ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ശവസംസ്‌കാരത്തിന് മുമ്പേ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തി കക്കാട് മഹല്ല്
social issue
ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ശവസംസ്‌കാരത്തിന് മുമ്പേ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തി കക്കാട് മഹല്ല്
ജംഷീന മുല്ലപ്പാട്ട്
Thursday, 28th February 2019, 6:04 pm

കോഴിക്കോട്: ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് യാത്രികര്‍ മരിക്കുന്നത് നിത്യസംഭവമാണ്. മരിക്കുന്നതാവട്ടെ കൂടുതലും 18നും 30നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണ്. തലയ്ക്കും മസ്തിഷ്‌കത്തിനും ഏല്‍ക്കുന്ന പരിക്കുമൂലമാണ് ഇരുചക്രവാഹനാപകടങ്ങളില്‍ പെടുന്ന ബഹുഭൂരിപക്ഷം പേരും മരണമടയുന്നത്. ഇതിന് ഒരു പരിധി വരെ തടയാന്‍ സാധിക്കുന്ന സംവിധാനമാണ് ഹെല്‍മെറ്റ്. എന്നാല്‍ നമ്മുടെ ചെറുപ്പക്കാര്‍ പലരും ഇരുചക്ര വാഹന യാത്രകളില്‍ ഹെല്‍മെറ്റ് ധരിക്കാന്‍ വിസമ്മതിക്കുന്നവരാണ്.

ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണം എന്ന നിയമം കൂടുതല്‍ കര്‍ശനമാക്കി നടപ്പാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ് ധരിക്കുന്നവരാണ് ഒരു വിഭാഗം ആളുകള്‍. ഹെല്‍മെറ്റു ധരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ പലരും ഹെല്‍മെറ്റു ധരിക്കാറുമില്ല. പലരും വാഹനത്തിന്റെ പല ഭാഗങ്ങളില്‍ ഹെല്‍മെറ്റ് തൂക്കി ഇടുകയോ കൂടെ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പ്പിക്കുകയോ ചെയ്തിട്ട് ഒട്ടും സുരക്ഷിതമല്ലാതെ വണ്ടിയോടിക്കും. നിയമ സംവിധാനങ്ങളും പലപ്പോഴും ഹെല്‍മറ്റു ധരിക്കാതെ വണ്ടിയോടിക്കുന്നവരെ പിഴയടപ്പിച്ചു മാത്രം വിട്ടുകളയും. ഇത്തരം കാര്യങ്ങളൊക്കെ അപകടങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുകയേ ഉള്ളൂ.

കോഴിക്കോട് കക്കാട് ഹെല്‍മറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ചെറുപ്പക്കാരെ ബോധവല്‍ക്കരിപ്പിക്കുകയാണ് 69 വയസ്സുകാരാനായ റിട്ടയേഡ് അധ്യാപകന്‍ മരക്കാര്‍ കുട്ടി. കക്കാട് മഹല്ല് ജുമുഅ മസ്ജിദിലെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ മയ്യിത്ത് നിസ്‌ക്കാരത്തിനു മുമ്പ് പള്ളിയില്‍ വെച്ചാണ് ഇദ്ദേഹം ഹെല്‍മെറ്റു ധരിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തിയത്. കക്കാട്, കരിമ്പിന്‍, കാച്ചടി പ്രദേശത്ത് അടുത്തകാലത്ത് നടന്ന ബൈക്ക് അപകടങ്ങള്‍മൂലം നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തില്‍ മരിച്ച ലുഖ്മാനുല്‍ ഹഖീം (20) മിന്റെ മയ്യിത്ത് പള്ളിയില്‍ എത്തിയപ്പോഴാണ് പള്ളിയില്‍ തിങ്ങി നിറഞ്ഞ ആളുകളോട് ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തിയത്. വെള്ളിയാഴ്ച്ച കൊളപ്പുറത്ത് വെച്ച് ലുഖ്മാന്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കക്കാട് ഷമീം ഫൂട്ട് വെയര്‍ ജീവനക്കാരനായിരുന്നു ലുഖ്മാന്‍.

എന്തുകൊണ്ടാണ് മയ്യിത്ത് നിസ്‌ക്കാരത്തിന്റെ സമയത്ത് ഇങ്ങനെ ഒരു “സാഹസം” കാണിച്ചതെന്ന ചോദ്യത്തിന് “അതല്ലാതെ വേറൊരു വഴിയും ഉണ്ടായിരുന്നില്ല” എന്നാണ് മരക്കാര്‍ കുട്ടി പറഞ്ഞത്. തിരൂരങ്ങാടി ഹൈസ്‌കൂള്‍ അറബിക് അധ്യാപകനായി 2005ല്‍ വിരമിച്ചതാണ് ഇദ്ദേഹം.

