| Saturday, 7th February 2026, 2:16 pm

അഭിഷേകല്ല, ഇവനാണ് ലോകകപ്പിലെ ഇന്ത്യയുടെ മെയിന്‍ മാന്‍: മോയിന്‍ അലി

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാന താരം അഭിഷേക് ശര്‍മയല്ല, സൂര്യകുമാര്‍ യാദവാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം മോയിന്‍ അലി. അഭിഷേക് കുറച്ച് കാലമായി ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ടീമിന്റെ കരുത്ത് സൂര്യയാണെന്ന് അദ്ദേഹം പറഞ്ഞു.

സൂര്യ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിയേഡ് ബിഫോര്‍ വിക്കറ്റ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മോയിന്‍ അലി.

മോയിന്‍ അലി. Photo: Mufaddal Vohra/x.com

‘അഭിഷേക് ശര്‍മയുടെ പ്രകടനം പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവന്‍ മികച്ച ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. പക്ഷേ, ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരം അവനല്ല എന്നാണ് ഞാന്‍ കരുതുന്നത്. അഭിഷേക് ഇന്ത്യയ്ക്ക് പ്രാധാന്യമേറിയ താരം തന്നെയാണ്.

എങ്കിലും ലോകകപ്പില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമിന്റെ മെയിന്‍ മാന്‍. അവന്‍ അവിശ്വസനീയമായ ഒരു താരമാണ്. ഇപ്പോള്‍ അവന്‍ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അത് ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു,’ മോയിന്‍ അലി പറഞ്ഞു.

സൂര്യകുമാർ യാദവ്.  Photo: BCCI/x.com

അഭിഷേക് ശര്‍മയെ കുറിച്ചും മോയിന്‍ അലി സംസാരിച്ചു. ആദ്യ പന്ത് മുതല്‍ മികച്ച ഷോട്ടുകള്‍ അടിക്കാന്‍ സാധിക്കുന്നൊരു താരമാണ് അവന്‍. അവനെ നേരിടാന്‍ ടീമുകള്‍ മികച്ച പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. സാധാരണയുള്ള ഫീല്‍ഡ് സെറ്റിങ് അവനെതിരെ ഫലിക്കില്ല. ഓഫ് സൈഡില്‍ രണ്ട് പേരെ നിര്‍ത്തിയാല്‍ അഭിഷേകിന്റെ വേഗത കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഷേക് ശര്‍മ. Photo: BCCI/x.com

അതേസമയം, ടി – 20 ലോകകപ്പിന്റെ ഉദ്ഘാടന ദിവസം തന്നെ ഇന്ത്യയും തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നുണ്ട്. യു.എസ്.എയാണ് ആദ്യ മത്സരത്തിലെ ടീമിന്റെ എതിരാളികള്‍. രാത്രി ഏഴ് മണിക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തിന്റെ വേദി മുംബൈ വാംഖഡെ സ്റ്റേഡിയമാണ്.

ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍.

Content Highlight: Mooen Ali says that not Abhishek Sharma, Suryakumar Yadav is the main guy of India in T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more