ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
ഇപ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ വിരമിക്കലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ എല്ലാവരും വിരാടിനെ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ താരത്തിന്റെ വിരമിക്കലില്‍ അതിശയപ്പെട്ടെന്നും പനേസര്‍ പറഞ്ഞു. മാത്രമല്ല ആദ്യ മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ അഞ്ച് മത്സരങ്ങളില്‍ വിരാടിന് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് മാനേജ്‌മെന്റ് പറയാനുള്ള സാധ്യത കണക്കിലെടുത്താകും വിരമിക്കലെന്നും മുന്‍ ഇംഗ്ലണ്ട് താരം കൂട്ടിച്ചേര്‍ത്തു.
‘അവന്‍ കളിക്കുമെന്ന് ഞാന്‍ ശരിക്കും കരുതി. ഇംഗ്ലണ്ട് ഉള്‍പ്പെടെ എല്ലാവരും അവന്‍ പരമ്പരയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവന്‍ പിന്മാറിയതില്‍ എനിക്ക് അതിശയമുണ്ട്. പക്ഷേ, ഓഫ് സ്റ്റമ്പിന് പുറത്തള്ള അവന്റെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ടീം മാനേജ്മെന്റ്അവനമുമായി ഒരു സംഭാഷണം നടത്തിയിരിക്കാം എന്ന് തോന്നുന്നു.
‘ആദ്യത്തെ കുറച്ച് ടെസ്റ്റുകളില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍, അഞ്ച് മത്സരങ്ങളിലും നിങ്ങള്‍ക്ക് കളിക്കാന്‍ കഴിഞ്ഞേക്കില്ല’ എന്ന് അവര്‍ പറയാന്‍ സാധ്യതയുണ്ടായിരിക്കാം. അതിനാല്‍, അദ്ദേഹം മാറിനില്‍ക്കാനും യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും തീരുമാനിച്ചതാകും,’ പനേസര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.