“മരിച്ച കുട്ടികളുടെ രക്ഷിതാക്കളൊക്കെ അവിടെയുണ്ടായിരുന്നു. എന്നാലും അവരുടെ മനസ്താപം നോക്കിയിട്ട് കാര്യമില്ല. പിന്നീട് ഉള്ളവര്‍ക്ക് അത് ഒരു പാഠമാകട്ടെ എന്ന് കരുതിയിട്ടാണ് ഇന്നലെ അങ്ങനെ ഒരു കാര്യം നടത്തിയത്. അടിക്കടിയുള്ള അപകട മരണം മൂലമാണ് ഇങ്ങനെ ഒരു ബോധവല്‍ക്കരണം നടത്താനുള്ള കാരണമെന്ന് മരക്കാര്‍ കുട്ടി പറഞ്ഞു. കുട്ടികള്‍ ഹെല്‍മറ്റ് ധരിക്കുക എന്ന കാര്യം രക്ഷിതാക്കളെ ബോധവാന്മാരാക്കുക കൂടി ചെയ്യണം. അതിനാണ് മയ്യിത്ത് നിസ്‌ക്കാരത്തിനു മുമ്പ് ഇങ്ങനെ ഒരു ബോധാവല്‍ക്കരണ ക്‌ളാസ്
നടത്തിയ്ത്. രക്ഷിതാക്കള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ അത് നേരിട്ട് കാണുകയാണ്്.

രക്ഷിതാക്കളില്‍ നിന്ന് താനെ കുട്ടികള്‍ അത് പഠിക്കും. മാത്രമല്ല രക്ഷിതാക്കള്‍ അടിക്കടിയുള്ള ശിക്ഷണം ഈ രംഗത്ത് നല്‍കണം. ഇങ്ങനെ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ നിര്‍ബന്ധ സ്വഭാവത്തില്‍ കുട്ടികള്‍ ഹെല്‍മെറ്റ് ഉപയോഗിച്ചു തുടങ്ങും. മരിക്കേണ്ട അവസ്ഥയിലേയ്ക്ക് അവര്‍ എത്തില്ല. ഹെല്‍മെറ്റ് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റണം. കാരണം ഇന്ന് ബൈക്ക് ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. അതുപോലെ ഹെല്‍മറ്റും അവിഭാജ്യ ഘടകമായി മാറ്റണം. ഇങ്ങനെ ഒരു ശീലം നമ്മുടെ കുട്ടികളില്‍ ഉണ്ടാക്കിയെടുത്താല്‍ കുറേയൊക്കെ അപകട മരണങ്ങള്‍ കുറയ്ക്കാന്‍ പറ്റും.

മരണം ദൈവത്തിന്റെ ഹിതമനുസരിച്ച് നടക്കുന്നതാണ്. പക്ഷേ, മനുഷ്യന്റെ ഭാഗത്തു നിന്നുള്ള സുരക്ഷയ്ക്ക് വേണ്ടിയുള്ള ഏര്‍പ്പാട് നമ്മള്‍ ചെയ്യണമല്ലോ? അല്ലാതെ ദൈവത്തില്‍ മാത്രം അര്‍പ്പിച്ചതുകൊണ്ട് ആയില്ല. നമുക്ക് രോഗമുണ്ടായിക്കഴിഞ്ഞാല്‍ നമ്മള്‍ മരുന്ന് കഴിക്കുന്നത് എന്തിനു വേണ്ടിയിട്ടാണ്? ദൈവം മാറ്റിക്കോളും എന്ന് പറഞ്ഞു ഇരിക്കുന്നില്ലല്ലോ? അപ്പോള്‍ ആ നിലക്കുള്ള ഒരു ഉദ്‌ബോധനം ഉണ്ടായിക്കഴിഞ്ഞാല്‍ കുറേയേറെ മാറ്റങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കാം എന്ന് കരുതിയിട്ട് സന്ദര്‍ഭോചിതമായി നടത്തിയതാണ് ആ കാര്യം.

