ഗസ: ഫലസ്തീൻ മണ്ണിൽ ഇസ്രാഈൽ നടത്തിയ വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും തെളിവുകൾ ഇല്ലാതാക്കാൻ ശ്രമം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ഗസ പീസ് ബോർഡ്’ ആണ് ഈ ഗൂഢനീക്കത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഗസയുടെ പുനർനിർമാണത്തിന്റെ പേരിൽ റോഡ് നിർമാണവും കെട്ടിടാവശിഷ്ടങ്ങൾ നീക്കലുമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, അന്താരാഷ്ട്ര കോടതികളിൽ ഇസ്രാഈലിനെതിരെയുള്ള തെളിവുകൾ നശിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് ഫലസ്തീനിയൻ ഗവേഷകൻ മുഹമ്മദ് ഷെഹാദ ചൂണ്ടിക്കാട്ടുന്നു.
തകർന്ന കെട്ടിടങ്ങൾക്കടിയിലുള്ള ആയിരക്കണക്കിന് മൃതദേഹങ്ങൾ വേർതിരിച്ചുമാറ്റാതെ, വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് പൊടിച്ചാണ് ഇസ്രാഈലി കമ്പനിയായ ‘ടെറ ഫിർമ’ റോഡുകൾ നിർമിക്കുന്നത്. അവശിഷ്ടങ്ങളിൽ നിന്ന് മനുഷ്യശരീരങ്ങൾ വേർതിരിക്കുന്നുണ്ടോ എന്ന് യൂറോപ്യൻ യൂണിയൻ ചോദിച്ചെങ്കിലും ഇസ്രാഈൽ ഇതിന് മറുപടി നൽകിയിട്ടില്ല.
മേയ് 20-ന് പുറത്തുവിട്ട ടെൻഡർ രേഖകൾ പ്രകാരം, ട്രംപിന്റെ പീസ് ബോർഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ‘ടെറ ഫിർമ’ എന്ന ഇസ്രാഈലി കോർപ്പറേറ്റ് കമ്പനി അവശിഷ്ടങ്ങൾ പൊടിച്ചുമാറ്റുന്നത്. അമേരിക്കയ്ക്ക് പുറമെ മൊറോക്കോ, യു.എ.ഇ എന്നീ രാജ്യങ്ങൾ മാത്രമാണ് ട്രംപിന്റെ വിവാദ ബോർഡിന് ഫണ്ട് നൽകിയിട്ടുള്ളത്.
ഫലസ്തീനികളെ സ്വന്തം മണ്ണിൽ നിന്ന് എന്നെന്നേക്കുമായി കുടിയൊഴിപ്പിക്കാനും ഇസ്രാഈലിനെ നിയമനടപടികളിൽ നിന്ന് രക്ഷിക്കാനുമാണ് ഈ നീക്കമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ റാമി അബ്ദു പറഞ്ഞു. 2023 ഒക്ടോബറിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73,000-ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
Content Highlight:Move to Destroy Evidence of Genocide in the Name of Reconstruction; Behind It, Trump’s ‘Gaza Peace Board’.