ജമാഅത്തെ ഇസ്‌ലാമിയുടെ സ്വത്വവാദവും ഇടതുപക്ഷ വിമര്‍ശനവും; മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഭാവി
DISCOURSE
ജമാഅത്തെ ഇസ്‌ലാമിയുടെ സ്വത്വവാദവും ഇടതുപക്ഷ വിമര്‍ശനവും; മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഭാവി
എം.പി ഫവാസ്
Saturday, 30th August 2025, 6:23 pm
ഇടത് വിമര്‍ശനത്തിലൂന്നി മാത്രമാണ് ഈ ധാരയ്ക്ക് ഐക്യം സാധ്യമാവുന്നത്. ഒരു പൊതു എതിരാളി ഇല്ലാതെ ഐക്യം സാധ്യമാവില്ല എന്നതാണ് ഈ രാഷ്ട്രീയ വിമര്‍ശന പദ്ധതിയുടെ പരിമിതി. മാത്രമല്ല എതിരാളി ദുര്‍ബലമാവുന്നതോടെ ഇതില്‍ അടങ്ങിയിട്ടുള്ള മറ്റു കക്ഷികള്‍ തങ്ങളുടെ വ്യത്യസ്തങ്ങളായ സ്വത്വം മുന്‍ നിര്‍ത്തി പരസ്പരം എതിരിടുന്ന സാഹചര്യമാണ് ഉണ്ടാവുക | എം.പി ഫവാസ് എഴുതുന്നു

ആര്‍.എസ്.എസിന്റെ സാമൂഹിക പ്രതിബദ്ധതയെ മുന്‍നിര്‍ത്തി ‘സേവ’ എന്ന ആശയത്തെ കുറിച്ച് പി.എച്ച്.ഡി കരസ്ഥമാക്കിയ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറില്‍ നിന്ന് ഒരിക്കല്‍ ആധുനികതാ വിമര്‍ശനത്തിന് ചില പോസ്റ്റ് മോഡേണ്‍ സ്‌കോളര്‍മാരുടെ ഉദ്ധരണികള്‍ കേട്ടത് ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.

അവര്‍ തന്റെ പി.എച്ച്.ഡി തീസിസിന്റെ ഫ്രെയിംവര്‍ക്ക് കൈക്കൊണ്ടത് പോസ്റ്റ് കൊളോണിയല്‍ സ്‌കോളര്‍മാരില്‍ നിന്നായിരുന്നു. പോസ്റ്റ് കൊളോണിയല്‍ ലെഫ്റ്റും ഹിന്ദുരാഷ്ട്ര രൂപീകരണവും തമ്മിലുള്ള വിചിത്രമായ ബന്ധത്തെ കുറിച്ച് വിശദീകരിക്കുന്ന സ്‌കോളര്‍ മീരാ നന്ദയുടെ പുതിയ പുസ്തകം ഈയിടെയാണ് ശ്രദ്ധയില്‍ പെടുന്നത്.

പുസ്തകം വായിച്ചപ്പോഴാണ് പഴയ അധ്യാപികയുടെ കാര്യം ഓര്‍മ വന്നത്. ഉത്തരാധുനിക അക്കാദമിക വ്യവഹാരങ്ങള്‍ ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രത്തിന് ആവശ്യമായ ബൗദ്ധിക മൂലധനം നല്‍കിയത് എങ്ങനെയാണ് എന്നാണ് മീരാ നന്ദ വിശദീകരിക്കുന്നത്.

ആധുനിക യുക്തിബോധത്തില്‍ അധിഷ്ഠിതമായ പാശ്ചാത്യ ജ്ഞാനശാസ്ത്രം കോളനിവത്കൃത സമൂഹങ്ങള്‍ക്ക് മേല്‍ നടത്തുന്ന ഹിംസയെ പഠന വിധേയമാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഉത്തരാധുനിക സങ്കല്‍പങ്ങളെയും പദാവലികളെയും ഇന്ത്യയിലെ വലതുപക്ഷം ഉപയോഗിക്കുന്നത് ”ഹിന്ദു മനസിന്റെ അപകോളനീകരണം” എന്ന തങ്ങളുടെ ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന് ആവശ്യമായ ജ്ഞാനോത്പാദനത്തിന് വേണ്ടിയാണ്.

”യൂറോപ്പിനെ പ്രവിശ്യവല്‍ക്കരിക്കുക” എന്ന ആശയം ഹിന്ദു വലതുപക്ഷം വ്യാപകമായി ഉപയോഗിക്കുന്നതും പത്തൊമ്പതാം നൂറ്റാണ്ടിലെ ഹിന്ദു പുനരുജ്ജീവന പ്രസ്ഥാനങ്ങളെ ഓര്‍മിപ്പിക്കുന്നതുമാണ്.

മാത്രവുമല്ല ജര്‍മനിയില്‍ നാസികള്‍ ഭരണത്തിലേറുന്നതിന് മുന്‍പുണ്ടായിരുന്ന ”വൈമര്‍ റിപ്പബ്ലിനെ” താഴെയിറക്കിയ ”യാഥാസ്ഥിതിക വിപ്ലവവുമായി” ഇന്ത്യയിലെ കോളനിയാനന്തര ചിന്തക്ക് ഉള്ളടക്കത്തിലും പശ്ചാത്തലത്തിലും ഒരു ശക്തമായ കുടുംബ ബന്ധം ഉണ്ടെന്നും പുസ്തകം വാദിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വേണം കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും തര്‍ക്കങ്ങളെയും മനസിലാക്കാന്‍.

ഉത്തരാധുനിക വ്യവഹാരങ്ങള്‍ ഊന്നല്‍ നല്‍കുന്നത് നിലവിലെ സാമൂഹിക ഘടനയുടെ വിമര്‍ശനത്തിനാണ്. അഥവാ ഗ്രാന്‍ഡ് നരേറ്റീവുകള്‍ തിരസ്‌കരിക്കുക എന്നതാണ് അതിന്റെ മുഖ്യദൗത്യം.

കമ്യൂണിസം, ദേശീയത, സെക്കുലറിസം, ജനാധിപത്യം എന്നൊക്കെയുള്ള സങ്കല്‍പങ്ങളോടാണ് വിമര്‍ശനം. ഈ തിരസ്‌കാരം കൊണ്ടുവരുന്ന ബൗദ്ധികമായ വിടവുകള്‍ ഒരു പക്ഷേ മറ്റ് ഏതെങ്കിലും ആശയപദ്ധതിയയിരിക്കും നികത്തുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ അത് ചെയ്യുന്നത് സംഘപരിവാര്‍ ആണ് എന്നതാണ് ഇതിലെ വൈരുധ്യം.

സംഘപരിവാര്‍ പാഠപുസ്തക പരിഷ്‌കരണം കൊണ്ടുവരുന്നതും മതേതര വിരുദ്ധമായ ആശയങ്ങള്‍ കൈക്കൊള്ളുന്നതും മുഗള്‍ ചരിത്രം അടക്കം പാഠപുസ്തകങ്ങളില്‍ നിന്ന് നിരോധിക്കുന്നതുമെല്ലാം തന്നെ ഇത്തരം ഒരു ബൗദ്ധിക അടിത്തറയില്‍ നിന്നുകൊണ്ടാണ്.

കേരളത്തിലേക്ക് വരുമ്പോള്‍ ഇടത് സംഘടനകള്‍ക്ക് നേരേ, പ്രത്യേകിച്ച് സി.പി.ഐ.എമ്മിനും പോഷക സംഘടനകള്‍ക്കും നേരേ വിമര്‍ശനം ഉന്നയിക്കാനുള്ള ഭാഷ നിര്‍മിക്കുന്നത് പോസ്റ്റ് മാര്‍ക്‌സിയന്‍ വ്യവഹാരങ്ങളിലൂടെ ഉത്തരാധുനിക ബുദ്ധിജീവികളാണ്.

അല്ലെങ്കില്‍ ഉത്തരാധുനിക രാഷ്ട്രീയത്തിന് എതിരെ വര്‍ഗ രാഷ്ട്രീയത്തില്‍ ഊന്നിക്കൊണ്ട് ആദര്‍ശപരമായ വിമര്‍ശനം ഉന്നയിക്കാനുള്ള ശേഷിയും ബൗദ്ധിക അടിത്തറയും ഉള്ളത് ഇടതുപക്ഷത്തിന് മാത്രമാണ്. അതുകൊണ്ട് കൂടിയാണ് ഇടതുപക്ഷം ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്.

പ്രായോഗിക രാഷ്ട്രീയത്തില്‍ ഇതിന്റെ ഗുണഭോക്താക്കള്‍ പക്ഷെ ജമാഅത്തെ ഇസ്‌ലാമിയാണ്. ജമാഅത്ത് ഇസ്‌ലാമി ഒരു പോസ്റ്റ് മാര്‍ക്‌സിസ്റ്റ് മൂവ്‌മെന്റ് ആയാണ് തങ്ങളെ മനസിലാക്കുന്നതും അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതും. അതുകൊണ്ട് തന്നെ ഉത്തരാധുനിക ബുദ്ധിജീവികള്‍ ഭൂരിഭാഗം പേരും ജമാഅത്ത് സഹയാത്രികരാണ്.

നിലനില്‍ക്കുന്ന സാമൂഹിക ഘടനയെ തകര്‍ക്കുന്നു എന്നത് മാത്രമല്ല, ഒരു ബദല്‍ മുന്നോട്ടുവെക്കുന്നില്ല എന്നതും കൂടിയാണ് ശ്രദ്ധിക്കേണ്ടത്. സാമൂഹിക ഘടനകളോട് ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങളുടെ ശരിതെറ്റുകള്‍ എന്നതിലേക്ക് പോവുന്നതിന് പകരം വിവിധ സാമൂഹിക സാഹചര്യങ്ങളില്‍ എന്ത് തരം പ്രതിഫലനമാണ് ഇവ ഉണ്ടാക്കുന്നത് എന്നത് കൂടി അന്വേഷിക്കല്‍ വളരെ പ്രധാനമാണ്.

ഉദാഹരണത്തിന് ”ഇസ്‌ലാമോഫോബിയ” ആരോപണങ്ങള്‍ ശ്രദ്ധിക്കുക. കേവലമായ കക്ഷി രാഷ്ട്രീയ മുന്‍തൂക്കം ലഭിക്കുന്നതിന് വേണ്ടിയാണ് പലര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തപ്പെടുന്നത്. സമുദായത്തിനകത്തെ ഇതര കക്ഷികളോടുള്ള ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള ഉല്‍പ്പതിഷ്ണുക്കളുടെ നിലപാട് പോലും ഒരിക്കലും ”ഇസ്‌ലാമോഫോബിയ” എന്ന വിമര്‍ശനം നേരിടേണ്ടി വരില്ല.

വി.എസ്. അച്യുതാനന്ദന്‍ മരണപ്പെട്ട സമയത്ത് അദ്ദേഹം നടത്തിയ ”ഇസ്‌ലാമോഫോബിക്” പരാമര്‍ശങ്ങള്‍ കോള്‍ ഔട്ട് ചെയ്യുന്നവര്‍, അതേ കാലത്ത് സി. ദാവൂദ് തന്റെ തൂലികാനാമത്തില്‍* എഴുതിയ ലേഖനത്തില്‍ ഉന്നയിച്ച സമാനമായ ആരോപണങ്ങളെ കുറിച്ച് ഒരിക്കലും സംസാരിക്കില്ല.

സീതി എന്ന തൂലികാനാമത്തിൽ പ്രബോധനം പ്രസിദ്ധീകരിച്ച ലേഖനം.

മുസ്‌ലിങ്ങളില്‍ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയോട് മുസ്‌ലിമായ സി. ദാവൂദിന് ‘തെറ്റിദ്ധാരണ’ ഉണ്ടാവാം എങ്കില്‍ എന്തുകൊണ്ട് വി.എസിന് അത് പാടില്ല എന്ന് ചോദിക്കല്‍ പ്രധാനമാണ്.

സി. ദാവൂദ്

ഇടത് വിമര്‍ശനത്തിലൂന്നി മാത്രമാണ് ഈ ധാരയ്ക്ക് ഐക്യം സാധ്യമാവുന്നത്. ഒരു പൊതു എതിരാളി ഇല്ലാതെ ഐക്യം സാധ്യമാവില്ല എന്നതാണ് ഈ രാഷ്ട്രീയ വിമര്‍ശന പദ്ധതിയുടെ പരിമിതി. മാത്രമല്ല എതിരാളി ദുര്‍ബലമാവുന്നതോടെ ഇതില്‍ അടങ്ങിയിട്ടുള്ള മറ്റു കക്ഷികള്‍ തങ്ങളുടെ വ്യത്യസ്തങ്ങളായ സ്വത്വം മുന്‍ നിര്‍ത്തി പരസ്പരം എതിരിടുന്ന സാഹചര്യമാണ് ഉണ്ടാവുക.

ഇതിന്റെ മുന്‍കഴിഞ്ഞ മാതൃകകള്‍ നോക്കിയാല്‍ ഈ വൈരുദ്ധ്യം എളുപ്പം മനസ്സിലാവും. ഉദാഹരണത്തിന് 2016ല്‍ ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ആയിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയും അതേ തുടര്‍ന്ന് നടന്ന അനുരണനങ്ങളുമാണ് ഇന്ത്യയിലെ കാമ്പസുകളില്‍ ഉടനീളം ദളിത് – മുസ്‌ലിം സ്വത്വ രാഷ്ട്രീയത്തിന് പുതിയ ഉണര്‍വ് നല്‍കിയത്.

രോഹിത് വെമുല

സ്വത്വ രാഷ്ട്രീയത്തിന്റെ പ്രധാനമായ നേരിട്ടുള്ള എതിരാളികള്‍ പക്ഷേ സംഘപരിവാര്‍ ആയിരുന്നില്ല. സംഘപരിവാറിനോട് പല നിലയ്ക്കും ഏറ്റുമുട്ടാന്‍ അവര്‍ക്ക് പരിമിതി ഉണ്ടാവുകയോ, അല്ലെങ്കില്‍ ജാതി മേല്‍ക്കോയ്മ, ബ്രാഹ്‌മണിക്ക് ഹെജിമണി, ബ്രാഹ്‌മിണ്‍ ബോയ്‌സ്, അടിച്ചമര്‍ത്തല്‍ തുടങ്ങിയ പദാവലികള്‍ക്ക് മേല്‍ സാധ്യമായിരുന്ന വിമര്‍ശനം ഇടതുപക്ഷത്തിന് നേരെയാണ് ഏറ്റവും ആദ്യം കൊണ്ടു വന്നത്.

സ്വത്വബോധത്തില്‍ അധിഷ്ഠിതമായ ഈ വിമര്‍ശനം എസ്.എഫ്.ഐ തേരാ നാം വിളികളോടെ എ.ബി.വി.പിയുമായി തുലനം ചെയ്ത് ഇടതുപക്ഷത്തെ മുസ്‌ലിങ്ങള്‍ക്കും ദളിതര്‍ക്കും എതിരായി പ്രതിഷ്ഠിക്കാനാണ് ഇവര്‍ ശ്രമിച്ചത്.

കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഉടനീളം ഈ മുദ്രാവാക്യം ഏറ്റുപാടിയാണ് സംഘവിരുദ്ധ സമര ചേരിയില്‍ മുന്നില്‍ നിന്നിരുന്ന ഇടത് സംഘടനകളെ ദളിത്, മുസ്‌ലിം ഐഡിന്റിറ്റി പൊളിറ്റിക്‌സിന്റെ വാക്താക്കള്‍ നേരിട്ടത്.

ഫലത്തില്‍ സംഘവിരുദ്ധ രാഷ്ട്രീയ ചേരി ദുര്‍ബലമാവുകയും അധികാരത്തിന്റെ കൂടി സ്വാധീനം ഉപയോഗിച്ച് ജെ.എന്‍.യു, ഹൈദരബാദ് സര്‍വകലാശാല എന്നുതുടങ്ങി എല്ലായിടങ്ങളിലും എ.ബി.വി.പി അധികാരത്തിലേറുകയും ചെയ്തു.

ഇടതുപക്ഷം അല്‍പം ദുര്‍ബലമായ സ്ഥലങ്ങളിലൊക്കെ തന്നെ ദളിത്-മുസ്‌ലിം സ്വത്വവാദ ചേരിയും തമ്മിലടിച്ച് പിരിയുന്ന സാഹചര്യമാണ് ഉണ്ടായത്. വളരെ ഇസ്‌ലാമോഫോബിക് ആയാണ് പിന്നീട് ഈ സഖ്യത്തില്‍ ഉണ്ടായ മുസ്‌ലിങ്ങള്‍ അല്ലാത്തവര്‍ എല്ലാം തന്നെ പരിണമിച്ചത് എന്നതാണ് മറ്റൊരു വസ്തുത. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് ഇടതുപക്ഷത്തിന്റെ സഖ്യം ആവശ്യമില്ല എന്ന തോന്നല്‍ കൂടിയാണ് തകര്‍ന്നത്.

