ചെന്നൈ സൂപ്പര്‍ കിങ്സ്(സി.എസ്.കെ) താരലേലത്തില്‍ ആര്‍.സി.ബി കൈവിട്ട ലിയാം ലിവിങ്സ്റ്റണിനെ ടീമിലെത്തിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. താരത്തിനെ സ്പിൻ ബൗളിങ് ഓപ്ഷനായി ഉപയോഗിക്കാൻ കഴിയുമെന്നും അഞ്ചാം നമ്പര്‍ ബാറ്ററായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ് വെല്ലിനെയും ചെന്നൈയ്ക്ക് നോട്ടമിടാമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.
‘ലിയാം ലിവിങ്സ്റ്റണ്‍ ചെന്നൈ ടീമിന് ചേരുന്ന ഒരാളാണ്. അവന്‍ ടീമിന്റെ ആറാം ബൗളറാകാനും അഞ്ചാം നമ്പര്‍ ബാറ്റാറാകാനും സാധിക്കും. ധോണിയിപ്പോള്‍ ടോപ് ഓര്‍ഡറില്‍ ബാറ്റിങ്ങിന് എത്താതിനാല്‍ അവര്‍ക്ക് കൂടുതല്‍ ബാറ്റര്‍മാര്‍ വേണം.
സി.എസ്.കെയ്ക്ക് മുമ്പ് ഡ്വെയ്ന്‍ ബ്രാവോ, ആല്‍ബി മോര്‍ക്കല്‍ എന്നിവരെ പോലെയുള്ള ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരുണ്ടായിരുന്നു. ജാമി ഓവര്‍ട്ടനും സാം കറനുമെല്ലാം ബാറ്റര്‍മാരായത് കൊണ്ടാണ് കളിച്ചത്.
അതിനാല്‍ തന്നെ, ലിവിങ്സ്റ്റണിനെയും മാക്‌സ് വെല്ലിനെയും അവര്‍ ലക്ഷ്യമിടും. ലിവിങ്സ്റ്റണിന് ഓഫ് സ്പിന്‍ എറിയാന്‍ സാധിക്കും. ആര്‍.സി.ബിക്കായി അവനത് ചെയ്തിരുന്നു. ചെന്നൈ പോലെയുള്ള വേദിയില്‍ അവന്റെ ബൗളിങ്ങില്‍ മൂല്യമുണ്ടാവും,’ കൈഫ് പറഞ്ഞു.
ഐ,.പി.എല്ലിന് മുന്നോടിയായി ടീമുകള്‍ നവംബര്‍ 15ന് നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഈ ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ ചെന്നൈ 12 താരങ്ങളെ റിലീസ് ചെയ്തിരുന്നു. രവീന്ദ്ര ജഡേജയെയും സാം കറനിനെയും ട്രേഡിലൂടെ കൈമാറുകയും ചെയ്തതിനാല്‍ ടീമിന് അടുത്ത സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ തട്ടകത്തില്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് പിന്നാലെയാണ് കൈഫിന്റെ പ്രതികരണം.