| Tuesday, 30th June 2026, 9:50 am

മൊറോക്കന്‍ മിറാക്കിള്‍; ഡച്ച് പടയെ പുറത്താക്കി ആഫ്രിക്കന്‍ സിംഹങ്ങള്‍ പ്രീ ക്വാര്‍ട്ടറില്‍

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി മൊറോക്കോ. നെതര്‍ലാന്‍ഡ്സിനെ കീഴടക്കിയാണ് ആഫ്രിക്കന്‍ വമ്പന്മാര്‍ അടുത്ത റൗണ്ടിലേക്ക് കടന്നത്. പെനാല്‍റ്റിയില്‍ ഓറഞ്ച് പടയെ 3-2ന് തകര്‍ത്താണ് മൊറോക്കോ കരുത്തുകാട്ടിയത്.

ഇതോടെ ലോകകപ്പിന്റെ മൂന്ന് ഫൈനലുകളില്‍ കാലിടറി വീണ ഡച്ച് പട ഇത്തവണയും ആദ്യ കിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയിരിക്കുകയാണ്.

മെക്‌സിക്കോയിലെ മോണ്ടെറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചില്ല. സ്‌കോര്‍ ലൈന്‍ തെളിയിക്കാന്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ആദ്യ ഗോളിനായി ഇരു ടീമുകളും ഉണര്‍ന്ന് കളിച്ചു.

മത്സരത്തിന്റെ 72ാം മിനിട്ടില്‍ ഡച്ച് പടയാണ് ആദ്യം ലീഡ് നേടിയത്. കോഡി ഗാക്‌പോയാണ് ഓറഞ്ച് പടയുടെ ഗോള്‍ സ്‌കോറര്‍. ഈ ഗോളിന്റെ പിന്‍ബലത്തില്‍ നെതര്‍ലന്‍ഡ്‌സ് വിജയത്തിലേക്ക് മുന്നേറുമെന്ന് തോന്നിച്ച നിമിഷമായിരുന്നു ഇഞ്ചുറി ടൈമില്‍ മൊറോക്കോയുടെ ഗോളെത്തിയത്. ഇസ ഡയോപിയാണ് മൊറോക്കയായി വല കുലുക്കിയത്.

നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിലും മത്സരം സമനിലയായതോടെ പെനാൽറ്റിയിൽ വിധിയെഴുതുകയായിരുന്നു.

നെതര്‍ലാന്‍ഡ്‌സിനായി ട്യൂണ്‍ കൂപ്‌മൈനേഴ്‌സ്, വൗട്ട് വെഗോര്‍സ്റ്റ് എന്നിവരാണ് പെനാല്‍റ്റി കിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചത്. ജസ്റ്റിന്‍ ക്ലൂയിവര്‍ട്ട്, ക്വിന്റേന്‍ ടിംബര്‍, ക്രിസെന്‍സിയോ സമ്മര്‍ എന്നിവര്‍ കിക്ക് പാഴാക്കി.

മറുഭാഗത്ത് നീല്‍ എല്‍ അയനൗയി, അഷ്റഫ് ഹകീമി എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുയപ്പോള്‍ സൗഫിയാനെ റഹിമി, ചെംസ്ഡിന്‍ ടാല്‍ബി, ഇസ്മായില്‍ സൈബാരി എന്നിവര്‍ പന്ത് വലയിലെത്തിച്ചുകൊണ്ട് മൊറോക്കോക്ക് വിജയം സമ്മാനിച്ചു.

Content Highlight: Morocco advances to 2026 FIFA World Cup pre-quarterfinals after defeating Netherlands

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more