മോളിവുഡ് ടൈംസ് അഥവാ... ബയോപിക് ഓഫ് അഭിനവ് സുന്ദര്‍ / സിനിമാപ്രേമി
Dool Cafe
മോളിവുഡ് ടൈംസ് അഥവാ... ബയോപിക് ഓഫ് അഭിനവ് സുന്ദര്‍ / സിനിമാപ്രേമി
അമര്‍നാഥ് എം.
Friday, 5th June 2026, 3:57 pm

സിനിമക്കുള്ളിലെ സിനിമ പ്രധാന പ്രമേയമായി വന്ന ഒരുപാട് സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. സിനിമയെ ജീവന് തുല്യം സ്‌നേഹിക്കുന്ന, തന്റെ സിനിമ പ്രേക്ഷകര്‍ കണ്ട് വിജയിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു സിനിമാപ്രേമിക്കും മോളിവുഡ് ടൈംസ് അങ്ങേയറ്റം കണക്ടാകും. മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ഫിലിം ഡയറക്ടറാകണമെന്ന് കുട്ടിക്കാലം മുതല്‍ സ്വപ്‌നം കാണുന്ന വിനീത് മാധവന്റെ കഥയാണ് മോളിവുഡ് ടൈംസ്.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്‍ഡസ്ട്രിയില്‍ തന്റെ സാന്നിധ്യമറിയിച്ച അഭിനവ് സുന്ദര്‍ നായകിന്റെ രണ്ടാമത്തെ സംവിധാന സംരംഭം ഒട്ടും മോശമായിട്ടില്ലെന്ന് പറയാം. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ സിനിമകളില്‍ മോളിവുഡ് ടൈംസിന് ഒരു പ്രത്യേക സ്ഥാനം തന്നെ നല്‍കാം. അത്രമാത്രം യുണീക്കാണ് ഈ ചിത്രം.

യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത ഒരുവന്‍ സിനിമാഫീല്‍ഡില്‍ കയറിപ്പറ്റാന്‍ എന്തൊക്കെ തരണം ചെയ്യണമെന്ന് പച്ചക്ക് വരച്ചുകാട്ടുന്ന ചിത്രമാണ് ഇത്. കൂടെ നിന്ന് പണി തരുന്നവരും അതിവിനയം കാണിച്ചുകൊണ്ട് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഫീല്‍ഡില്‍ നില്‍ക്കുന്നവരെയും അങ്ങേയറ്റം പരിഹസിക്കുകയാണ് അഭിനവ് സുന്ദര്‍ നായക്.

കഴിവ് മാത്രം പോര, എല്ലാവരെയും സുഖിപ്പിച്ച് നിര്‍ത്തിയാല്‍ മാത്രമേ സിനിമാ ഫീല്‍ഡില്‍ നിലനില്പുള്ളൂ എന്ന അലിഖിത നിയമത്തെയും ഈ സിനിമയില്‍ വിമര്‍ശിക്കുന്നുണ്ട്. സിനിമ ആരംഭിച്ച് ടൈറ്റില്‍ എഴുതി കാണിക്കുന്നതുവരെയുള്ള സീനുകള്‍ ഏതൊരു സിനിമാപ്രേമിക്കും കണക്ടാകുന്ന കാര്യങ്ങളാണ്. വിനീത് മാധവന്‍ എന്ന ബാലനെ വിസ്മയിപ്പിച്ച സിനിമ പോലെയൊന്ന് നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും. അതെല്ലാം ഓര്‍ത്തെടുക്കാന്‍ മോളിവുഡ് ടൈംസ് സഹായിച്ചു.

സ്‌ക്രീനില്‍ വന്നുപോകുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ ഐഡന്റിറ്റി നല്‍കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരു കഥാപാത്രം പോലും അനാവശ്യമാണെന്നോ മോശമാണെന്നോ തോന്നല്‍ പ്രേക്ഷകര്‍ക്ക് ഉണ്ടാക്കിയിട്ടില്ല. ആദ്യത്തെ 15 മിനിറ്റ് മാത്രം വന്നുപോയ ജഗദീഷിന്റെ കഥാപാത്രമായാലും അല്‍ത്താഫ് അവതരിപ്പിച്ച സുനിലേട്ടനായാലും കഥയുടെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു.