സര്‍വകലാശാലകളില്‍ പ്രായോഗികമായി പരാജയപ്പെട്ട ഒരു രാഷ്ട്രീയ പദ്ധതിയെ കേരളീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് മീഡിയ വണ്‍ അടക്കമുള്ള മാധ്യമങ്ങളുടെ പിന്തുണയോടെ ഇടതു വിരുദ്ധ മുന്നണി ശ്രമിക്കുന്നത്.

മുസ്‌ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയവും ജമാഅത്തെ ഇസ്‌ലാമിയുടെ സ്വത്വരാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സൂക്ഷ്മാര്‍ത്ഥത്തില്‍ മനസ്സിലാക്കുക കൂടി പ്രധാനമാണ്. മുസ്‌ലിം ലീഗ് ഉയര്‍ത്തുന്ന സാമുദായിക രാഷ്ട്രീയം ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ പ്രബലവും പ്രസക്തവുമായ ഒന്നാണ്.

മുസ്‌ലിം ലീഗ്

കേരളത്തില്‍ അടക്കം നവോഥാന മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്നതില്‍ വ്യത്യസ്ത സമുദായ സംഘങ്ങളുടെ പാരസ്പര്യം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇതര സമൂഹങ്ങളോടും സമുദായങ്ങളോടും ഗുണകാംക്ഷാപരമായ ഇടപെടലുകള്‍ നടത്തുന്നതിന് ലീഗ് രാഷ്ട്രീയം ഒരിക്കലും എതിരല്ല.

സ്വഭാവികമായും എം.എസ്.എഫ് കാമ്പസുകളില്‍ ഉയര്‍ത്തേണ്ടത് അതിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ ഇതര സമുദയങ്ങളുമായുള്ള ചര്‍ച്ചകളും കൊടുക്കല്‍ വാങ്ങലുകള്‍ പോലും സ്വത്വവാദ പദാവലി അനുസരിച്ച് വിധേയത്വവും അസ്തിത്വം പണയപ്പെടുത്തലും ആയി മാറും.

എം.എസ്.എഫ്

സ്വാഭാവിക രാഷ്ട്രീയ ഇടപാടുകളെയും നിലവിലെ സാമൂഹിക അധികാര സംവിധാനങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ രാഷ്ട്രീയം പറയുന്നത് പോലും പ്രശ്നവത്കരിക്കപ്പെടും.

ഉദാഹരണത്തിന് ഇന്ത്യന്‍ മതേതരത്വത്തെ കുറിച്ചുള്ള മുസ്‌ലിം ലീഗിന്റെ നിലപാട് ജമാഅത്ത് ആഭിമുഖ്യമുള്ള സ്വത്വവാദികളുടെ വ്യാഖ്യാനം അനുസരിച്ച് അടിമത്വമോ അഭിമാനം പണയം വെക്കലോ ആണ്. സമാനമായി ഇടതുപക്ഷത്തിന് മുസ്‌ലീങ്ങള്‍ വോട്ട് നല്‍കുന്നത് ഏകപക്ഷീയ ഇടപാട് ആണെന്നും അതിനാല്‍ തന്നെ അടിമത്വ സമാനമാണ് എന്നതാണ് മറ്റൊരു നരേറ്റീവ്.

ഈ വാദം പോലും സാധ്യമാക്കുന്നതിന് മുസ്‌ലിങ്ങളെ മതപരമോ ജാതീയമോ ആയ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഏകാത്മക സംഘമായാണ് സങ്കല്‍പ്പിക്കുന്നത്. ഇടതുപക്ഷത്തെ പ്രത്യേകിച്ച് സി.പി.ഐ.എമ്മിനെ സങ്കല്‍പ്പിക്കുന്നതും ഭൂരിപക്ഷ സ്വത്വത്തില്‍ അധിഷ്ഠിതമായ സംഘാടനം എന്ന നിലയ്ക്കാണ്. അവര്‍ക്ക് ആവശ്യമായ ഭാഷ സംഭാവന ചെയ്യുന്നതാകട്ടെ ഉത്തരാധുനിക ബുദ്ധിജീവികളും.

