റിലീസ് മാറ്റിവെച്ചപ്പോഴും വിജയ് സ്വന്തമാക്കിയത് റെക്കോഡ്, ദളപതിയെന്ന് വിളിക്കുന്നത് വെറുതേയല്ല
Indian Cinema
റിലീസ് മാറ്റിവെച്ചപ്പോഴും വിജയ് സ്വന്തമാക്കിയത് റെക്കോഡ്, ദളപതിയെന്ന് വിളിക്കുന്നത് വെറുതേയല്ല
അമര്‍നാഥ് എം.
Thursday, 8th January 2026, 10:53 pm

തമിഴ് സിനിമയെ ഞെട്ടിച്ചുകൊണ്ടാണ് വിജയ് ചിത്രം ജന നായകന്റെ റിലീസ് മാറ്റിവെച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകള്‍ കാരണമാണ് റിലീസ് മാറ്റിവെക്കപ്പെട്ടത്. ചിത്രത്തിന്റെ സെന്‍സറിങ്ങിനെക്കുറിച്ചുള്ള വിധി നാളെ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിക്കും.

റിലീസ് മാറ്റിവെച്ചതിന് പിന്നാലെ ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം റീഫണ്ട് ചെയ്യപ്പെട്ടു. പ്രീ സെയിലിലൂടെ 40 കോടിയോളം രൂപയാണ് ജന നായകന്‍ സ്വന്തമാക്കിയത്. ഇന്ത്യയിലും മികച്ച ബുക്കിങ്ങായിരുന്നു ജന നായകന്‍ നേടിയത്. എന്നാല്‍ റിലീസ് മാറ്റിവെക്കപ്പെട്ടതിന് പിന്നാലെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം റീഫണ്ട് ലഭിച്ചു.

ബുക്ക്‌മൈഷോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റീഫണ്ടാണ് ജന നായകന് വേണ്ടി ബുക്ക്‌മൈഷോ ചെയ്തത്. അമ്പതിനായിരത്തിലധികം ടിക്കറ്റുകളാണ് ഇന്ന് ഒറ്റദിവസം കൊണ്ട് റീഫണ്ട് ചെയ്തത്. ഒറ്റദിവസം കൊണ്ട് ഇത്രയും ടിക്കറ്റുകള്‍ റീഫണ്ട് ചെയ്തത് ബുക്ക്‌മൈഷോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്. റിലീസ് മാറ്റിവെച്ചപ്പോഴും വിജയ് റെക്കോഡ് സൃഷ്ടിച്ചെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

നാളെ 10.30നാണ് ജന നായകന്റെ സെന്‍സര്‍ വിഷയത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിക്കുക. ഡിസംബര്‍ 19നാണ് സെന്‍സര്‍ ബോര്‍ഡിന്റെ മുമ്പാകെ ജന നായകന്‍ സമര്‍പ്പിച്ചത്. ചിത്രത്തില്‍ 27 ഇടങ്ങളില്‍ കട്ട് ചെയ്യാനും മ്യൂട്ട് ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് നിര്‍മാതാക്കള്‍ അനുസരിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വൈകിപ്പിക്കുകയായിരുന്നു.

ഇതിനെതിരെയാണ് നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. നാളത്തെ വിധിക്ക് ശേഷമാകും ജന നായകന്റെ പുതിയ റിലീസ് തിയതിയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുക. ജനുവരി 14, 23 എന്നീ തിയതികളില്‍ തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 450 കോടി ബജറ്റിലാണ് ജന നായകന്‍ ഒരുങ്ങിയത്.

തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകനെന്ന് ആദ്യം മുതല്‍ക്കേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലറും. ഭഗവന്ത് കേസരിയുടെ റീമേക്കിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളും ജന നായകനിലുണ്ട്. ചിത്രം ഈ മാസം തന്നെ തിയേറ്ററിലെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.

വിജയ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലന്‍. പൂജ ഹെഗ്‌ഡേ നായികയായെത്തുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി തുടങ്ങി വന്‍ താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്.

Content Highlight: More than 50000 tickets refunded after Jana Nayagan release postponed

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം