വാഷിങ്ടണ്‍: ലോകത്തെ 36 രാജ്യങ്ങളില്‍ ഇസ്രഈലിനെക്കുറിച്ചുള്ള നിലപാട് തേടി നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ പുറത്തുവിട്ട് പ്യൂ റിസര്‍ച്ച് സെന്റര്‍. 36ല്‍ 32 രാജ്യങ്ങളിലും ഇസ്രഈലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതലും. എന്നാല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങളില്‍ ഇസ്രഈലിനോട് അനുകൂല നിലപാട് എടുത്തവരാണ് കൂടുതലെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
36 രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം കണക്ക് നോക്കുമ്പോള്‍ 67 ശതമാനം പേര്‍ ഇസ്രഈലിനോട് പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. 25 ശതമാനം അനുകൂല നിലപാട് എടുത്തതായും പ്യൂ റിസര്‍ച്ച് സെന്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഈ വര്‍ഷം ഫെബ്രുവരി എട്ടിനും മെയ് 13നും ഇടയിലാണ് സര്‍വേ നടത്തിയത്. ഇതില്‍ ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും ഇറാനെതിരെ ആക്രമണം നടത്തിയ ശേഷമാണ് കൂടുതല്‍ പേരോടും സര്‍വേയുടെ ഭാഗമായി അഭിമുഖം നടത്തിയതെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പ്രസ്താവയില്‍ അറിയിച്ചു.
അര്‍ജന്റീന, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബ്രസീല്‍, കാനഡ, ചിലി, കൊളംബിയ, ഫ്രാന്‍സ്, ജര്‍മനി, ഘാന, ഗ്രീസ്, ഹംഗറി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, കെനിയ, മലേഷ്യ, മെക്‌സികോ, നെതര്‍ലാന്‍ഡ്‌സ്, നൈജീരിയ, പാകിസ്ഥാന്‍, പെറു, ഫിലിപ്പൈന്‍സ്, പോളണ്ട്, സിംഗപൂര്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, സ്‌പെയിന്‍, ശ്രീലങ്ക, സ്വീഡന്‍, തായ്‌ലാന്‍ഡ്, തുര്‍ക്കി, യു.കെ, യു.എസ്, വെസ്റ്റ്ബാങ്ക് ആന്‍ഡ് ഈസ്റ്റ് ജെറുസലേം എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയതെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
44,657 പേര്‍ സര്‍വേയില്‍ പങ്കാളികളായി. ഓരോ രാജ്യത്തുനിന്നും ഇസ്രഈലിനോടുള്ള നിലപാട് എന്താണെന്ന ചോദ്യത്തിന് ലഭിച്ച വിവിധ ഉത്തരങ്ങളുടെ ശതമാനക്കണക്ക് റിപ്പോര്‍ട്ടിലുണ്ട്.
‘ഇസ്രഈലിനെ തീരെ അനുകൂലിക്കുന്നില്ല’, ‘കുറേയൊക്കെ അനുകൂലിക്കുന്നില്ല’, ‘കുറേയൊക്കെ അനുകൂലിക്കുന്നു’, ‘നന്നായി അനുകൂലിക്കുന്നു’ എന്നീ നാല് ഉത്തരങ്ങളാണ് ചോദ്യത്തിന് നല്‍കിയിരുന്ന ഓപ്ഷനുകള്‍. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തവരുടേത് ഒഴികെയുള്ള ശതമാനക്കണക്ക് പ്യൂ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, അമേരിക്കന്‍ ഭൂഘണ്ഡങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ രാജ്യങ്ങളിലും ഇസ്രഈല്‍ വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ് കൂടുതലും. എന്നാല്‍ ഏഷ്യാ പസഫിക്ക് മേഖലയില്‍ ഇന്ത്യയില്‍ ഇസ്രഈലിനെ അനുകൂലിക്കുന്നവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം. മേഖലയിലെ മറ്റെല്ലാ രാജ്യങ്ങളിലും ഇസ്രഈല്‍ വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ് കൂടുതല്‍.
ആഫ്രിക്കയിലെ കെനിയ, നൈജീരിയ, ഘാന എന്നീ രാജ്യങ്ങളിലും ഇസ്രഈലിനോട് അനുകൂല നിലപാട് എടുത്തവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍. ആഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രമാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ഇസ്രഈലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
വടക്കേ അമേരിക്ക
വടക്കേ അമേരിക്കയില്‍ യു.എസിലും കാനഡയിലുമാണ് സര്‍വേ നടത്തിയത്. യു.എസിലും കാനഡയിലും സര്‍വേയില്‍ പങ്കെടുത്തവരില്‍ ഇസ്രഈലിനോട് എതിര്‍പ്പുള്ളവരാണ് കൂടുതല്‍.
