ഈജിപ്ഷ്യന്‍ - സുഡാന്‍ സിനിമയുടെ രാഷ്ട്രീയ പ്രസക്തി
DISCOURSE
ഈജിപ്ഷ്യന്‍ - സുഡാന്‍ സിനിമയുടെ രാഷ്ട്രീയ പ്രസക്തി
മുജീബ് റഹ്മാന്‍ കിനാലൂര്‍
Tuesday, 16th December 2025, 2:22 pm
രാഷ്ട്രീയമായ നിസ്സംഗതയും കുടിയേറ്റ പ്രതിസന്ധിയും വംശീയ വിവേചനവും ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പോലെ സിനിമ ഉയര്‍ത്തിക്കാട്ടുന്നു. യുദ്ധവും ദുരിതവും കാരണം ഈജിപ്തില്‍ അഭയം തേടിയ ആഫ്രിക്കന്‍ കുടിയേറ്റ തൊഴിലാളികള്‍ (പ്രത്യേകിച്ച് കെയര്‍ടേക്കര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍) നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹം പൊതുവെ മൗനം പാലിക്കുമ്പോള്‍, ഈ സിനിമ അവര്‍ക്ക് ഒരു ശബ്ദമായി മാറുന്നു.| മുജീബ് റഹ്മാൻ കിനാലൂർ ഡൂള്‍ന്യൂസിലെഴുതുന്നു

ഐ.എഫ്.എഫ്.കെയില്‍ ഇത്തവണ കണ്ട സിനിമകളില്‍ മികച്ച ഒന്നാണ് ഈജിപ്ഷ്യന്‍ – സുഡാനി മൂവിയായ ‘Aisha Can’t Fly Away’. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഈജിപ്ഷ്യന്‍-സുഡാനീസ് ചലച്ചിത്ര ലോകം യഥാതഥവും രാജ്യാന്തര നിലവാരമുള്ളതുമായ പ്രമേയങ്ങളാല്‍ ശ്രദ്ധേയമാവുകയാണ്.

രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ തീവ്രതയോടെ അവതരിപ്പിക്കുന്ന ഈ പുതിയ തരംഗത്തില്‍ സംവിധായകന്‍ മുറാദ് മുസ്തഫയുടെ ‘Aisha Can’t Fly Away’ ഒരു നിര്‍ണായക സ്ഥാനമാണ് വഹിക്കുന്നത്.

ഐഷ കാണ്‍ട് ഫ്‌ളൈ എവേ ചിത്രത്തിന്റെ പോസ്റ്റര്‍. Photo: Wikipedia

കെയ്റോയുടെ പ്രാന്തപ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ ഒരു സുഡാനീസ് കുടിയേറ്റക്കാരിയുടെ അതിജീവനത്തിന്റെ കയ്പേറിയ കഥ പറയുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ ദൃശ്യാനുഭവമാണ്.

മുറാദ് മുസ്തഫ. Photo: IMDb

 

ഈജിപ്തിലെ കെയ്റോയില്‍ വൃദ്ധരെ പരിചരിക്കുന്ന ഐഷ എന്ന സുഡാനീസ് യുവതിയുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഈജിപ്തിലെ കെയ്റോയിലെ ഐന്‍ ഷംസ് എന്ന, കുടിയേറ്റക്കാര്‍ ധാരാളമുള്ള പ്രദേശത്താണ് കഥ നടക്കുന്നത്.

യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ ഐഷ, അഭയകേന്ദ്രമായി കരുതിയ ഈജിപ്തില്‍ നേരിടേണ്ടി വരുന്നത് വംശീയതയും ചൂഷണവും അരക്ഷിതാവസ്ഥകളുമാണ്. സ്വന്തം നിലനില്‍പ്പിനും സുരക്ഷയ്ക്കും വേണ്ടി അവള്‍ പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ നിര്‍ബന്ധിതയാവുന്നു.

അവളുടെ കയ്പേറിയ പോരാട്ടമാണ് സിനിമയുടെ കാതല്‍. ഭീതിജനകവും അറപ്പുളവാക്കുന്നതുമായ സീനുകളുടെ ആവര്‍ത്തനം പ്രേക്ഷകരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.

മുറാദ് മുസ്തഫയുടെ സംവിധാനം ഈ സിനിമയെ ഒരു സാധാരണ സോഷ്യല്‍ ഡ്രാമ എന്നതില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. കെയ്റോയിലെ ചേരിപ്രദേശങ്ങളുടെ യാഥാര്‍ത്ഥ്യബോധമുള്ള ചിത്രീകരണത്തിലൂടെ (നിയോ-റിയലിസം) സംവിധായകന്‍ പ്രേക്ഷകനെ ഐഷയുടെ ലോകത്തേക്ക് ആഴ്ത്തിയിറക്കുന്നു.

ചിത്രത്തില്‍ നിന്നുള്ള രംഗം. Photo: Atlas Ateliers

എന്നാല്‍, ഐഷയുടെ ആന്തരിക സംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കാന്‍ സിനിമ പിന്നീട് മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ തേടുന്നു. സിനിമയില്‍ രൂപകമായി പ്രത്യക്ഷപ്പെടുന്ന പറക്കാനാവാത്ത ഒട്ടകപ്പക്ഷി, അവളുടെ നിസ്സഹായതയുടെയും തടവറയുടെയും പ്രതീകമായി സിനിമയില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നു.

