പഴകിയതും അല്ല പുളിച്ചു തീകട്ടുന്ന ബിഗ് ബ്രദര്‍; ലാലേട്ടാ എന്തിനാണ് വീണ്ടും വീണ്ടും ഇവയ്ക്ക് തലവെയ്ക്കുന്നത്
Film Review
പഴകിയതും അല്ല പുളിച്ചു തീകട്ടുന്ന ബിഗ് ബ്രദര്‍; ലാലേട്ടാ എന്തിനാണ് വീണ്ടും വീണ്ടും ഇവയ്ക്ക് തലവെയ്ക്കുന്നത്
അശ്വിന്‍ രാജ്
Thursday, 16th January 2020, 4:57 pm

‘ദൈവമെ . എന്റെ ശത്രുക്കളില്‍ നിന്നെന്നെ ഞാന്‍ നോക്കി കൊള്ളാം .., എന്റെ മിത്രങ്ങളില്‍ നിന്ന് നീ എന്നെ രക്ഷിക്കണെ’ ബിഗ്ബ്രദര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നടന്‍ സിദ്ദീഖ് മോഹന്‍ലാലിനോട് പറയുന്ന ഒരു ഡയലോഗ് ആണിത്. ഇതേ ഡയലോഗ് തന്നെയാണ് ചിത്രം കണ്ടിറങ്ങിയപ്പോള്‍ പറയാന്‍ തോന്നിയതും.

ലേഡിസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം സിദീക്ക് തന്നെ എഴുതി നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് ബിഗ് ബ്രദര്‍.  ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ക്യാമറ, ഗൗരിശങ്കര്‍ കെ.ആര്‍ ആണ് എഡിറ്റിംഗ്.

ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയനായി ജയിലില്‍ കഴിയുന്ന സച്ചിദാനന്ദന്‍ ആയിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. സച്ചിയുടെ മോചനത്തിനായി ഇളയ സഹോദരനായ മനുവാണ് നിരന്തരം ശ്രമിക്കുന്നത്. ഒടുവില്‍ സച്ചിദാനന്ദന് മോചനം ലഭിച്ചു. എന്നാല്‍ സച്ചിദാനന്ദന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് ഇവിടെ മുതലായിരുന്നു.

പറഞ്ഞു പഴകിയ കഥാതന്തുവില്‍ 5 ല്‍ അധികം ആക്ഷനും ഒരു കാര്യവും ഇല്ലാതെ കുത്തികയറ്റിയ പാട്ടുകളും ട്വിസ്റ്റ് എന്ന വിശേഷണത്തോടെ നിരവധി സിനിമകളില്‍ കാണിച്ച ചില സംഭവങ്ങളും കുത്തി നിറച്ചതാണ് ബിഗ്ബ്രദര്‍. ബാഷയും പോക്കിരിയുമടക്കം മുമ്പ് കണ്ട ഒരുപാട് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ചിത്രത്തിലെ മിക്ക കഥാസന്ദര്‍ഭവും.

ലൂസിഫര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയം കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു. ലഹരിയും ജയിലും ഫൈറ്റും പിന്നെ വിനീതിന്റെ ഡബ്ബിംഗും ചിത്രത്തില്‍ കുത്തി നിറച്ചത്.

ഒരു കാര്യത്തില്‍ പോലും മികവ് പുലര്‍ത്താത്ത രീതിയിലാണ് സിനിമയുടെ മേക്കിംഗ്. സിനിമയുടെ കളര്‍ ഗ്രേഡിംഗുകള്‍ പോലും ചില സ്ഥലങ്ങളില്‍ അരോചകമായിരുന്നു. പ്രത്യേകിച്ച് കാര്‍ ചേസിഗ് കഴിഞ്ഞുള്ള ഫൈറ്റ് സീനുകളില്‍.

