| Friday, 27th March 2026, 3:07 pm

അപരാജിതനായി 3000! ഒരേയൊരു താരമായി പൊട്ടുവെച്ച തങ്കക്കുടം; തലയാടാ... കയ്യടിക്കടാ...

ആദര്‍ശ് എം.കെ.

ഐ.പി.എല്ലിന്റെ ആവേശത്തിന് കൊടിയേറാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. നാളെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

ഫാന്‍ ഫേവറിറ്റുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാര്‍ച്ച് 30നാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് ടീമിന് നേരിടാനുള്ളത്.

ഇതിഹാസ താരവും ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനുമായ ധോണിയുടെ അവസാന ഐ.പി.എല്‍ സീസണാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്കറ്റ് കീപ്പര്‍ ഗ്ലൗ ഏല്‍പ്പിക്കാന്‍ സഞ്ജു സാംസണ്‍ സൂപ്പര്‍ കിങ്‌സിനൊപ്പമെത്തിയതോടെ ടീമിനെ ആറാം കിരീടമണിയിച്ച് ധോണി പടിയിറങ്ങുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഈ സീസണില്‍ ധോണി പടിയിറങ്ങിയാലും ഇല്ലെങ്കിലും ധോണി പടുത്തുയര്‍ത്തിയ ഒരു ഐതിഹാസിക റെക്കോഡ് ഇനിയും ചില സീസണുകള്‍ താണ്ടുമെന്നുറപ്പാണ്. ഐ.പി.എല്ലില്‍ ഏറ്റവുമധികം അണ്‍ബീറ്റണ്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് തല ധോണി ഒന്നാമതുള്ളത്.

ഐ.പി.എല്ലില്‍ ബാറ്റെടുത്ത 242 ഇന്നിങ്‌സുകളില്‍ നൂറ് തവണ ധോണി പുറത്താകാതെ നിന്നിട്ടുണ്ട്. ഈ നൂറ് ഇന്നിങ്‌സില്‍ നിന്നും 3057 റണ്‍സാണ് ധോണി അടിച്ചെടുത്തത്. 160നോട് അടുപ്പിച്ചുള്ള പ്രഹരശേഷിയിലാണ് ഈ ഇന്നിങ്‌സുകളില്‍ താരം ബാറ്റ് വീശിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ നൂറ് ഇന്നിങ്‌സുകള്‍ അണ്‍ബീറ്റണായി തുടരുകയും, ഈ ഇന്നിങ്‌സുകളില്‍ നിന്നും 3000ലധികം റണ്‍സ് നേടിയ ഏക താരവും ധോണിയാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം അണ്‍ബീറ്റണ്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 3,057

വിരാട് കോഹ്‌ലി – 2,309

എ.ബി. ഡി വില്ലിയേഴ്‌സ് – 2,228

ശിഖര്‍ ധവാന്‍ – 1,872

സുരേഷ് റെയ്‌ന – 1,635

രോഹിത് ശര്‍മ – 1,622

കെ.എല്‍. രാഹുല്‍ – 1,595

ഐ.പി.എല്ലില്‍ 242 ഇന്നിങ്‌സുകളില്‍ നിന്നും 38.30 ശരാശരിയില്‍ 5439 റണ്‍സാണ് ധോണി നേടിയത്. നിലവിലെ റണ്‍ വേട്ടക്കാരില്‍ ആറാമനായ ധോണി 24 അര്‍ധ സെഞ്ച്വറികളും തന്റെ പേരിനൊപ്പം കുറിച്ചിട്ടുണ്ട്. 84* ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Content Highlight: MS Dhoni tops the list of most unbeaten runs in IPL history

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more