Photo: Screengrab from the trailer/ YouTube

ഐഷയുടെ ശരീരത്തിലുണ്ടാകുന്ന അസ്വസ്ഥജനകമായ തിണര്‍പ്പുകളും മാറ്റങ്ങളും, ആന്തരിക സംഘര്‍ഷങ്ങളുടെയും, മാനസിക സമ്മര്‍ദങ്ങളുടെയും ഭൗതികമായ പ്രതിഫലനമാണ്.

ഐഷയെ ‘വൃത്തികെട്ട കറുത്ത സ്ത്രീ’ (Filthy Black Woman) എന്ന് വിളിക്കുന്ന രംഗങ്ങള്‍ കെയ്റോയിലെ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ നേരിടുന്ന വംശീയ വിവേചനം തുറന്നുകാട്ടുന്നുണ്ട്.

സിനിമയുടെ ഛായാഗ്രഹണം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ഇരുണ്ടതും ക്ലോസ്‌ട്രോഫോബിക് ആയതുമായ ഫ്രെയിമുകള്‍ ഐഷയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

തിരക്കേറിയ നഗരത്തിന്റെ പശ്ചാത്തലത്തിലും ഐഷയുടെ ഒറ്റപ്പെടല്‍ ഓരോ ഷോട്ടിലും വ്യക്തമാക്കാന്‍ സംവിധായകനും ഛായാഗ്രാഹകനും കഴിഞ്ഞിട്ടുണ്ട്. ലളിതമെങ്കിലും ശക്തമായ ശബ്ദസംവിധാനവും ഐഷയുടെ ഭയത്തെയും ഉത്കണ്ഠയെയും പ്രേക്ഷകരിലേക്ക് സംക്രമിപ്പിക്കുന്നു.

ഐഷയെ അവതരിപ്പിച്ച ബലിയാന സൈമണ്‍ എന്ന അഭിനേത്രിയുടെ പ്രകടനം ഈ സിനിമയുടെ ആത്മാവാണ്. അധികം സംഭാഷണങ്ങളില്ലാത്ത കഥാപാത്രത്തെ, സ്വന്തം കണ്ണുകളിലൂടെയും ശരീരഭാഷയിലൂടെയും അവര്‍ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നു.

ബലിയാന സൈമണ്‍. Photo: Instagram

വംശീയമായ വിവേചനവും ലൈംഗികമായ ചൂഷണവും അതിജീവനത്തിനായുള്ള കഷ്ടപ്പാടുകളും ഉണ്ടാക്കുന്ന തീവ്രവേദന ഐഷയുടെ മുഖത്ത് സദാ നിഴലിക്കുന്നു.

രാഷ്ട്രീയമായ നിസ്സംഗതയും കുടിയേറ്റ പ്രതിസന്ധിയും വംശീയ വിവേചനവും ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പോലെ സിനിമ ഉയര്‍ത്തിക്കാട്ടുന്നു. യുദ്ധവും ദുരിതവും കാരണം ഈജിപ്തില്‍ അഭയം തേടിയ ആഫ്രിക്കന്‍ കുടിയേറ്റ തൊഴിലാളികള്‍ (പ്രത്യേകിച്ച് കെയര്‍ടേക്കര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍) നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹം പൊതുവെ മൗനം പാലിക്കുമ്പോള്‍, ഈ സിനിമ അവര്‍ക്ക് ഒരു ശബ്ദമായി മാറുന്നു.

ഐഷയെ പോലുള്ളവര്‍ക്ക് സുരക്ഷിതത്വം വിദൂര സ്വപ്നം മാത്രമാണെന്നും അഭയാര്‍ത്ഥികള്‍ ജീവിക്കുന്ന തെരുവുകളുടെ അധികാരം ഗുണ്ടാസംഘങ്ങളുടെ കൈകളിലാണെന്നും സിനിമ ഓര്‍മിപ്പിക്കുന്നു.

Photo: Screengrab from the trailer/ YouTube

പ്രമേയത്തിന്റെ പ്രസക്തിയോടൊപ്പം ഒരു കലാസൃഷ്ടി എന്ന നിലയിലും മൊറാദ് മുസ്തഫയുടെ ഈ ചിത്രം ശക്തമായ മുദ്ര പതിപ്പിക്കുന്നുണ്ട്.

പ്രതീക്ഷയും നിരാശയും ഇടകലര്‍ന്ന, പറക്കാന്‍ കഴിയാത്ത ഐഷയുടെ ഈ കഥ, ലോകമെമ്പാടുമുള്ള അദൃശ്യരായ തൊഴിലാളികളുടെ ജീവിതം നേര്‍ക്കുനേരെ അനാവരണം ചെയ്യുകയാണ്. ശക്തമായ സാമൂഹിക പ്രമേയങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഒഴിവാക്കാനാകില്ല.

 

Content Highlight: Mujeeb Rahman Kinalur writes about Aisha Can’t Fly Away movie

 

മുജീബ് റഹ്മാന്‍ കിനാലൂര്‍
മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ പൗരോഹിത്യം വേണ്ട; വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, അക്കരൈപത്ത്, ഇസ്‌ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങളുടെ രചയിതാവ്‌