ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ജസ്പ്രീത് ബുംറ. പരിക്കും ഇംഗ്ലണ്ടിനെതിരെ ഏതൊക്കെ മത്സരങ്ങളില്‍ കളത്തിലിറങ്ങുമെന്നതും ആയിരുന്നു താരത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചയിലെ ശ്രദ്ധ കേന്ദ്രമാക്കിത്. പരമ്പരയ്ക്ക് മുമ്പ് തന്നെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ബുംറ മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളുവെന്ന് കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.
ഒന്നും മൂന്നും ഇപ്പോള്‍ നാലാം മത്സരത്തിലുമാണ് ബുംറ ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങിയത്. ലീഡ്സിലും ലോര്‍ഡ്‌സിലും അഞ്ച് വിക്കറ്റുമായി താരം തിളങ്ങിയിരുന്നു. എന്നാല്‍ നാലാം മത്സരത്തില്‍ ഇതുവരെ ബുംറ ഒരു വിക്കറ്റാണ് നേടിയത്.
മത്സരത്തില്‍ പരിക്ക് കാരണം ബൗളിങ്ങിനിടെ താരം ഫീല്‍ഡ് വിട്ടിരുന്നു. ചായയ്ക്ക് ശേഷം തിരിച്ച് വന്നെങ്കിലും ഫാസ്റ്റ് ബൗളറുടെ സ്പീഡില്‍ വലിയ കുറവ് വന്നിരുന്നു. ഒരു ഘട്ടത്തില്‍ താരം മണിക്കൂറില്‍ 130 വേഗതയിലായിരുന്നു പന്തെറിഞ്ഞത്.
ഇടയ്ക്കിടെ പരിക്കിന്റെ പിടിയിലാവുന്ന ബുംറയെ കൂടുതല്‍ മത്സരങ്ങളില്‍ കാണാന്‍ കഴിഞ്ഞേക്കില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബുംറ ഒരു സ്വായഭിമാനമുള്ള താരമായതിനാല്‍ വിരമിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബുംറ പരിക്ക് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഈ മത്സരത്തില്‍ അവന്റെ പേസ് കുറയുന്നതും നമ്മള്‍ കണ്ടു. രാജ്യത്തിനായി മികച്ച പ്രകടനം നടത്താനാവില്ലെന്നും വിക്കറ്റുകള്‍ വീഴ്ത്താനും മത്സരങ്ങള്‍ ജയിപ്പിക്കാനും കഴിയില്ലെന്ന് അവന് തോന്നിയാല്‍ കളി അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്,’ കൈഫ് പറഞ്ഞു.
നാലാം ടെസ്റ്റില്‍ വിക്കറ്റ് വീഴ്ത്തിയെങ്കിലും അത് ബുംറയുടെ മികച്ച പ്രകടനമായിരുന്നില്ലെന്നും കൈഫ് അഭിപ്രായപ്പെട്ടു. ഫിറ്റായ ബുംറ ഇപ്പോഴും വിക്കറ്റുകള്‍ നേടാന്‍ കെല്‍പ്പുള്ള താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Muhammed Kaif belives Jasprit Bumrah nearing end of his career