| Tuesday, 26th May 2026, 5:24 pm

പ്ലേ ഓഫിൽ പിറന്നത് രണ്ട് 500 മാത്രം; 2026ലും തലപ്പത്ത് തലയും ചിന്നത്തലയും

Sudev A

2026 ഐ.പി.എൽ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 10 ടീമുകൾ കിരീടത്തിനായി പോരാടിയ ടൂർണമെന്റിൽ നിലവിൽ നാല് ടീമുകൾ മാത്രമാണ് ബാക്കിയുള്ളത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടും. സൺറൈസേഴ്സ് ഹൈദരാബാദ്-രാജസ്ഥാൻ റോയൽസ് പോരാട്ടമാണ് എലിമിനേറ്ററിൽ നടക്കുന്നത്.

ഇത്തവണ പ്ലേ ഓഫിന്റെ ഭാഗമാവാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചിരുന്നില്ല. ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആറ് വിജയവും എട്ട് തോൽവിയുമടക്കം 12 പോയിന്റാണ് ചെന്നൈ സ്വന്തമാക്കിയത്. പരിക്ക് മൂലം ഒരുപാട് താരങ്ങളെ ഈ സീസണിൽ ചെന്നൈക്ക് നഷ്ടമായിരുന്നു. പരിക്കിന്റെ തിരിച്ചടികളും ചെന്നൈ ടൂർണമെന്റിലെ രണ്ടാം ഘട്ടത്തിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ പ്ലേ ഓഫിലേക്ക് കടക്കാനുള്ള നിർണായക മത്സരങ്ങളിൽ ചെന്നൈ പരാജയപ്പെടുകയായിരുന്നു.

അതേസമയം ചെന്നൈ ഇതിഹാസങ്ങളായ എം.എസ് ധോണിയുടെയും സുരേഷ് റെയ്നയുടെയും പേര് പ്ലേ ഓഫ് ആരവങ്ങൾക്കിടയിലും ചർച്ചയാവുകയാണ്. ഐ.പി.എൽ ചരിത്രത്തിൽ പ്ലേ ഓഫുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത് റെയ്നയും ധോണിയുമാണ്. പ്ലേ ഓഫുകളിൽ 500ലധികം റൺസ് നേടിയതും ഇരുവരും മാത്രമാണ്.

റെയ്ന 24 ഇന്നിങ്സുകളിൽ നിന്നും 714 റൺസ് നേടിയപ്പോൾ ധോണി 23 ഇന്നിങ്സുകളിൽ 523 റൺസും സ്വന്തമാക്കി. 475 റൺസ് നേടിയ ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. സീസണിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെ സൂര്യകുമാർ യാദവിനും പ്ലേ ഓഫിൽ 500 റൺസ് എന്ന മാർക്ക് പിന്നിടാൻ സാധിക്കില്ല. ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലും 475 റൺസ് പ്ലേ ഓഫിൽ നേടിയിട്ടുണ്ട്. 25 റൺസ് നേടിയാൽ 500 റൺസ് മാർക്ക് പിന്നിടാൻ ഗില്ലിന് സാധിക്കും.

എന്നാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്‌ലി 396 റൺസുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. പ്ലേ ഓഫിൽ 104 റൺസ് കൂടി നേടിയാൽ കോഹ്‌ലിക്കും 500 ക്ലബ്ബിൽ ഇടം പിടിക്കാം.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

ഐ.പി.എല്ലിൽ പ്ലേ ഓഫിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, റൺസ്

സുരേഷ് റെയ്ന-714

എം.എസ് ധോണി-523

ശുഭ്മൻ ഗിൽ-475

സൂര്യകുമാർ യാദവ്‌-475

രോഹിത് ശർമ-406

വിരാട് കോഹ്‌ലി-396

ഫാഫ് ഡു പ്ലെസി-390

ഷെയ്ൻ വാട്സൺ-389

മൈക്കൽ ഹസി-388

മുരളി വിജയ്-364

Content Highlight; MS Dhoni and Suresh Raina the only two players score 500+ runs in ipl play off

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more