| Saturday, 14th March 2026, 4:56 pm

എം.ആര്‍. അജിത് കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

അനിത സി

തിരുവനന്തപുരം: എം.ആര്‍. അജിത് കുമാറിനെ ബവ്‌കോ സി.എം.ഡിയായി നിയമിച്ചു. കഴിഞ്ഞദിവസം എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിരിക്കുന്നത്.

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് അജിത്കുമാറിനെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്.

ഐ.എ.എസ് ഉദ്യോസ്ഥരെ മാത്രമെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിയമിക്കാവൂ എന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

ശബരിമല ട്രാക്ടര്‍ വിവാദത്തെ തുടര്‍ന്നായിരുന്നു അജിത് കുമാറിനെ പൊലീസ് സേനയില്‍ നിന്നും എക്സൈസിലേക്ക് മാറ്റിയത്. അനധികൃത സ്വത്ത് സമ്പാദനം. തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ തുടങ്ങിയ വിവാദങ്ങളിലും എം.ആര്‍ അജിത് കുമാറിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

അജിത് കുമാര്‍ എക്സൈസിലേക്ക് മാറിയപ്പോഴും വിവാദങ്ങള്‍ പിന്തുടര്‍ന്നിരുന്നു. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥര്‍ എസ്‌കോര്‍ട്ട് പോകണമെന്ന ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് അജിത് കുമാര്‍ വിവാദങ്ങളിലകപ്പെട്ടത്.

സ്ഥലം മാറ്റത്തിനെതിരെ കോടതിയെ സമീപിച്ച കാര്‍ഷികോത്പാദന കമ്മീഷണറായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബി. അശോകിനെയും കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു.

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സ്ഥലം മാറ്റത്തിനെതിരെ അനുകൂല വിധി സമ്പാദിച്ചിരുന്നു അദ്ദേഹം.

പിന്നാലെയാണ് സൈനിക ക്ഷേമ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയാണ് നിയമനം നല്‍കിയിരിക്കുന്നത്. യുവജനക്ഷേമ വകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.

Content Highlight: MR Ajith Kumar appointed as CMD of BEVCO

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more