ടെണ്ടുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ അഞ്ചാം മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കാതിരുന്നത് ഗുരുതരമായ പരിക്ക് കാരണമെന്ന് വെളിപ്പെടുത്തി മുഹമ്മദ് സിറാജ്. അന്ന് കളിച്ചിരുന്നെങ്കില്‍ പിന്നീട് ഒരിക്കലും പന്തെറിയാന്‍ ബുംറയ്ക്ക് സാധിക്കുമായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എക്‌സ്പ്രസ് സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു.
‘ബുംറ ഭായ്ക്ക് ഗുരുതര പരിക്കും ഒരു സര്‍ജറിയുമുണ്ടായിരുന്നു. ആ മത്സരത്തില്‍ കളിച്ചിരുന്നെങ്കില്‍ പരിക്ക് വീണ്ടും വഷളാകുമായിരുന്നു. അത്രത്തോളം ഗുരതരമായിരുന്നു അത്. അദ്ദേഹത്തിന് പിന്നീട് ഒരിക്കലും പന്തെറിയാന്‍ കഴിയുമായിരുന്നില്ല.
ബുംറയുടെ ബൗളിങ് ആക്ഷന്‍ വളരെ ബുദ്ധിമുട്ടാണ്. കൂടാതെ, അദ്ദേഹം ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു ബൗളറുമാണ്. അതുകൊണ്ട് തന്നെ ഏഷ്യ കപ്പ് മുതല്‍ അടുത്ത ലോകക്കപ്പ് വരെയുള്ള ടൂര്‍ണമെന്റുകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണ്,’ സിറാജ് പറഞ്ഞു.
ബുംറ ടീമിന്റെ നിര്‍ണായക ഘടകമാണെന്ന് ഇന്ത്യന്‍ ആരാധകര്‍ മനസിലാക്കണമെന്നും സിറാജ് പറഞ്ഞു. സാധ്യമാകുമ്പോഴെല്ലാം താരം ഇന്ത്യക്കായി കളത്തിലിറങ്ങും. ഇംഗ്ലണ്ടിനെതിരെ അഞ്ചാം മത്സരത്തില്‍ കളിക്കാത്തത് ബുംറയുടെ മികച്ച തീരുമാനമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ജൂലൈ – ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ബുംറ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിരുന്നത്. വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായിരുന്നു താരം മുഴുവൻ കളികളിലും ഇറങ്ങാതിരുന്നത്. ഒന്നും രണ്ടും നാലും മത്സരത്തിലായിരുന്നു താരം കളിച്ചത്.
ഏറെ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ ബുംറ ഇറങ്ങുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും താരം കളിക്കാന്‍ എത്തിയില്ല. ഓവല്‍ ടെസ്റ്റില്‍ പിന്നീട് സിറാജിന്റെ പ്രകടനത്തില്‍ ഇന്ത്യ ജയിച്ച് പരമ്പര സമനിലയിലാക്കിയിരുന്നു.