ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.
ഇന്ത്യന്‍ സ്ക്വാഡില്‍ ഇടം നേടിയ മികച്ച ബൗളിങ് ഓള്‍റൗണ്ടറാണ് നിതീഷ് കുമാര്‍ റെഡ്ഡി. ഇപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍. റെഡ്ഡി മാന്ത്രികതയുള്ള ബൗളിങ് കഴിവുള്ളവനാണെന്നും മികച്ച ബാറ്റിങ് കഴിവ് ഉണ്ടെന്നും മോര്‍ക്കല്‍ പറഞ്ഞു. മാത്രമല്ല ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ പന്തുകൊണ്ട് സംഭാവന നല്‍കാന്‍ കഴിയുമെങ്കില്‍ റെഡ്ഡി മികച്ച ഓപ്ഷനായിരിക്കുമെന്നും മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം പറഞ്ഞു.
‘റെഡ്ഡി മാന്ത്രികതയുള്ള ബൗളിങ് കഴിവുള്ളവനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രധാന കാര്യം സ്ഥിരതയാണ്, ഞങ്ങള്‍ അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവന്റെ ബാറ്റിങ് കഴിവ് നമുക്കെല്ലാവര്‍ക്കും അറിയാം, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അവന് പന്തുകൊണ്ട് സംഭാവന നല്‍കാന്‍ കഴിയുമെങ്കില്‍ അവന്‍ ഞങ്ങള്‍ക്ക് ഒരു മികച്ച ഓപ്ഷനായിരിക്കും,’ ഇന്ത്യയുടെ പരിശീലന സെഷനില്‍ മോര്‍ണ്‍ മോര്‍ക്കല്‍ പറഞ്ഞു.