ഇവരുടെ രാഷ്ട്രീയ ശരികളുടെ അളവുകോല്‍ ഒരിക്കലും കോണ്‍ഗ്രസിന് നേരെയോ വലതുപക്ഷ കോര്‍പറേറ്റ് സഖ്യത്തിന് നേരെയോ നീങ്ങില്ല എന്നതും അത്തരം വിമര്‍ശനം ഉന്നയിക്കാന്‍ പര്യാപ്തമല്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

കേരളത്തിലെ സാഹചര്യത്തില്‍ മുസ്‌ലിം ലീഗും മുസ്‌ലിം മത സംഘടനകളായ ഇരുവിഭാഗം സമസ്തയും മുജാഹിദുകളും പ്രയോഗിച്ചു പോന്നിരുന്ന സമുദായിക രാഷ്ട്രീയത്തില്‍ നിന്ന് വിഭിന്നമായാണ് മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ എം.എസ്.എഫ് കേന്ദ്ര സര്‍വകലാശാലകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയ വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്മെന്റിനൊപ്പം സഖ്യം ചേര്‍ന്നത്. പല ഇടങ്ങളിലും തങ്ങള്‍ക്ക് സ്വയം മേല്‍ക്കോയ്മ നേടാന്‍ എം.എസ്.എഫിനെ അവര്‍ ബലിയാടാക്കിയിട്ടും ഉണ്ട് എന്നതാണ് ഇതിലെ തമാശ.

ഫ്രറ്റേണിറ്റി മൂവ്മെന്റ്

ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം ഇത്തരം വിമര്‍ശനങ്ങളുടെ ഭാഷയും രീതിയുമാണ്. എം.എസ്.എഫ് നേതാക്കളുടെ സംസാരത്തിലും എഴുത്തിലും ഉത്തരാധുനിക പദാവലികള്‍ കടന്നു വരുന്നതു പോലെ സമുദായിക രാഷ്ട്രീയത്തോട് മുസ്‌ലിം ലീഗിന്റെ ഇക്കാലം വരെ തുടര്‍ന്ന് പോന്ന സമീപനങ്ങളോട് സ്വത്വ രാഷ്ട്രീയത്തിന്റെ പാത പിന്തുടര്‍ന്ന് എം.എസ്.എഫ് എന്ത് മാറ്റമാണ് കൊണ്ടുവരുന്നത് എന്നുകൂടി ലീഗ് നേതൃത്വം മനസ്സിലാക്കുക പ്രധാനമാണ്.

മുസ്‌ലിം ലീഗ് പോലെ വളരെ പ്രബലമായ അധികാര പങ്കാളിത്തം ഉണ്ടാവുന്ന ഒരു പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ രാഷ്ട്രീയപരമായ വാദങ്ങള്‍ നടത്തേണ്ട ഇടങ്ങളില്‍ എന്തുകൊണ്ടാണ് സ്വത്വകേന്ദ്രീകൃതമായി ഇരകളുടെ ഭാഷയില്‍ മാത്രം സംസാരിക്കുന്നത് എന്നത് വളരെ പ്രധാനമാണ്.

മുസ്‌ലിങ്ങള്‍ക്കെതിരെ പല തോതിലുള്ള സാമൂഹിക വിവേചങ്ങള്‍ നടക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ മനസിലാക്കുമ്പോള്‍ തന്നെ അതിനോടുള്ള ലീഗിന്റെയും സമുദായ സംഘടനകളുടെ മുന്‍കാല ഇടപെടലുകള്‍ എന്തായിരുന്നു എന്നതും മനസിലാക്കണം.

തങ്ങള്‍ പൂര്‍ണമായും അടിച്ചമര്‍ത്തപ്പെട്ടവരാണ് എന്ന മുന്‍ധാരണയില്‍ നിന്ന് മാത്രമേ എല്ലാവിധ രാഷ്ട്രീയ പ്രവര്‍ത്തനവും സാധ്യമാവുകയുള്ളൂ എന്നതും തങ്ങളുടെ ‘മര്‍ദകരോട്’ സംവദിക്കേണ്ടത് ‘ഇര’ എന്നതില്‍ മാത്രം അധിഷ്ഠിതമായ ഭാഷ ഉപയോഗിച്ചുമാണ് എന്നതാണ് ഉത്തരാധുനിക സ്വത്വരാഷ്ട്രീയം മുന്നോട്ട് വെക്കുന്നത്.

മാത്രമല്ല തങ്ങളുടെ ‘വേട്ടയ്ക്ക്’ ഇടതുപക്ഷത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും അവരെ സംഘിയും ഇസ്‌ലാമോഫോബും ആക്കി മുദ്രകുത്തുകയും ചെയ്യുന്നത് കൊണ്ട് എന്ത് തരം രാഷ്ട്രീയ പ്രതിഫലനമാണ് ഉണ്ടാക്കുന്നത് എന്നും അന്വേഷിക്കേണ്ടത് ലീഗിന്റെ അനിവാര്യതയാണ്.

