മുംബൈ: ഈ വര്‍ഷം വരാനിരിക്കുന്ന ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനാകുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിക്ക് ബി.സി.സി.ഐ യാതൊരു പ്രതിഫലവും നല്‍കുന്നില്ലെന്ന് സെക്രട്ടറി ജയ് ഷാ. ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവ് എന്ന നിലയിലുള്ള ധോണിയുടെ സേവനങ്ങള്‍ക്ക് ഏതെങ്കിലും ഓണറേറിയം അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാ എ.എന്‍.ഐയോട് പറഞ്ഞു.
നേരത്തെ ഐ.സി.സി ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ടീമിന്റെ മെന്ററായി ധോണിയെ നിയമിച്ചിരുന്നു.
ടീം ഇന്ത്യയുടെ നിര്‍ണായക ചുമതലയിലേക്ക് ധോണിയുടെ മടങ്ങിവരവിനെ നിരവധിപേര്‍ സ്വാഗതം ചെയ്തെങ്കിലും അജയ് ജഡേജയും ഗൗതം ഗംഭീറും ബി.സി.സി.ഐ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ലോകകപ്പില്‍ ടീമിനെ സഹായിക്കാന്‍ വേണ്ടിയാണ് ധോണിയെ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗലിയുടെ പ്രതികരണം.
‘ടീം ഇന്ത്യക്കായും ചെന്നൈ സൂപ്പര്‍ കിംഗ്സിനായും ടി 20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡ് ധോണിക്കുണ്ട്. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ധോണിയെ നിയമിക്കാന്‍ തീരുമാനിച്ചത്.
2013ന് ശേഷം ഐ.സി.സി കിരീടം നേടാന്‍ ടീം ഇന്ത്യക്കായിട്ടില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ ആഷസില്‍ 2-2ന് സമനില നേടിയപ്പോള്‍ സ്റ്റീവ് വോ സമാന ചുമതലയില്‍ ഓസീസ് ടീമിനൊപ്പമുണ്ടായിരുന്നു എന്നോര്‍ക്കുക. ഇത്തരം കരുത്തരുടെ സാന്നിധ്യം വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഗുണകരമാണ്,’ എന്നായുരുന്നു ഗാംഗുലി പറഞ്ഞിരുന്നത്.