ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. വരാനിരിക്കുന്ന പരമ്പരയെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍.
രോഹിത്തിന്റെയും വിരാടിന്റെയും അഭാവം ഇംഗ്ലണ്ടിന് ഗുണം ചെയ്യുമെന്നും ഇംഗ്ലണ്ടിനെ വെല്ലുവിളിക്കാന്‍ നിലവിലെ ഇന്ത്യന്‍ ടീമിന് കഴിയില്ലെന്നും പനേസര്‍ പറഞ്ഞു. മാത്രമല്ല ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തകരുമെന്നും മുന്‍ പേസര്‍ കൂട്ടിച്ചേര്‍ത്തു.
‘വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവം ഇംഗ്ലണ്ടിന് ഗുണം ചെയ്യും. ഇംഗ്ലണ്ടിനെ വെല്ലുവിളിക്കാന്‍ നിലവിലെ ടീമിന് മതിയായ പരിചയമില്ല. ഇംഗ്ലണ്ട് എങ്ങനെയാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്ന് നമുക്കറിയാം. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തകരും,’ പനേസര്‍ എ.എന്‍.ഐയോട് പറഞ്ഞു.