| Monday, 20th October 2025, 7:30 am

മെസിയുടെ ലോകകപ്പിനൊപ്പം ചേര്‍ത്തുവെക്കാന്‍ രണ്ടാം ലോകകപ്പില്ല; അര്‍ജന്റീനയെ വീഴ്ത്തി മൊറോക്കന്‍ യുവരക്തങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ അര്‍ജന്റീനയെ വീഴ്ത്തി കിരീടമുയര്‍ത്തി മൊറോക്കോ. ചിലി, സാന്‍ഡിയാഗോയിലെ എസ്റ്റാഡിയോ നാഷണല്‍ ജൂലിയോ മാര്‍ട്ടീനസ് പ്രഡോനസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് മൊറോക്കോ വിജയം സ്വന്തമാക്കിയത്. യാസിര്‍ സാബിരിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് മൊറോക്കോ കപ്പുയര്‍ത്തിയത്.

3-4-3 എന്ന ഫോര്‍മേഷനിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. മറുവശത്ത് യാസിര്‍ സാബിരിയെ കുന്തമുനയാക്കി 4-2-3-1 എന്ന ഫോര്‍മേഷന്‍ മൊറോക്കോയും അവലംബിച്ചു.

മത്സരത്തിന്റെ ആദ്യ വിസിയില്‍ മുഴങ്ങി 12ാം മിനിട്ടില്‍ മൊറോക്കോ മുമ്പിലെത്തി. 29ാം മിനിട്ടില്‍ ഒത്മാനെ മാമായുടെ അസിസ്റ്റില്‍ സാബിരി വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതി മൊറോക്കോയുടെ വരുതിയിലായി.

തുടര്‍ന്ന് ഇരു ടീമുകളും അവസരങ്ങളുണ്ടാക്കിയെങ്കിലും ഒന്നും വലയിലെത്താതെ പോയതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡുമായി മൊറോക്കോ തിളങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. 60ാം മിനിട്ടില്‍ സ്‌ട്രൈക്കര്‍ അലേയോ സാര്‍ക്കോയെ പിന്‍വലിച്ച് ഇയാന്‍ സുബൈബറിനെ കളത്തിലിറക്കുകയും ചെയ്തു. പിന്നാലെ മൊറോക്കോയും മാറ്റങ്ങള്‍ കൊണ്ടുവന്നു.

ഗോളടിക്കാനുള്ള ഇരു ടീമുകളുടെയും പോരാട്ടം വിഫലമായതോടെ രണ്ട് ഗോളിന്റെ ബലത്തില്‍ മൊറോക്കോ വിജയം പിടിച്ചടക്കി.

കളിക്കളത്തില്‍ സമ്പൂര്‍ണ ആധിപത്യം അര്‍ജന്റീനയ്ക്കായിരുന്നു. പന്തടക്കത്തിലും പന്ത് കൈവശം വെക്കുന്നതിലും അര്‍ജന്റീന തന്നെ മുന്നിട്ടുനിന്നു.

മത്സരത്തില്‍ 76 ശതമാനവും പന്ത് കൈവശം വെച്ചത് അര്‍ജന്റീനയായിരുന്നു. പൂര്‍ത്തിയാക്കിയത് 90 ശതമാനം ആക്യുറസിയില്‍ 470 പാസുകള്‍. മറുവശത്ത് മൊറോക്കോ പൂര്‍ത്തിയാക്കിയത് വെറും 166 പാസുകള്‍ മാത്രമാണ്.

അര്‍ജന്റീനയ്ക്ക് അനുകൂലമായി 11 കോര്‍ണറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒന്നും തന്നെ ഗോളാക്കി മാറ്റാന്‍ ടീമിന് സാധിച്ചില്ല.

Content Highlight: Morocco defeated Argentina to win FIFA U20 World Cup

We use cookies to give you the best possible experience. Learn more