അഞ്ചിലധികം ഫൈറ്റുകളാണ് ചിത്രത്തില്‍ ഉള്ളത്. എന്തിനായിരുന്നു എന്ന് ചോദിച്ചാല്‍ ചിത്രത്തിലെ കഥയില്ലായ്മയെ മേക്ക് ഓവര്‍ ചെയ്യാന്‍ ഉള്ള ശ്രമമായിരിക്കണം. എന്നാല്‍ ഒട്ടും നിലവാരം പുലര്‍ത്താത്ത ഫൈറ്റുകളായിരുന്നു എല്ലാം തന്നെ. മോഹന്‍ലാലിനെ പോലെ അതി മനോഹരമായി ഫൈറ്റ് ആസ്വദിച്ച് ചെയ്യുന്ന ഒരു നടനെ കൈയ്യില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഫൈറ്റ് എടുത്തതെന്നാണ് മനസിലാവാത്തത്. കേബിള്‍ ഉപയോഗിച്ചുള്ള ഫൈറ്റൊക്കെ എന്നായിരിക്കും മലയാളം സിനിമ അവസാനിപ്പിക്കുക.

ബിഗ് ബ്രദറിലെ ഫൈറ്റുകള്‍ കണ്ടപ്പോള്‍ ആണ് ലൂസിഫറിലെ കടവുളെ പോലെ എന്ന ഗാനത്തോടെ വന്ന ഫൈറ്റിന്റെ വില കുറെ കൂടി മനസിലായത്. ദീപക് ദേവിന്റെ സംഗീതത്തിനും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു.

പലപ്പോഴും കഥാപാത്രങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. അനൂപ് മേനോനും ഷര്‍ജാനോ ഖാലിദ്, സിദ്ദിഖ്, മിര്‍ണ മേനോന്‍, ടിനി ടോം, ഹണി റോസ്, ഇര്‍ഷാദ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

മോഹന്‍ലാല്‍, ഷര്‍ജാനോ, അനൂപ് മേനോന്‍ എന്നിവര്‍ക്കിടയിലെ സാഹോദര്യവും സൗഹൃദവും എത്രത്തോളം പ്രേക്ഷകനിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് ചോദ്യമാണ്. നായികമാരുടെ അമിത അഭിനയത്തെ വിശേഷിപ്പിക്കാന്‍ കഴിയില്ല.

സല്‍മാന്‍ ഖാന്റെ അനിയന്‍ അര്‍ബാസ് ഖാന്‍ അവതരിപ്പിച്ച വേദാന്തം ഐ.പി.എസ് എന്ന കഥാപാത്രമെല്ലാം അവസാന ഭാഗങ്ങളിലേക്ക് ചിരിയുണര്‍ത്തി. ശരിക്കും ഈ കഥാപാത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകനെ പരിഹസിക്കുകയായിരുന്നോ എന്ന് വരെ തോന്നി പോകും.

ഇപ്പോഴും മനസിലാവാത്ത കാര്യമാണ് എന്തിനാണ് ഇപ്പോഴും കഥയില്ലാത്ത ഒരു ചിത്രത്തിന് മോഹന്‍ലാല്‍ തല വെച്ചു കൊടുക്കുന്നതെന്ന്. സൗഹൃദമോ പ്രതിഫലമോ അങ്ങനെ എന്ത് തന്നെയായാലും മിനിമം ഒരു കഥയെങ്കിലും ഉള്ള ചിത്രം തിരഞ്ഞെടുത്താല്‍ നല്ലതായിരിക്കും.

ചുരുക്കി പറഞ്ഞാല്‍ ഈ ദശാബ്ദത്തിലെ മോഹന്‍ലാലിന്റെ കടുത്ത ആരാധകര്‍ക്ക് പോലും നിരാശ സമ്മാനിക്കുന്ന ചിത്രമായിരുന്നു ബിഗ് ബ്രദര്‍.

എന്‍.ബി: ‘കയറില്‍ തൂങ്ങിയുള്ള ഡബ്ബര്‍ തല്ലില്‍ മറ്റവരെ ട്രോളിയതിന് കിട്ടിയതാണ് ബിഗ് ബ്രദര്‍’ തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ പുറകില്‍ നിന്ന് പറഞ്ഞ ഡയലോഗ്.

DoolNews Video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.