നിങ്ങള്‍ എന്നെ ഇന്ത്യന്‍ ടീമില്‍ എടുത്തില്ല, പക്ഷേ... മുഹമ്മദ് ഷമി
Sports News
നിങ്ങള്‍ എന്നെ ഇന്ത്യന്‍ ടീമില്‍ എടുത്തില്ല, പക്ഷേ... മുഹമ്മദ് ഷമി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th August 2025, 7:35 am

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ക്രിക്കറ്റ് കളിക്കുന്നത് മടുക്കുമ്പോള്‍ മാത്രമേ കളിക്കളത്തില്‍ നിന്ന് വിട പറയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ എടുത്തില്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത് തുടരുമെന്നും ഷമി കൂട്ടിച്ചേര്‍ത്തു. ന്യൂസ്24 സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരിക്കുന്നു ഇന്ത്യന്‍ പേസര്‍.

‘ആര്‍ക്കാണ് ഞാന്‍ വിരമിക്കാത്തതില്‍ പ്രശ്നം? എനിക്ക് മടുക്കുമ്പോള്‍ ഞാന്‍ വിരമിക്കും. നിങ്ങള്‍ എന്നെ ഇന്ത്യന്‍ ടീമില്‍ എടുത്തില്ല, പക്ഷേ, അതിനായി ശ്രമിച്ചുകൊണ്ടേയിരിക്കും. അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നില്ലെങ്കില്‍ ഞാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കും.

എവിടെയെങ്കിലും കളിച്ച് കൊണ്ടേയിരിക്കും. ക്രിക്കറ്റിനോടുള്ള അഭിനിവേശം ഇല്ലാത്തതാകുമ്പോളാണ് ഒരു താരം വിരമിക്കുക. ഇപ്പോള്‍ എന്റെ സാഹചര്യമതല്ല,’ ഷമി പറഞ്ഞു.

പരിക്ക് കാരണം ടീമില്‍ ഏറെ കാലം കളിക്കാതിരുന്ന ഷമി ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍, താരത്തിന് 15 അംഗ സ്‌ക്വാഡില്‍ അവസരം ലഭിച്ചില്ല. നിലവില്‍ താരം ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി കളിക്കുകയാണ്. ഇന്ത്യന്‍ പേസര്‍ ഇതിനെ കുറിച്ചും ന്യൂസ്24 സ്‌പോര്‍ട്‌സിനോട് സംസാരിച്ചു.

‘എനിക്ക് ദുലീപ് ട്രോഫിയില്‍ കളിക്കാമെങ്കില്‍ എന്തുകൊണ്ട് ടി – 20 കളിക്കാന്‍ പറ്റില്ല? എന്നെ ടീമിലെടുക്കാത്തതില്‍ ഞാന്‍ ആരെയും കുറ്റം പറയില്ല. ടീമിന് അനുയോജ്യനാണെങ്കില്‍ എന്നെ ടീമിലെടുക്കൂ. ഇല്ലെങ്കില്‍ എനിക്കത് പ്രശ്‌നമല്ല.

ഇന്ത്യന്‍ ടീമിലേക്ക് മികച്ച താരങ്ങളെ തെരഞ്ഞെടുക്കേണ്ടത് സെലക്ടര്‍മാരുടെ ഉത്തരവാദിത്തമാണ്. എനിക്ക് എന്റെ കഴിവില്‍ വിശ്വാസമുണ്ട്. അവസരം ലഭിക്കുമ്പോള്‍ ഞാന്‍ മികച്ച പ്രകടനം നടത്തും,’ ഷമി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഷമി ദുലീപ് ട്രോഫിയില്‍ ആദ്യ ദിവസം ഈസ്റ്റ് സോണിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നോര്‍ത്ത് സോണിനെതിരെ താരം 55 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയിട്ടുണ്ട്. 17 ഓവറുകള്‍ എറിഞ്ഞായിരുന്നു താരത്തിന്റെ പ്രകടനം.

Content Highlight: Muhammed Shami says he will play domestic cricket even he don’t get featured in Indian Team