സിനിമയുടെ പ്രൊമോഷന്‍ സമയത്ത് അഭിനവ് സുന്ദര്‍ നായക് എടുത്തു പറഞ്ഞ ഒരു കാര്യമായിരുന്നു നസ്‌ലെനെ കാസ്റ്റ് ചെയ്തത്. നസ്‌ലെന്‍ നോ പറഞ്ഞിരുന്നെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് പറഞ്ഞത് നൂറ് ശതമാനം ശരിയായിരുന്നു. ഈയൊരു കഥാപാത്രം ചെയ്യാന്‍ നസ്‌ലെനല്ലാതെ വേറൊരാള്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലില്ല. തന്റെ ആത്മാവ് മുഴുവന്‍ ഈയൊരു കഥാപാത്രത്തിനായി നസ്‌ലെന് നല്‍കിയിട്ടുണ്ട്.

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ മെല്‍വിനില്‍ നിന്ന് മോളിവുഡ് ടൈംസിലെ വിനീത് മാധവനിലേക്ക് എത്തുമ്പോള്‍ നടനെന്ന നിലയില്‍ നസ്‌ലെന്‍ ഉണ്ടാക്കിയ വളര്‍ച്ച കൈയടി അര്‍ഹിക്കുന്ന ഒന്നാണ്. ഇമോഷണല്‍ സീനുകളില്‍ സട്ടിലായി നസ്‌ലെന്‍ നല്‍കുന്ന എക്‌സ്പ്രഷനുകളെല്ലാം എടുത്തുപറയണം.

നസ്‌ലെന്‍ കഴിഞ്ഞാല്‍ ഈ സിനിമയില്‍ ഞെട്ടിച്ചത് സംഗീത് പ്രതാപാണ്. പ്രേമലുവിന് ശേഷം സംഗീതിനെ തേടി വന്ന കഥകളിലെല്ലാം അമല്‍ ഡേവിസിന്റെ ബാധയുണ്ടായിരുന്നു. എന്നാല്‍ ഈ സിനിമയിലെ അര്‍ജുന്‍ ഹരിദാസ് സംഗീതിന്റെ കരിയര്‍ ബെസ്റ്റാണ്. നസ്‌ലെന്‍- സംഗീത് കോമ്പോ സീനില്‍ ലഭിച്ച യുണീക്‌നെസ്സും മോളിവുഡ് ടൈംസിന്റെ പോസിറ്റീവുകളിലൊന്നാണ്.

 

റോഷന്‍ ഷാനവാസിന്റെ സിജുരാജും എടുത്തുപറയേണ്ട കഥാപാത്രമാണ്. വളരെ കുറച്ച് സീനുകളില്‍ മാത്രമേ ഉള്ളൂവെങ്കിലും വളരെ ശക്തമായ രാഷ്ട്രീയമാണ് ഈ കഥാപാത്രത്തിലൂടെ പറഞ്ഞുവെച്ചത്. രാഷ്ട്രീയം പറയാന്‍ വേണ്ടി കുത്തിക്കയറ്റി എന്ന ഫീല്‍ ഈ ഭാഗത്ത് തോന്നിയിട്ടേയില്ല.

ഷറഫുദ്ദീന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അല്‍ത്താഫ് സലിം, അപ്പുണ്ണി ശശി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഗോപിക രമേശ്, രാജേഷ് മാധവന്‍ തുടങ്ങി സ്‌ക്രീനില്‍ വന്നുപോകുന്ന എല്ലാവരെയും കൃത്യമായി രജിസ്റ്റര്‍ ചെയ്യിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ക്യാമറക്ക് പിന്നില്‍ നിന്നവരുടെയും ഗംഭീര ഔട്ട്പുട്ട് തന്നെ ലഭിച്ചിട്ടുണ്ട്.

അമിതമായി ലൗഡാകാതെ കഥക്ക് വേണ്ട രീതിയില്‍ കