മമ്മൂട്ടി മാത്രമല്ല, സയനൈഡ് മോഹനെ സ്‌ക്രീനില്‍ അവതരിപ്പിച്ച വേറെയും ആളുകളുണ്ടേ...
Indian Cinema
മമ്മൂട്ടി മാത്രമല്ല, സയനൈഡ് മോഹനെ സ്‌ക്രീനില്‍ അവതരിപ്പിച്ച വേറെയും ആളുകളുണ്ടേ...
അമര്‍നാഥ് എം.
Monday, 8th December 2025, 5:18 pm

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് കളങ്കാവല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനമാണ് കളങ്കാവലിലേത്. സ്ത്രീകളെ വശീകരിച്ച് തന്റെ വലയിലാക്കുന്ന സൈക്കോപാത്തായി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. ഇന്ത്യയെ ഞെട്ടിച്ച സൈക്കോ കില്ലര്‍ സയനൈഡ് മോഹന്റെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവലിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ സംവിധായകന്‍ സൃഷ്ടിച്ചിരിക്കുന്നത്.

റിലീസിന് മുമ്പ് തന്നെ ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സ്ഥിരീകരണവുമുണ്ടായിരുന്നില്ല. ചില മുന്‍വിധികളുമായി ചിത്രം കാണാന്‍ തിയേറ്ററിലെത്തിയവരെപ്പോലും തന്റെ പ്രകടനത്തിലൂടെ ഞെട്ടിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചു. എന്നാല്‍ സയനൈഡ് മോഹന്റെ കഥ ആദ്യമായല്ല സിനിമയാക്കപ്പെടുന്നത്.

ബോളിവുഡ് രണ്ട് വട്ടം സയനൈഡ് മോഹന്റെ കഥ ക്യാമറക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2023ല്‍ ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ദഹാഡ് എന്ന വെബ് സിരീസിലൂടെയാണ് മോഹന്റ കഥ വെള്ളിവെളിച്ചത്തിലെത്തിയത്. സൊനാക്ഷി സിന്‍ഹ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിരീസില്‍ വിജയ് വര്‍മയാണ് വില്ലനായി വേഷമിട്ടത്.

ദഹാഡ് വിജയ് വര്‍മ

ആനന്ദ് സ്വര്‍ണകാര്‍ എന്ന അധ്യാപകനായി ഗംഭീര പ്രകടനമായിരുന്നു വിജയ് വര്‍മ കാഴ്ചവെച്ചത്. നാട്ടുകാര്‍ക്കിടയില്‍ നല്ലപിള്ള ഇമേജുള്ള ‘ഉയര്‍ന്ന ജാതി’യില്‍ പെട്ട ആനന്ദിന്റെ ഇരുണ്ടവശങ്ങളെല്ലാം വിജയ് വര്‍മയില്‍ ഭദ്രമായിരുന്നു. സൈക്കോ ത്രില്ലര്‍ എന്നതിലുപരി ഉത്തരേന്ത്യയിലെ ജാതിവ്യവസ്ഥയെ നിശിതമായി വിമര്‍ശിക്കുന്ന രംഗങ്ങളും ദഹാഡിലുണ്ടായിരുന്നു.

അന്വേഷണത്തിനായി വീട്ടിലെത്തുന്ന പൊലീസ് ഉദ്യാഗസ്ഥ ‘താഴ്ന്ന ജാതി’യായതിനാല്‍ ആനന്ദിന്റെ വീട്ടുകാര്‍ അവരോട് സഹകരിക്കാതിരിക്കുന്ന രംഗമെല്ലാം ഇന്നത്തെ ഇന്ത്യയുടെ നേര്‍ക്കാഴ്ചയാണ്. നിരൂപകര്‍ക്കിടയില്‍ ഗംഭീര അഭിപ്രായമാണ് ദഹാഡ് സ്വന്തമാക്കിയത്.

ഭഗവത് ചാപ്റ്റര്‍ വണ്‍: രാക്ഷസ്

ഈ വര്‍ഷം പുറത്തിറങ്ങിയ ഭഗവത് ചാപ്റ്റര്‍ വണ്‍: രാക്ഷസ് എന്ന ചിത്രവും ഇതേ കഥയിലാണ് ഒരുങ്ങിയത്. പഞ്ചായത്ത് എന്ന വെബ് സിരീസിലൂടെ ശ്രദ്ധ നേടിയ ജിതേന്ദ്ര കുമാറാണ് ചിത്രത്തില്‍ സയനൈഡ് മോഹന്റെ സാമ്യതകളുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത്. അര്‍ഷദ് വാര്‍സി പൊലീസ് വേഷത്തിലെത്തിയ ചിത്രം ഒ.ടി.ടിയിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ ശരാശരി അഭിപ്രായം മാത്രമാണ് ഭഗവത് ചാപ്റ്റര്‍ വണ്‍ സ്വന്തമാക്കിയത്.

ഇപ്പോഴിതാ മലയാളികളും സ്വന്തം മമ്മൂട്ടിയുടെ സയനൈഡ് മോഹനെ തിരശ്ശീലയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരില്‍ സയനൈഡ് മോഹനെ ഏറ്റവും ഗംഭീരമായി അവതരിപ്പിച്ചത് ആരെന്നാണ് പല സിനിമാപേജുകളിലെയും ചര്‍ച്ച. വിജയ് വര്‍മയും മമ്മൂട്ടിയുമാണ് പല ചര്‍ച്ചകളിലും മുന്നിട്ട് നില്‍ക്കുന്നത്.

ഒരേസമയം സ്ത്രീകളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുകയും അതുപോലെ തന്റെ ‘ഉന്നതജാതി’യില്‍ അഹങ്കരിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് വിജയ് വര്‍മയുടെ ആനന്ദ് സ്വര്‍ണകാര്‍. എന്നാല്‍ കളങ്കാവലിലെ സ്റ്റാന്‍ലിയാകട്ടെ ഇതില്‍ നിന്ന് വ്യത്യസ്തനാണ്. വേട്ടക്കാരന്റെ കൗശലം ആദ്യാവസാനം ഉള്ളില്‍ സൂക്ഷിക്കുന്ന കഥാപാത്രമാണിതെന്ന് മമ്മൂട്ടി ആദ്യ സീന്‍ മുതല്‍ സൂചന നല്കുന്നുണ്ട്.

ഓരോ തവണയും കുറ്റം ചെയ്യുമ്പോഴും പിടിക്കപെടില്ലെന്ന അമിതമായ ആത്മവിശ്വാസം കളങ്കാവലിലെ സ്റ്റാന്‍ലി പ്രകടിപ്പിക്കുന്നുണ്ട്. അത് മമ്മൂട്ടിയെപ്പോലെ എക്‌സ്പീരിയന്‍സ്ഡായിട്ടുള്ള നടനിലൂടെ കാണുമ്പോള്‍ ഓരോ പ്രേക്ഷകനും അമ്പരപ്പായിരുന്നു. അതിനാല്‍ തന്നെ ആനന്ദിനെക്കാള്‍ ഒരുപടി മുകളില്‍ സ്റ്റാന്‍ലി ദാസിനെ പ്രതിഷ്ഠിക്കുന്നതില്‍ തെറ്റില്ല.

Content Highlight: Movies base on Cyanide Mohan case

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം