ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശ്രേയസ് അയ്യരെ ഒഴിവാക്കിക്കൊണ്ടായിരുന്നു ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പല സീനിയര്‍ താരങ്ങളും സംസാരിച്ചിരുന്നു. ഇപ്പോള്‍ താരത്തെ സ്‌ക്വാഡല്‍ എടുക്കാത്തതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ബൗള്‍ മോണ്ടി പനേസര്‍.
‘ഫ്‌ളാറ്റ് ട്രാക്കുകള്‍ക്കും ബൗണ്‍സി പിച്ചുകള്‍ക്കുമെതിരെ ശ്രേയസ് അയ്യര്‍ക്ക് മികച്ച ടെക്‌നിക്കുകള്‍ ഉണ്ട്. സ്വിങ്ങിങ് സാഹചര്യങ്ങളില്‍ അവന്റെ സാങ്കേതികത മെച്ചപ്പെടുത്തേണമെന്ന് ഞാന്‍ കരുതുന്നു. കാരണം അവന്റെ കൈകള്‍ അല്‍പം കടുപ്പമുള്ളതാണെന്ന് ഞാന്‍ കരുതുന്നു. സ്വിങ് ബോള്‍ ഉപയോഗിച്ച് വൈകി കളിക്കുന്ന അദ്ദേഹത്തിന് സോഫ്റ്റ് ടച്ച് ലഭിക്കില്ല. അനുയോജ്യമായ മറ്റ് ചില കളിക്കാര്‍ക്ക് ഒരു അവസരം നല്‍കണമെന്ന് അവര്‍ കരുതിയിരിക്കാം.
ശ്രേയസ് അയ്യരുടെ കാര്യത്തില്‍, ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍, അദ്ദേഹം കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്ന് ഞാന്‍ കരുതുന്നു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് ഗൗരവമായി കാണുന്നുണ്ടങ്കില്‍ അവന്‍ ഒരു കൗണ്ടി തെരഞ്ഞെടുത്ത് ക്രിക്കറ്റ് കളിക്കണം. എന്നിട്ട്, സ്വിങ്ങും പേസും നേരിട്ട് സാങ്കേതികത നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് സെലക്ടര്‍മാര്‍ക്ക് തെളിയിക്കണം,’ പനേസര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
2024ന് ശേഷം അയ്യര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചിട്ടില്ല. ശേഷം രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ഇരട്ടസെഞ്ച്വറി അടക്കം 480 റണ്‍സ് നേടാന്‍ അയ്യര്‍ക്ക് സാധിച്ചു. മാത്രമല്ല റെഡ് ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി 2021ല്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് 14 മത്സരങ്ങളിലെ 25 ഇന്നിങ്‌സില്‍ നിന്ന് 811 റണ്‍സാണ് നേടിയത്.