'നീ ചെയ്യുന്നത് ഞാൻ താങ്ങും, എന്നാൽ നീ താങ്ങില്ല'; മൂന്നാം അതിജീവിതയ്ക്ക് നേരെയുള്ള രാഹുലിന്റെ കൂടുതൽ ഭീഷണി സന്ദേശങ്ങൾ പുറത്ത്
Kerala
'നീ ചെയ്യുന്നത് ഞാൻ താങ്ങും, എന്നാൽ നീ താങ്ങില്ല'; മൂന്നാം അതിജീവിതയ്ക്ക് നേരെയുള്ള രാഹുലിന്റെ കൂടുതൽ ഭീഷണി സന്ദേശങ്ങൾ പുറത്ത്
ശ്രീലക്ഷ്മി എ.വി.
Monday, 12th January 2026, 8:30 am

പത്തനംതിട്ട: മൂന്നാം അതിജീവിതയ്ക്ക് നേരെയുള്ള പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്.

വിദേശത്തുനിന്നും അതിജീവിത നാട്ടിലെത്തിയാൽ ആളുകളുമായി താൻ വീട്ടിലേക്ക് വരുമെന്നുമുള്ള രാഹുലിന്റെ ഭീഷണി സന്ദേശങ്ങൾ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

സമീപകാലത്ത് ഇരുവരും നടത്തിയ സോഷ്യൽ മീഡിയ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

‘നീ ചെയ്യുന്നത് ഞാൻ താങ്ങും, എന്നാൽ നീ താങ്ങില്ല, വിദേശത്തുനിന്നും അതിജീവിത നാട്ടിലെത്തിയാൽ ആളുകളുമായി ഞാൻ വീട്ടിലേക്ക് വരും,’ രാഹുൽ അയച്ച സന്ദേശത്തിൽ പറയുന്നു.

രാഹുലിന്റെ ജ്യാമ ഹരജി പരിഗണിക്കുന്നത് വൈകുമെന്നും കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ പൊലീസ് ഇന്ന് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

അന്വേഷണം ഉടൻ പൂർത്തിയാക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുലിനെതിരായ കുറ്റപത്രം നൽകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഒരു കോടിയിലധികം വിലവരുന്ന ഫ്ലാറ്റ് വാങ്ങാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിക്കുന്ന ചാറ്റുകള്‍ വിവിധ മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

യുവതിയെ രാഹുല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ട്. ചെരിപ്പ് വാങ്ങാനായി 10000 രൂപയാണ് പരാതിക്കാരിയില്‍ നിന്നും രാഹുല്‍ ആവശ്യപ്പെട്ടത്.

പല സമയങ്ങളിലായി ബ്രാന്‍ഡഡ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങാനും രാഹുല്‍ യുവതിയോട് പണം ആവശ്യപ്പെട്ടതിനും തെളിവുകളുണ്ട്.

പാലക്കാട് കെ.പി.എം. ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായി പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് അറസ്റ്റ്.

മൂന്നാമത്തെ ബലാത്സംഗ കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.

Content Highlight: More threatening messages from Rahul against third survivor surface

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.