യു.എസില്‍ ആകെ 28 ശതമാനം പേര്‍ മാത്രമാണ് ഇസ്രഈലിനോട് അനുകൂല നിലപാടുള്ളവര്‍. 65 ശതമാനം പേര്‍ ഇസ്രഈലിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. കാനഡയില്‍ 37 ശതമാനം പേര്‍ ഇസ്രഈലിനെ അനുകൂലിക്കുകയും 60 ശതമാനം പേര്‍ എതിര്‍ക്കുകയും ചെയ്യുന്നു.
യൂറോപ്പ്
യൂറോപ്പില്‍ സ്വീഡന്‍, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, ജര്‍മനി, പോളണ്ട്, യു.കെ, ഫ്രാന്‍സ്, ഗ്രീസ്, ഹംഗറി എന്നീ രാജ്യങ്ങളിലാണ് സര്‍വെ നടത്തിയത്. ഈ എല്ലാ രാജ്യങ്ങളിലും ഇസ്രഈലിനെ എതിര്‍ക്കുന്നവരാണ് കൂടുതല്‍.
സ്വീഡന്‍, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, ജര്‍മനി, പോളണ്ട് എന്നിവിടങ്ങളില്‍ 70 ശതമാനത്തിലധികം പേരും ഇസ്രഈലിനോട് പ്രതികൂല നിലപാട് പ്രകടിപ്പിച്ചു. 15 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലാണ് ഈ രാജ്യങ്ങളില്‍ ഇസ്രഈല്‍ അനുകൂല നിലപാടുള്ളതായി സര്‍വേയില്‍ വ്യക്തമാക്കിയവര്‍.
യു.കെ, ഫ്രാന്‍സ്, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ 65 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിലാണ് സര്‍വേയില്‍ ഇസ്രഈലിനെ പ്രതികൂലിച്ച് ഉത്തരം പറഞ്ഞവര്‍. 24 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലാണ് ഈ രാജ്യങ്ങളില്‍ ഇസ്രഈലിനെ അനുകൂലിച്ച് പ്രതികരണം അറിയിച്ചവര്‍. ഹംഗറിയില്‍ 52 ശതമാനം പേര്‍ ഇസ്രഈലിനെ എതിര്‍ത്തു. 32 ശതമാനം പേര്‍ അനുകൂലിച്ചു.
ഏഷ്യാ പസഫിക്ക്
ഏഷ്യാ പസഫിക്കില്‍ ഇന്ത്യയില്‍ സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം പേര്‍ ഇസ്രഈലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. 32 ശതമാനം പേര്‍ അനുകൂല മനോഭാവം പ്രകടിപ്പിച്ചു. 40 ശതമാനം പേര്‍ ഉത്തരം പറഞ്ഞില്ല. ശ്രീലങ്കയില്‍ 40 ശതമാനം പേര്‍ ഇസ്രഈലിനെ അനുകൂലിച്ചപ്പോള്‍ 41 ശതമാനം എതിര്‍ത്തു.
ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ് എന്നിവയാണ് ഏഷ്യ പസഫിക്കില്‍ സര്‍വേ നടത്തിയ മറ്റ് രാജ്യങ്ങള്‍. ഇവിടെയെല്ലാം ഇസ്രഈലിനെ എതിര്‍ക്കുന്നവര്‍ കൂടുതലും അനുകൂലിക്കുന്നവര്‍ കുറവുമാണ്.
പാകിസ്താനില്‍ 95 ശതമാനം പേര്‍ ഇസ്രഈലിനെ എതിര്‍ക്കുകയും മൂന്ന് ശതമാനം പേര്‍ എതിര്‍ക്കുകയും ചെയ്തു. ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ 80 ശതമാനത്തിന് മുകളിലാണ് ഇസ്രഈലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍. ഇസ്രഈലിനെ അനുകൂലിച്ചവര്‍ 11 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലും.
ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ 70 ശതമാനത്തിന് മുകളില്‍ പേര്‍ ഇസ്രഈലിനോട് എതിര്‍പ്പറിയിച്ചു. 13 ശതമാനത്തിനും 28 ശതമാനത്തിനും ഇടയിലാണ് ഈ രാജ്യങ്ങളില്‍ ഇസ്രഈല്‍ അനുകൂല നിലപാടെടുത്തവര്‍.
