ജന നായകന്‍ റിലീസ് മാറ്റിയതായി സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍; സ്വയം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യരുതെന്ന് സിനിമാ പേജുകള്‍
Indian Cinema
ജന നായകന്‍ റിലീസ് മാറ്റിയതായി സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍; സ്വയം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യരുതെന്ന് സിനിമാ പേജുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 8th January 2026, 7:27 am

ഏറെ വൈകാരികമായി പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ജന നായകന്റെ റിലീസ് തീയതി മാറ്റി വെക്കുമെന്ന് അറിയിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ്. സമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പിലൂടെയാണ് ജനുവരി 9 ന് റിലീസ് തിയ്യതി നിശ്ചയിച്ച ചിത്രം മാറ്റി വെച്ച വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

വിജയ്. Photo: X.com

റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാലാണ് ചിത്രം മാറ്റി വെക്കുന്നത്. കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍ വൈകുന്നുവെന്ന് ആരോപിച്ച് ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടിയന്തരമായി വാദം കേട്ട കോടതി വിധി പറയല്‍ മാറ്റിവെച്ചതോടെയാണ് നിര്‍മാതാക്കളുടെ നീക്കം.

 

ചിത്രം മാറ്റിവെക്കേണ്ടിവന്നതില്‍ ഖേദം പ്രകടിപ്പിച്ച കെ.വി.എന്‍ പ്രൊഡക്ഷന്‍സ് പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളിലടക്കം നാല്‍പ്പതു കോടിയോളം രൂപയുടെ പ്രീ ബുക്കിങ്ങ് റിലീസ് ലഭിച്ച ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതിലൂടെ വലിയ പ്രതിസന്ധിയാണ് നിര്‍മാതാക്കള്‍ നേരിടേണ്ടി വരിക.

റിലീസ് തീയതി മാറ്റിവെച്ചതിനു പിന്നാലെ ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ക്കുള്ള മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് ‘കേരള ബോക്‌സ് ഓഫീസ്’ അടക്കമുള്ള സിനിമാ പേജുകള്‍. ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ സ്വയമേ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യരുതെന്നാണ് നിര്‍ദേശം. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ട് ആയി ലഭിക്കില്ലെന്നും ബുക്ക് മൈ ഷോ പോലുള്ള ആപ്പുകളില്‍ ബുക്ക് ചെയ്തവര്‍ ഒന്നും ചെയ്യേണ്ടതില്ലെന്നും എക്‌സില്‍ പറയുന്നു. പകരം തിയേറ്റര്‍ തന്നെ ഷോ ക്യന്‍സലാക്കി മുഴുവന്‍ തുകയും മടക്കി നല്‍കും.

വിജയ്യുടെ കരിയറിലെ അവസാന ചിത്രമായി മാറുന്ന ജന നായകന്‍ ഇതോടെ രാഷ്ട്രീയപരമായിട്ടും വലിയ വിവാദമായി തീര്‍ന്നിരിക്കുകയാണ്. വരാനിരിക്കുന്ന തമിഴ്‌നാട് അസംബ്ലി ഇലക്ഷന്‍ മുന്നില്‍കണ്ടുള്ള അജണ്ടയാണ് ചിത്രമെന്നും വാദമുയര്‍ന്നിരുന്നു. എന്നാല്‍ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കായ ജന നായകന് മാത്രം സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

Content Highlight: Most awaited film of actor Vijay Jana Nayagan release postponed, informs producers

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.