ധ്രുവ് ജുറെൽ മികച്ച താരമാണെന്നും എന്നാൽ സഞ്ജു സാംസണിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയത് തെറ്റായ തീരുമാനമാണെന്നും മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ജുറെലിനേക്കാൾ മികച്ച ഓപ്ഷൻ സഞ്ജുവാണെന്നും ഓസ്‌ട്രേലിയക്കെതിരെ കളിക്കുകയാണെങ്കിൽ താരം ആദം സാംപക്കെതിരെ സിക്സ് അടിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കൈഫ്.
‘വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടിയപ്പോൾ ധ്രുവ് ജുറെൽ നന്നായി ബാറ്റ് ചെയ്തു. തീർച്ചയായും അവൻ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരമാണ്. എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്യുന്ന കഴിവുമുണ്ട്. പക്ഷേ, സഞ്ജു സാംസണിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് ഒരു തെറ്റായ തീരുമാനമാണ്.
സഞ്ജു സാധാരണ അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ആയി ലോവർ ഓഡറിലാണ് ബാറ്റ് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ ആ പൊസിഷനിൽ ജുറെലിനേക്കാൾ സഞ്ജുവാണ് മികച്ചത്.
അവിടെ സ്പിന്നർമാർക്കെതിരെ സിക്സ് അടിക്കാൻ പറ്റുന്ന ഒരു താരത്തെയാണ് ഇന്ത്യയ്ക്ക് വേണ്ടത്. ഏഷ്യാ കപ്പിൽ സഞ്ജുവിന്റെ പ്രകടനം നമ്മൾ കണ്ടതാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ആദം സാംപയെ അവൻ സിക്സ് അടിച്ചേനെ,’ കൈഫ് പറഞ്ഞു.
ഐ.പി.എല്ലിൽ സിക്സ് വേട്ടക്കാരുടെ ലിസ്റ്റിൽ സഞ്ജു ആദ്യ പത്തിലുണ്ടെന്നും കൈഫ് പറഞ്ഞു. ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ അഞ്ച് നമ്പറിലോ ആറാം നമ്പറിലെ ഏറ്റവും അനുയോജ്യനായ താരമാണ് അവൻ. നമ്മൾ ഇപ്പോഴത്തെ ഫോമിൽ മാത്രമാണ് ശ്രദ്ധ നൽകുന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ പോലെ അർഹിക്കുന്നവരുടെയും സ്ഥിരമായി പ്രകടനം നടത്തുന്നവരുടെയും സ്ഥാനമാണ് നഷ്ടമാവുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള 15 അംഗ ഏകദിന ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിലെ മികവ് കൊണ്ട് സഞ്ജു സാംസൺ ടീമിലെത്തുമെന്നാണ് ആരാധകർ കരുതിയിരുന്നത്. കൂടാതെ, അവസാനം ഏകദിനത്തിൽ സെഞ്ച്വറി നേടിയിരുന്നതും ഇതിന് ബലം നൽകിയിരുന്നു. റിഷബ് പന്തിന് പരിക്കായതിനാൽ സെക്കന്റ് വിക്കറ്റ് കീപ്പറായി താരം എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ടീം പുറത്ത് വിട്ടപ്പോൾ സഞ്ജുവിന് പകരം ജുറെലാണ് ടീമിലെത്തിയത്.
സഞ്ജുവൊരു ടോപ് ഓർഡർ ബാറ്ററാണ് അതിനാലാണ് ലോവർ ഓർഡറിൽ നന്നായി ബാറ്റ് ചെയ്യുന്ന ജുറെലിനെ ഉൾപ്പെടുത്തിയത് എന്നാണ് മുഖ്യ സെലക്ഷൻ കമ്മീഷണർ അജിത് അഗാർക്കർ പറഞ്ഞത്.
Content Highlight: Muhammed Kaif says Sanju Samson is better choice for No. 5 0r 6 than Dhruv Jurel and he would have hit six against Adam Zampa