ജമാഅത്തെ ഇസ്‌ലാമിയുടെ മതം മാത്രമാണ് ഇതര മുസ്‌ലിങ്ങള്‍ക്ക് പ്രശ്‌നം. അവരോടുള്ള പ്രശ്‌നം രാഷ്ട്രീയപരമല്ല എന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്. ഇങ്ങനെ പറയുന്നവര്‍ ആദ്യാന്തം ജമാഅത്തെ ഇസ്‌ലാമിയെ മനസിലാകാത്തവരാണ്.

ജമാഅത്തെ ഇസ്‌ലാമിയോട് കേരളത്തിന്റെ പരിസരത്ത് നിന്ന് മതപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ തന്നെ ഇതര സംഘടനകളുടെ പ്രധാന പ്രശ്‌നം അവരോടുള്ള രാഷ്ട്രീയപരമായ വിയോജിപ്പാണ്.

ഓരോ സമയത്തെ സാമൂഹ്യ ബന്ധങ്ങളിലൂടെ മതത്തെ വായിക്കുക എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ശൈലി. ഓരോ സമയത്തെ രാഷ്ട്രീയ നിലപാട് അവരുടെ മത നിലപാട് ആണ്. ആ നിലപാട് പക്ഷെ പെട്ടന്ന് മാറും. ആ നിലപാടിലേക്ക് ഉദ്ധരണികള്‍ കൊണ്ടു വന്ന് അവര്‍ ന്യായീകരണം കണ്ടെത്തും.

സി.പി.ഐഎമ്മും ആയി ബന്ധമുള്ള കാലത്ത് സി.പി.ഐഎമ്മിന് വേണ്ടി പണി എടുക്കുക എന്നത് മത ബാധ്യതയായി കണ്ട് പെട്ടന്ന് ഒരു ദിവസം അതില്‍ നിന്ന് മാറി സി.പി.ഐ.എം വിരുദ്ധത എന്നതിലേക് ചുരുങ്ങി എന്നതാണ് അവരുടെ പ്രത്യേകത. ഓരോ സമയത്തും അവര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടിലേക്ക് അവര്‍ ഒരു ഇസ്‌ലാമിക മാനം നല്‍കും.

രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായി മതത്തെ വളരെ ലളിതമായി വായിക്കുന്ന ഈ രീതിയെ ആണ് ഇതര മുസ്‌ലിം സംഘടനകള്‍ എല്ലാം എതിര്‍ക്കുന്നത്.

ഈ രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കള്‍ പക്ഷെ കോണ്‍ഗ്രസോ ലീഗോ ആയിരിക്കില്ല മറിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പ്രതിനിധിയായ വെല്‍ഫെയര്‍ പാര്‍ട്ടി ആയിരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കേരളത്തില്‍ മുന്നണി പ്രവേശനം സാധ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

വെല്‍ഫെയര്‍ പാര്‍ട്ടി

അതേസമയം ഇടതുപക്ഷത്തിന്റെ ജമാഅത്തെ ഇസ്‌ലാമിയോടുള്ള വിമര്‍ശനം തീവ്രവാദം, ഭീകരവാദം, വര്‍ഗീയത എന്ന പതിവു പല്ലവികളില്‍ കുടുങ്ങിപ്പോകുന്നത് ഇടതുപക്ഷത്തിന് തന്നെയാണ് തിരിച്ചടിയാവുന്നത്. അല്ലെങ്കില്‍ അതിനെ മുതലാക്കാന്‍ മീഡിയ വണ്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിക്കുന്നു. ഇതിനു പകരം തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്‍ നിര്‍ത്തി തന്നെ ജമാഅത്തിന്റെ തന്ത്രങ്ങള്‍ ചോദ്യം ചെയ്യപ്പെടണം.

ചില കേന്ദ്ര സര്‍വ്വകലാശാല കാമ്പസുകളില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എം.എസ്.എഫിനെ അദൃശ്യമാക്കിയത് പോലെ കേരളത്തില്‍ ലീഗിനെ കോര്‍ണര്‍ ചെയ്യുക എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആത്യന്തിക ലക്ഷ്യം.

