| Saturday, 21st March 2026, 5:51 pm

'ധാർമിക ഭീരുത്വം, രാഷ്ട്രീയ വഞ്ചന,'; പശ്ചിമേഷ്യയിലെ സംഘർഷത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ്

മുഹമ്മദ് നബീല്‍

ന്യൂദൽഹി: അമേരിക്ക – ഇറാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പ്രധാന മന്ത്രിനരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്.

ധാർമിക ഭീരുത്വവും രാഷ്ട്രീയ വഞ്ചനയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുന്നതെന്ന് ജയറാം രമേശ് വിമർശിച്ചു.

മോദിയുടെ ഇസ്രഈൽ സന്ദർശനം കഴിഞ്ഞിട്ട് 23 ദിവസമായെന്നും ഇതുവരെയും യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി ഒരു നയതന്ത്ര ഇടപെടലിനും കേന്ദ്ര സർക്കാർ മുതിരുന്നില്ലെന്നും ജയറാം രമേശ് എക്‌സിൽ പ്രതികരിച്ചു.

‘ഇറാനെതിരായുള്ള അമേരിക്ക – ഇസ്രഈൽ ആക്രമണം തുടങ്ങിയിട്ട് 21 ദിവസമായി. കൊട്ടിഘോഷിച്ച പ്രധാനമന്ത്രിയുടെ ഇസ്രഈൽ സന്ദർശനം കഴിഞ്ഞിട്ട് 23 ദിവസമായി, ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ ഈ വ്യോമാക്രമണത്തെ മോദി അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടുണ്ടോ? ഉത്തരം ഇല്ല എന്നാണ്,’ അദ്ദേഹം എക്‌സിൽ കുറിച്ചു.

ഇതിന് പുറമെ മൂന്ന് ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു.

ഇറാനെ ആഭ്യന്തര യുദ്ധത്തിലേക്കോ, ഭരണ മാറ്റത്തിലേക്കോ നയിച്ചേക്കാവുന്ന യു.എസ് – ഇസ്രഈൽ ആക്രമണത്തെ മോദി അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടുണ്ടോ?

ഇറാന് നേരെയുള്ള ആക്രമണവും ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രണണവും അവസാനിപ്പിക്കാൻ എന്തെങ്കിലും നയതന്ത്ര ഇടപെടലുകൾ മോദി നടത്തിയിരുന്നോ?

അമേരിക്കൻ പ്രസിഡന്റുമായും ഇസ്രഈൽ പ്രധാനമന്ത്രിയുമായും അടുത്ത സൗഹൃദമുണ്ടെന്ന് അവകാശപ്പെടുന്ന മോദി വെടിനിർത്തൽ നടപ്പാക്കുന്നതിന് വേണ്ടി സൗഹൃദം ഉപയോഗിച്ചോ?

എന്നീ ചോദ്യങ്ങളാണ് ജയറാം രമേശ് എക്സ് പോസ്റ്റിലൂടെ ചോദിച്ചത്. ഈ ചോദ്യങ്ങൾക്കെല്ലാം ‘ബിഗ് നോ’ ആണ് ഉത്തരമെന്നും അദ്ദേഹം പറഞ്ഞു.

ഈ നാല് ‘നോ’ കളും ധാർമിക ഭീരുത്വത്തെയും രാഷ്ട്രീയ വഞ്ചനയെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക ഇറാനെതിരായയുള്ള സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ്സ് നേതാവിന്റെ പ്രതികരണം.

യു.എസ് അവരുടെ ലക്ഷ്യങ്ങളിലേക്ക് അടുക്കുകയാണെന്നും ഉടൻ തന്നെ യുദ്ധം അവസാനിപ്പിച്ചേക്കാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlight: Moral cowardice, political betrayal’; Congress criticizes Centre over West Asia conflict

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more