മലയാള സിനിമയിലെ എവർ ക്ലാസിക് കോമ്പോ സത്യൻ അന്തിക്കാട് – മോഹൻലാൽ വീണ്ടും ഒന്നിച്ച ഹൃദയം തൊട്ട ഹൃദയപൂർവ്വം.
മലയാള സിനിമയിലെ എവർ ക്ലാസിക് കോമ്പോ സത്യൻ അന്തിക്കാട് – മോഹൻലാൽ വീണ്ടും ഒന്നിച്ച ഹൃദയം തൊട്ട ഹൃദയപൂർവ്വം.
ഹൃദയമാറ്റ ശസ്ത്രക്കിയക്ക് വിധേയനായ സന്ദീപ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഹൃദയപൂർവ്വം പറയുന്നത്. ഹൃദയം മാറ്റിവെച്ച സന്ദീപിനെ കാണാൻ ദാതാവിന്റെ മകളായ ഹരിത എത്തുന്നു. ഒരുപാട് സസ്‌പെൻസുകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു തനി സത്യൻ അന്തിക്കാട് ചിത്രമാണ് ഹൃദയപൂർവ്വം. സ്ഥിരം ശൈലിയായ അച്ഛൻ-മകൾ ബന്ധമാണ് ചിത്രത്തിൽ കാണിക്കുന്നതെങ്കിലും, എന്നത്തേയും പോലെയല്ല മാറ്റിപ്പിടിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ.
ഹരിത അവളുടെ എൻഗേജ്‌മെന്റിന് വിളിക്കുന്നതും തുടർന്ന് പൂനൈയിലേക്ക് പോകുന്ന സന്ദീപിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സന്ദീപ് ബാലകൃഷ്ണൻ എന്ന ക്ലൗഡ് കിച്ചൺ ഉടമയായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം മോഹൻലാലാണ്. സ്വന്തം ബിസിനസ് പൊന്നുപോലെ കൊണ്ടുനടക്കുന്ന സന്ദീപൊരു മുൻകോപക്കാരനാണ്.
മോഹൻലാലിന്റെ സഹായിയായ ജെറിയായി എത്തുന്നത് സംഗീത് പ്രതാപാണ്. ഹരിതയായി മാളവിക മോഹനനും ഹരിതയുടെ അമ്മയായി സംഗീതയും ചിത്രത്തിലെത്തുന്നു. കൂടാതെ പ്രതീക്ഷിക്കാതെ എത്തുന്ന മൂന്നോളം അതിഥി താരങ്ങളുമുണ്ട്.
ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊന്ന് മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള കോമ്പോയാണ്. അവർ തമ്മിലുള്ള മീറ്റർ കൃത്യമായി ഉപയോഗിക്കാൻ സത്യൻ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്. ഹോം നഴ്‌സായിട്ടാണ് സന്ദീപിന്റെ ജീവിതത്തിലേക്ക് എത്തുന്നതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനിയാകാൻ ജെറിക്ക് സാധിക്കുന്നുണ്ട്. സംഗീതിൻ്റെ പെർഫോമൻസ് അടിപൊളിയായിരുന്നുവെന്ന് പറയാതെ വയ്യ.
പൂനൈയിൽ ജനിച്ച് വളർന്ന മലയാളിയായി എത്തുന്ന മാളവിക എല്ലാംകൊണ്ടും ചിത്രത്തിന് അനുയോജ്യയായിരുന്നു. ഡയലോഗ് ഡെലിവറിയാണ് ഏറ്റവും മികച്ച് നിന്നത്. ഒരു തരത്തിലും മോശമെന്ന് തോന്നിപ്പിക്കാത്ത ഡയഗോഗ് ഡെലിവറിയാണ് മാളവികയുടെ.

മാളവികയും മോഹൻലാലും തമ്മിലുള്ള കോമ്പോയെ ചിത്രം ഇറങ്ങുന്നതിന് മുമ്പ് കുറച്ചുപേർ വിമർശിച്ചിരുന്നു. എന്നാൽ ആദ്യം സിനിമ കാണൂവെന്നായിരുന്നു ചിത്രത്തിന്റെ അണിയറക്കാരുടെ പ്രതികരണം. അത് അർത്ഥവത്തായിരുന്നെന്ന് സിനിമ കാണുമ്പോൾ മനസിലാകും. അച്ഛനോട് അമിത സ്‌നേഹമുള്ള മകളുടെ എല്ലാ എക്‌സ്‌പ്രെഷൻസും സിനിമയിൽ കാണിക്കുന്നുണ്ട്. വൈകാരികത തോന്നിപ്പിക്കുന്ന ചില സന്ദർഭങ്ങളിൽ അത് അതേ മീറ്ററിൽ കൺവേ ചെയ്യിക്കാൻ മാളവികക്ക് സാധിച്ചിട്ടുണ്ട്. സംഗീതയും അവരുടെ കഥാപാത്രം വളരെ മികച്ചതാക്കി. പണത്തിനോട് ആർത്തിയുള്ള അളിയനായി എത്തുന്ന സിദ്ദീഖ് നമ്മെ ചിരിപ്പിക്കുന്നുണ്ട്. കൂടാതെ ലാലു അലക്സ്, ജനാർദ്ദനൻ എന്നിവരും അവരുടെ കഥാപാത്രം നന്നായി ചെയ്തു.
എടുത്ത് പറയേണ്ട ഒന്ന് പശ്ചാത്തല സംഗീതമാണ്. ജസ്റ്റിൻ വർഗീസിന്റെ സംഗീതം ചിത്രത്തിന്റെ കഥാഗതിക്കൊത്ത്, ഒരു ഫാമിലിക്ക് ഹൃദയത്തിൽ കേറുന്ന തരത്തിൽ ഒരുക്കിവെച്ചിട്ടുണ്ട്. സെക്കന്റ് ഹാഫിന്റെ അവസാനം മോഹൻലാലിന്റെ സീനിനുള്ള പ്രത്യേകസംഗീതം മോഹൻലാൽ എന്ന നടനെ മാത്രം കണ്ടുകൊണ്ടാണ്. സ്‌ക്രീനിൽ വന്നുപോകുന്ന എല്ലാവരും അവരുടെ കഥാപാത്രം മികച്ചതാക്കി. പതിവുപോലെ ആന്റണി പെരുമ്പാവൂരും ചിത്രത്തിലുണ്ട്. ഓളത്തിന് മടുപ്പിക്കാതെ പോകുന്നുണ്ടെങ്കിലും സെക്കന്റ് ഹാഫിൽ കുറച്ച് ലാഗ് അടിപ്പിക്കുന്നുണ്ട്. എന്നാലും മടുപ്പിക്കില്ല.

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് നവാഗതനായ ടി.പി സോനുവാണ്. കേരളത്തിന്റെ ഹരിതാഭയും പച്ചപ്പും മാത്രം കാണിച്ചുകൊണ്ടിരുന്ന സത്യൻ അന്തിക്കാട് പൂനൈയുടെ ഭംഗിയും കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്ത് ചിത്രത്തിന്റെ ദൃശ്യഭംഗി കൂട്ടുന്നതിന് സഹായിച്ചിട്ടുണ്ട്.
ഓണത്തിന് തിയേറ്ററിലെത്തുന്ന ഫാമിലിക്ക് പണവും സമയവും വേസ്റ്റാവില്ല. തെളിഞ്ഞ മനസുമായി നിങ്ങൾക്ക് സിനിമ കണ്ടിറങ്ങാം.
Content Highlight: Movie Review of Hridayapoorvam