുള്ള ആവേശവും ജനിപ്പിക്കുന്നു.

പ്രണയവും, കുടുംബബന്ധങ്ങളും, സൗഹൃദങ്ങളും എങ്ങനെയാണ് അധിനിവേശത്താല്‍ തകര്‍ക്കപ്പെടുന്നതെന്ന് സിനിമകളിലൂടെ അവതരിപ്പിക്കുമ്പോള്‍ അത് രാഷ്ട്രീയപരമായ ഒരു വിഷയത്തിന് മാനവികമായ ഭാഷ നല്‍കുന്നു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ സിനിമകള്‍ നേടുന്ന സ്വീകാര്യത, സെന്‍സര്‍ഷിപ്പിന്റെ മതിലുകള്‍ തകര്‍ത്തെറിയുന്നു. ഫെസ്റ്റിവലുകള്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങളുടെ വേദിയായി മാറുന്നു.

ഫലസ്തീനിലേക്കുള്ള മാനുഷിക സഹായം ലക്ഷ്യമിട്ടുള്ള ഫ്‌ലോട്ടില്ല (Flotilla) പ്രക്ഷോഭങ്ങള്‍ പോലുള്ള അന്താരാഷ്ട്ര സംരംഭങ്ങള്‍ക്ക് ആളുകളെ ആകര്‍ഷിക്കാനും പിന്തുണ നേടാനും ഈ സിനിമകളിലെ ദൃശ്യങ്ങള്‍ സഹായിച്ചിട്ടുണ്ട്.

ഗസയുടെ ദുരിതത്തിന്റെ സത്യസന്ധമായ ചിത്രീകരണങ്ങള്‍, സാധാരണ ജനങ്ങളെ രാഷ്ട്രീയപരമായ കൂട്ടായ്മകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കുന്നു. സിനിമാരംഗത്തെ പ്രമുഖര്‍ക്കിടയില്‍ രൂപം കൊണ്ട ‘ഫിലിം വര്‍ക്കേഴ്‌സ് ഫോര്‍ ഫലസ്തീന്‍’ പോലുള്ള സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍, ഈ കലാരൂപം സൃഷ്ടിച്ച ശക്തമായ രാഷ്ട്രീയ അവബോധത്തിന്റെ ഫലമാണ്.

അതേസമയം, ഗസയിലും വെസ്റ്റ് ബാങ്കിലുമെല്ലാം ഒരു ‘വ്യവസായം’ എന്ന നിലയില്‍ സിനിമ നിലനില്‍ക്കുന്നില്ല. രാഷ്ട്രീയ അസ്ഥിരതയും, ഉപകരണങ്ങളുടെ ക്ഷാമവും, യാത്രാ നിയന്ത്രണങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയും ഒരു വ്യവസായമായി വളരുന്നതിന് തടസ്സമാകുന്നു.

ഹാനി അബു അസദിന്റെ ഓസ്‌കര്‍ നോമിനേഷനുകള്‍ നേടിയ ചിത്രങ്ങള്‍ പോലും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര സഹകരണത്തെ (Co-production) ആശ്രയിച്ചാണ് നിര്‍മിച്ചത്. സിനിമ ഒരു വ്യവസായമല്ലാതിരിക്കുമ്പോഴും പലസ്തീനിയന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ സ്വതന്ത്ര നിര്‍മ്മാണ യൂണിറ്റുകളായി പ്രവര്‍ത്തിച്ച് തങ്ങളുടെ ദൗത്യം തുടരുന്നു.

അവരുടെ ക്യാമറകള്‍ ചരിത്രം രേഖപ്പെടുത്താനുള്ള ആയുധങ്ങളായി മാറുന്നു. ഫലസ്തീന്‍ സിനിമ, ‘സിനിമാറ്റിക് ആക്ടിവിസം’ എന്ന നിലയില്‍, രാഷ്ട്രീയം അസാധ്യമാകുന്നിടത്ത് കലാപരമായ പ്രതിരോധം സാധ്യമാക്കുന്നു.

ഫലസ്തീന്‍ സിനിമ അതിന്റെ ദുരിതങ്ങളെ മറക്കാനുള്ള മരുന്നല്ല, മറിച്ച് ഓര്‍മകളുടെ അഗ്‌നി ആളിക്കത്തിക്കുന്ന ഒരു വിളക്കാണ്. ഓരോ ഫ്രെയിമിലും, ഓരോ കഥാപാത്രത്തിലൂടെയും അത് ഞങ്ങള്‍ നിലനില്‍ക്കുന്നു, ഞങ്ങള്‍ നീതി അര്‍ഹിക്കുന്നു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് കൊണ്ടേയിരിക്കുന്നു.

അങ്ങനെ, ഈ കലാരൂപം ഫലസ്തീന്റെ നിശബ്ദമാക്കാനാവാത്ത ശബ്ദമായി, മായ്ച്ചുകളയാന്‍ കഴിയാത്ത കണ്ണായി, ലോകത്തിന് മുന്നില്‍ സധൈര്യം ഉയര്‍ന്നു നില്‍ക്കുന്നു.

 

Content Highlight: Mujeeb Rahman Kinalur writes about Palestine Cinemas

 

 

മുജീബ് റഹ്മാന്‍ കിനാലൂര്‍
മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ പൗരോഹിത്യം വേണ്ട; വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, അക്കരൈപത്ത്, ഇസ്‌ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങളുടെ രചയിതാവ്‌