യഥാര്‍ത്ഥ സ്പിന്‍ ശാസ്ത്രജ്ഞനാണ് അവന്‍: മോണ്ടി പനേസര്‍
Sports News
യഥാര്‍ത്ഥ സ്പിന്‍ ശാസ്ത്രജ്ഞനാണ് അവന്‍: മോണ്ടി പനേസര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th August 2025, 8:58 pm

ഐ.പി.എല്ലില്‍ നിന്ന് സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്. എക്‌സില്‍ വൈകാരിക കുറിപ്പ് പങ്കിട്ടാണ് താരം തന്റെ 16 വര്‍ഷത്തെ അത്യുജ്ജല കരിയറിന് വിരാമമിട്ടത്.

ഇപ്പോള്‍ അശ്വിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍ മോണ്ടി പനേസര്‍. ഐ.പി.എല്ലില്‍ താരം തന്റെ വ്യതിമുദ്ര പതിപ്പിച്ചെന്നും തുടര്‍ന്ന് എല്ലാ ഫോര്‍മാറ്റിലും അശ്വിന്‍ മികച്ച ബൗളറായെന്നും പനേസര്‍ പറഞ്ഞു. മാത്രമല്ല ബൗളിങ്ങില്‍ പുതിയ പരീക്ഷണം നടത്തുന്ന അശ്വിന്‍ സ്പിന്നില്‍ ഒരു യധാര്‍ത്ഥ ശാസ്ത്രജ്ഞനാണെന്നും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.

‘ഐ.പി.എല്ലില്‍ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. തുടര്‍ന്ന് എല്ലാ ഫോര്‍മാറ്റുകളിലും അശ്വിന്‍ മികച്ച ബൗളറായി മാറി. ബാറ്റര്‍മാരെ തോല്‍പ്പിക്കാന്‍ അദ്ദേഹം പുതിയ ബൗളിങ് രീതികളും പരീക്ഷണങ്ങളും കൊണ്ടുവന്നു. ഒരു യഥാര്‍ത്ഥ സ്പിന്നിങ് ശാസ്ത്രജ്ഞന്‍ എന്ന ലേബല്‍ അവന്‍ നേടി,’ മോണ്ടി പനേസര്‍ ബുധനാഴ്ച ഐ.എ.എന്‍.എസിനോട് പറഞ്ഞു.

ഐ.പി.എല്‍ 2025ല്‍ അശ്വിന്‍ ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. മറ്റ് ടീമുകളിലേക്ക് ചേക്കേറിയ ബൗളറെ കഴിഞ്ഞ സീസണില്‍ 9.75 കോടിക്ക് താരലേലത്തിലൂടെ സി.എസ്.കെ വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കപ്പെട്ട പ്രകടനം താരത്തിന് കാഴ്ച വെക്കാനായില്ല.

18ാം സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ താരം സി.എസ്.കെയ്ക്കായി കളത്തിലിറങ്ങിയിരുന്നു. ഈ മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 9.12 എക്കോണമിയിലായിരുന്നു ഈ സീസണില്‍ താരം പന്തെറിഞ്ഞിരുന്നത്.

ഐ.പി.എല്ലില്‍ അഞ്ച് ടീമുകളില്‍ അശ്വിന് കളിച്ചിട്ടുണ്ട്. 2009ല്‍ സൂപ്പര്‍ കിങ്‌സിലൂടെയായിരുന്നുതാരത്തിന്റെ ടൂര്‍ണമെന്റിലെ അരങ്ങേറ്റം. 2015 വരെ അവിടെ കളിച്ച താരം സി.എസ്.കെ വിലക്ക് നേരിട്ട വര്‍ഷം മാത്രമാണ് മറ്റൊരു ടീമിലേക്ക് ചേക്കേറിയത്. 2016ല്‍ അശ്വിന്‍ റൈസിങ് പൂനെ വാരിയയേഴ്‌സിനൊപ്പമായിരുന്നു.

പിന്നീടുള്ള രണ്ട് സീസണുകളില്‍ പഞ്ചാബ് കിങ്‌സിനായി അശ്വിന് കളത്തിലിറങ്ങി. 2020-21 സീസണില്‍ ദല്‍ഹി ക്യാപ്റ്റല്‍സില്‍ എത്തിയ താരം ഇവിടെയും രണ്ട് സീസണ്‍ ടീമിനൊപ്പം കളിച്ചു. തൊട്ടടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങി. 2024ലെ മെഗാ താര ലേലത്തില്‍ ആര്‍.ആര്‍ റിലീസ് ചെയ്തതോടെ അശ്വിന്‍ വീണ്ടും ചെന്നൈയിലേക്കെത്തുകയായിരുന്നു.

Content Highlight: Monty Panesar Praises R. Ashwin