ഐതിഹാസികം സല; റോണോയെയും ബെയ്ലിനെയും മറികടന്ന് ചരിത്രനേട്ടം
Football
ഐതിഹാസികം സല; റോണോയെയും ബെയ്ലിനെയും മറികടന്ന് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th August 2025, 12:11 pm

പ്രൊഫഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (പി.എഫ്.എ) 2025ലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി നടത്തിയ പ്രകടനങ്ങളുടെ മികവിലാണ് താരത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.

2024 -25 സീസണില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടിയപ്പോള്‍ സല നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. സീസണില്‍ താരം 29 ഗോളുകള്‍ സ്‌കോര്‍ ചെയ്ത് ലീഗിലെ മികച്ച ഗോള്‍ വേട്ടക്കാരനായിരുന്നു. ഒപ്പം 33കാരന്‍ 18 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

ആറ് താരങ്ങളുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് സലയെ വിജയിയായി പ്രഖ്യാപിച്ചത്. ലിവര്‍പൂള്‍ സഹതാരം അലക്സിസ് മാക് അലിസ്റ്റര്‍, ചെല്‍സിയുടെ കോള്‍ പാമര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, ആഴ്സണല്‍ മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ്, ന്യൂകാസില്‍ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ഇസക് എന്നിവരെ മറികടന്നായിരുന്നു താരത്തിന്റെ ഈ അവാര്‍ഡ് നേട്ടം.

ഇത് ആദ്യമായല്ല, സല പി.എഫ്.എ അവാര്‍ഡ് സ്വന്തമാക്കുന്നത്. മുമ്പ്, 2018ലും 2022ലും താരം ഈ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. ഈ വര്‍ഷം പ്ലെയര്‍ ഓഫ് ദി ഇയര്‍ സ്വന്തം പേരിലാക്കിയതോടെ മൂന്നാമത്തെ അവാര്‍ഡാണ് താരം തന്റെ ഷെല്‍ഫിലെത്തിച്ചത്. ഇത് ആദ്യമായാണ് ഒരു ഫുട്‌ബോളര്‍ ഈ അവാര്‍ഡ് മൂന്ന് തവണ നേടുന്നത്.

അതോടെ, ഒരു സൂപ്പര്‍ നേട്ടവും സലയ്ക്ക് കുറിക്കാനായി. ഏറ്റവും കൂടുതല്‍ തവണ ഈ അവാര്‍ഡ് നേടുന്ന താരമാകാനാണ് ലിവര്‍പൂള്‍ ഫോര്‍വാര്‍ഡിന് സാധിച്ചത്. രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, തിയറി ഹെന്റി, ഗാരത്ത് ബെയ്ല്‍ എന്നിവരെയാണ് താരം പിന്നിലാക്കിയത്.

അതേസമയം, വനിതകളില്‍ ആഴ്സണല്‍ താരം മരിയോണ കാല്‍ഡെന്റി ഈ അവാര്‍ഡ് നേടി. ബാഴ്സലോണയില്‍ നിന്ന് ആഴ്‌സണലില്‍ എത്തിയ താരം ആദ്യ സീസണില്‍ തന്നെ ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.

Content Highlight: Muhammed Salah became first player to win PFA award three times