ഫിലിപ്പീന്‍സില്‍ 64 ശതമാനം പേര്‍ ഇസ്രഈലിനെ എതിര്‍ത്തപ്പോള്‍ 32 ശതമാനം അനുകൂലിച്ചു. തായ്‌ലാന്‍ഡില്‍ 59 ശതമാനം പേരും സര്‍വേയില്‍ ഇസ്രഈലിനെ എതിര്‍ത്തു. 38 ശതമാനം പിന്തുണച്ചു.
പശ്ചിമേഷ്യ
പശ്ചിമേഷ്യന്‍ മേഖലയില്‍ തുര്‍ക്കിയിലും വെസ്റ്റ്ബാങ്കിലും ഈസ്റ്റ് ജെറുസലേമിലുമാണ് സര്‍വെ നടത്തിയത്.
തുര്‍ക്കിയില്‍ ഒരു ശതമാനം പേര്‍ ഇസ്രഈലിനെ അനുകൂലിക്കുന്നതായി ഉത്തരം നല്‍കി. 97 ശതമാനം ഇസ്രഈലിനെ എതിര്‍ത്തു.
വെസ്റ്റ്ബാങ്കിലും ഈസ്റ്റ് ജെറുസലേമിലും 85 ശതമാനം പേര്‍ ഇസ്രഈലിനെ എതിര്‍ത്തപ്പോള്‍ 4 ശതമാനം പിന്തുണച്ചു.
ആഫ്രിക്ക
ആഫ്രിക്കയില്‍ ദക്ഷിണാഫ്രിക്ക, കെനിയ, നൈജീരിയ, ഘാന എന്നീ രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ ദക്ഷിണാഫ്രിക്കയിലെ ഫലങ്ങളില്‍ ഇസ്രഈലിനെ എതിര്‍ക്കുന്നവരായിരുന്നു കൂടുതല്‍. മറ്റ് മൂന്ന് രാജ്യഘങ്ങളിലും ഇസ്രഈലിനെ അനുകൂലിക്കുന്നവരും.
ദക്ഷിണാഫ്രിക്കയില്‍ 27 ശതമാനം പേര്‍ ഇസ്രഈലിനെ അനുകൂലിച്ചപ്പോള്‍ 58 ശതമാനം പേര്‍ എതിര്‍ത്തു. കെനിയയില്‍ 50 ശതമാനം പേര്‍ ഇസ്രഈലിനെ പിന്തുണച്ചു. 47 ശതമാനം പ്രതികൂലിച്ചു. നൈജിരിയയില്‍ 47 ശതമാനം അനുകൂലിക്കുകയും 41 ശതമാനം പ്രതികൂലിക്കുകയും ചെയ്തു. ഘാനയില്‍ 49 ശതമാനം പേര്‍ സര്‍വേയില്‍ ഇസ്രഈലിനെ അനുകൂലിച്ചപ്പോള്‍ 36 ശതമാനം പ്രതികൂല നിലപാടെടുത്തു.
തെക്കെ അമേരിക്ക
തെക്കേ അമേരിക്കയില്‍ ചിലി, മെക്‌സികോ, കൊളംബിയ, അര്‍ജന്റീന, ബ്രസീല്‍, പെറു എന്നീ രാജ്യങ്ങളിലാണ് സാമ്പിള്‍ സര്‍വേ നടത്തിയത്. ഈ രാജ്യങ്ങളില്‍ ഇസ്രഈലിനെ എതിര്‍ത്തവരാണ് കൂടുതല്‍.
ചിലിയില്‍ 60 ശതമാനം പേര്‍ ഇസ്രഈലിനെ എതിര്‍ത്തു. 22 ശതമാനം പേര്‍ അനുകൂലിച്ചു. മെക്‌സികോ, കൊളംബിയ, അര്‍ജന്റീന, ബ്രസീല്‍, പെറു എന്നിവിടങ്ങളില്‍ 50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയില്‍ പേര്‍ സര്‍വേയില്‍ ഇസ്രഈലിന് എതിരായ നിലപാട് വ്യക്തമാക്കി. 23നും 33നും ഇടയിലാണ് ഇസ്രഈല്‍ അനുകൂല നിലപാട് സ്വീകരിച്ചവരുടെ ശതമാനം.
Content Highlight: Most people across 36 countries have negative views of Israel- In India Numbers of Israel Supporters is more: Pew Research Center Survey