| Sunday, 21st April 2024, 6:08 pm

സ്ഫടികത്തില്‍ അദ്ദേഹത്തിന്റെ ഇന്‍പുട്ട് വലുതാണ്; ചിത്രം വീണ്ടും തിയേറ്ററില്‍ എത്തിയതിന്റെ എല്ലാ ക്രെഡിറ്റും ആ വ്യക്തിക്ക്: എം.ആര്‍. രാജകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭദ്രന്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. മോഹന്‍ലാല്‍ ആടുതോമയായി എത്തിയ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ചിത്രത്തില്‍ ഒന്നിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം 2023ല്‍ സ്ഫടികം 4കെ ദൃശ്യമികവില്‍ റീമാസ്റ്റര്‍ ചെയ്ത് റിലീസ് ചെയ്തിരുന്നു. തിയേറ്ററുകളില്‍ വീണ്ടും പ്രകമ്പനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചു. റീ റിലീസ് ചെയ്ത സ്ഫടികം നാല് കോടിക്ക് മുകളില്‍ കളക്ഷനും നേടിയിരുന്നു.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രം റീമാസ്റ്റര്‍ ചെയ്തതിനെ കുറിച്ച് പറയുകയാണ് സൗണ്ട് എന്‍ജിനീയറും ഡിസൈനറുമായ എം.ആര്‍. രാജകൃഷ്ണന്‍. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മറാത്തിയിലുമായി 150ലേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. സ്ഫടികത്തിന് വേണ്ടി പ്രവര്‍ത്തിച്ചതും എം.ആര്‍. രാജകൃഷ്ണനാണ്.

‘സ്ഫടികം റീമാസ്റ്ററിങ് ശരിക്കും സംഭവിച്ചു പോയതാണ്. അതിനായി ഭദ്രന്‍ സാറിട്ട ഇന്‍പുട്ട് വളരെ വലുതാണ്. ഒരിക്കലും റീമാസ്റ്റര്‍ ചെയ്യുകയാണെന്ന രീതിയില്‍ അല്ല അദ്ദേഹം അതിനെ കണ്ടത്. പകരം പുതിയ സിനിമയായാണ് കരുതുന്നത്.

സ്ഫടികം താന്‍ ചെയ്തു കഴിഞ്ഞു, ഇത് തന്റെ അടുത്ത സ്ഫടികമാണ് എന്ന രീതിയിലാണ് സാര്‍ കരുതിയത്. അദ്ദേഹം അതിലിട്ട എഫേര്‍ട്ടിന്റെ അത്രയും എഫേര്‍ട്ട് ഇനി ആര്‍ക്കെങ്കിലും ഇടാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും വര്‍ക്കാകും.

പക്ഷേ അങ്ങനെ ആരെങ്കിലും ഒരു എഫേര്‍ട്ട് ഇടുമെന്ന് എനിക്ക് തോന്നുന്നില്ല. സ്ഫടികത്തിന്റെ എല്ലാ ക്രെഡിറ്റും ഭദ്രന്‍ സാറിനാണ്. കാരണം ഞാന്‍ നേരിട്ട് കണ്ടതാണ്. ഞാന്‍ അനുഭവിച്ചതാണ്,’ എം.ആര്‍. രാജകൃഷ്ണന്‍ പറഞ്ഞു.

തനിക്ക് ഏതൊക്കെ സിനിമകളാണ് റീമാസ്റ്റര്‍ ചെയ്ത് ഇറക്കാന്‍ ആഗ്രഹമുള്ളതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മണിച്ചിത്രത്താഴ് റീമാസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഇപ്പോള്‍ ഒരു ടീം അതിന്റെ വര്‍ക്കിലാണെന്നും അദ്ദേഹം പറയുന്നു.

‘എനിക്ക് റീമാസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹമുള്ള ഒരു സിനിമയായിരുന്നു മണിച്ചിത്രത്താഴ്. അത് ഇപ്പോള്‍ ഒരു ടീം ചെയ്യുന്നുണ്ട്. അതിന് വേണ്ടിയുള്ള വര്‍ക്കിലാണ് അവര്‍. ഇനി ഏതൊക്കെ പടങ്ങള്‍ സംഭവിക്കുമെന്ന് നമുക്ക് അറിയില്ല,’ എം.ആര്‍. രാജകൃഷ്ണന്‍ പറഞ്ഞു.


Content Highlight: MR Rajakrishnan Talks About Director Bhadran

Latest Stories

We use cookies to give you the best possible experience. Learn more