അതിന് വേണ്ടി കൂടിയാണ് ഇടതുപക്ഷത്തെയും ലീഗിനെയും തമ്മിലടിപ്പിക്കുന്നത്. ഇടതുപക്ഷവും ലീഗും തമ്മിലുള്ള സംവാദങ്ങളില്‍ വിവിധ തരം പുതിയ ഭാഷയും പദാവലികളും കടന്നുവരുന്നത് ഉത്തരാധുനിക സ്വത്വവാദികളുടെ സംഭാവനയാണ്.

അതേസമയം സാമുദായിക രാഷ്ട്രീയത്തെ ഏതെങ്കിലും രീതിയില്‍ മത രാഷ്ട്രീയമായോ വര്‍ഗീയ രാഷ്ട്രീയമായോ ആയാണ് തിരിച്ച് എസ്.എഫ്.ഐ മനസ്സിലാക്കുന്നത് എങ്കില്‍ അത് അഡ്രസ് ചെയ്യാതെ കൃത്യതയുള്ള രാഷ്ട്രീയ വിമര്‍ശനം നടത്താതെ ഇടതുപക്ഷത്തിനും മുന്നോട്ട് പോവുക സാധ്യമല്ല.

എസ്.എഫ്.ഐ

ജമാഅത്തിന്റെ മതേതരത്വം, ദേശീയത, സങ്കല്‍പങ്ങളോടുള്ള വിയോജിപ്പിന്റെ വഴിയില്‍ അവര്‍ക്ക് തടസ്സം നില്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്.

പാശ്ചാത്യ നിര്‍മിതിയായ ”മതേതര” ഇടം ഇല്ലാതെ തന്നെ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ സൗഹൃദം സാധ്യമാവും എന്നാണ് ഉത്തരാധുനിക വാദം. എന്നാല്‍ അതോടൊപ്പം രാഷ്ട്രീയം കടന്നുവരുന്നതോടെ ഈ സൗഹൃദത്തിന്റെ പ്രായോഗിക അനുഭവം ഗുജറാത്തിലും യു.പിയിലും, കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഒക്കെ കാണുന്ന പോലെയുള്ള വെറുപ്പിന്റെ രാഷ്ട്രീയം ആയിരിക്കും എന്ന് മാത്രം.

ഇതിന്റെ അക്കൗണ്ടാബിലിറ്റി എന്തായാലും ഒരു പഞ്ചായത്തിന്റെ പോലും ഉത്തരവാദിത്തം കൈകാര്യം ചെയ്ത് പരിചയം ഇല്ലാത്ത ജമാഅത്തെ ഇസ്‌ലാമി ഏറ്റെടുക്കാന്‍ പോവുന്നില്ല.

മൊബിലൈസേഷണല്‍ പൊളിറ്റിക്‌സിന്റെ കടന്നുവരവ് സാമുദായിക അതിര്‍വരമ്പുകളെ കൂടുതല്‍ മതാധിഷ്ഠിതവും നിര്‍ണിതവും ആക്കി മാറ്റിയിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ സാമൂഹിക ഭൂപടത്തില്‍ ”മതേതര” ഇടങ്ങള്‍ക്കും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് പ്രാധാന്യം കൈവരാനുള്ള കാരണം.

കേരളത്തിന്റെ മത സാമൂഹിക ഘടനയെ തകര്‍ക്കാന്‍ ശേഷിയുള്ള സംഘപരിവാറിന് വളമൊരുക്കുന്ന വ്യവഹാരങ്ങളാണ് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എന്ന പേരില്‍ പ്രയോഗിക്കപ്പെടുന്നത്.

സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളാന്‍ ആദര്‍ശ ശേഷിയും ആശയ പ്രതിബദ്ധതയും ഉള്ള ഇടതുപക്ഷത്തെ സംഘപരിവാറുമായി സാമ്യപ്പെടുത്തുന്നത് കേവലമായ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയും സമുദായിക ധ്രുവീകരണത്തിനും വേണ്ടിയാണ് എന്നതിനെ നിസ്സാരമായി മനസിലാക്കാന്‍ സാധിക്കില്ല. ഇടത് വിമര്‍ശനം ഉന്നയിക്കുന്നവരുടെ ഉദ്ദേശ ലക്ഷ്യത്തെ സംശയിക്കാനും വിമര്‍ശിക്കാനുമുള്ള കാരണവും ഇതുതന്നെയാണ്.

 

Content Highlight: MP Favaz writes about Jamaat e Islami

 

എം.പി ഫവാസ്
സ്വതന്ത്രഗവേഷകന്‍