ബൈക്ക് വാങ്ങിച്ചുകൊടുക്കുന്ന രക്ഷിതാവിനു ബോധമില്ല. നമ്മുടെ കുട്ടികളെ ചെറുപ്പം മുതല്‍ രക്ഷിതാക്കളുടെ ശിക്ഷണത്തില്‍ കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കണം. ഞാനൊക്കെ അങ്ങനെ രക്ഷിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്നു വന്നതാണ്. ഇപ്പോള്‍ കാലഘട്ടം മാറിയിട്ടുണ്ട്. എന്നിരുന്നാലും കുട്ടികള്‍ക്ക് കരുതലും ശ്രദ്ധയും നല്‍കാതിരിക്കരുത്. അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഉപദേശങ്ങളും നമ്മള്‍ അടിക്കടി നല്‍കികൊണ്ടിരിക്കണം. അത് തന്നെയാണ് ഈ മേഖലയിലും ഉള്ളത്. പൊലീസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി ഫൈനിട്ട് പോകുന്നു. കുട്ടികളെ സംബന്ധിച്ച് അത്രേയുള്ളൂ എന്ന അവസ്ഥയാണ്. നമ്മള്‍ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുമ്പോള്‍ കുട്ടികള്‍ക്ക് തോന്നും അത് അവര്‍ക്ക് കൂടി ഉള്ളതാണെന്ന്.

ഇപ്പോള്‍ മൂന്ന് അപകട മരണങ്ങള്‍ ഞങ്ങളുടെ മഹല്ലില്‍ കഴിഞ്ഞു. അതിനെ ആസ്പദമാക്കിയുള്ള സംസാരമാണ് ഞാന്‍ നടത്തിയത്. ഇന്നലെ രക്ഷിതാക്കള്‍ വിളിച്ചിട്ട് എന്നോട് പറഞ്ഞു, മാഷ് ചെയ്ത കാര്യം നല്ലതാണ്. നമ്മുടെ കുട്ടികളൊക്കെ ആ രംഗത്തേയ്ക്ക് തിരിച്ചു വരികയാണ്. കുട്ടികള്‍ക്ക് മനസിലാവുന്നുണ്ട് എന്ന്. അപ്പോള്‍ കുറേയൊക്കെ ആ രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും എന്നാണ് എന്റെ പ്രതീക്ഷ. അടുത്ത വെള്ളിയാഴ്ച പള്ളിയില്‍ കുറച്ചു പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വിചാരിക്കുന്നുണ്ട്. കുറേ മുദ്രാവാക്യങ്ങള്‍ എഴുതിയിട്ട് കുട്ടികളിലും രക്ഷിതാക്കളിലും ബോധവല്‍ക്കരണം നടത്താം എന്ന് വിചാരിക്കുന്നുണ്ട്. പ്രസംഗം നടത്തിയാല്‍ അവര്‍ക്ക് അതൊരു മുഷിപ്പായി തോന്നും. പുതുമകളിലൂടെ കാര്യങ്ങള്‍ കാണുമ്പോള്‍ അവര്‍ക്ക് മാറ്റങ്ങള്‍ വരാം”-മരക്കാര്‍ കുട്ടി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

കേരളത്തില്‍ ഒരു വര്‍ഷം ശരാശരി നാലായിരത്തോളം പേര്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നുണ്ട്. അതില്‍ പകുതി പേരും മരണപ്പെടുന്നത് ഇരുചക്രവാഹന അപകടങ്ങളിലാണ്. കേരളത്തില്‍ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കുപറ്റുന്നവരുടെ എണ്ണം 42000 വരും. ഇതില്‍ 11000 പേര്‍ക്കും പരിക്കുകള്‍ പറ്റുന്നത് ഇരുചക്രവാഹന അപകടങ്ങളിലാണ്. ഇരുചക്ര അപകടങ്ങളില്‍ ഏറ്റവും സാധാരണമായ പരിക്ക് തലക്കേല്‍ക്കുന്നതാണ്. തലയ്ക്കും കഴുത്തിനും മുഖത്തിനും ഉണ്ടാവുന്ന പരിക്കുകള്‍ മരണത്തിനും രോഗാതുരതയ്ക്കും കാരണമാവാന്‍ സാധ്യതയേറെയാണ്. ഇത്തരം അപകടങ്ങളില്‍ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിച്ചാല്‍ തലയ്ക്ക് ഉണ്ടാവുന്ന പരിക്ക് 69 ശതമാനവും മരണ സാധ്യത 42 ശതമാനവും കുറയും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം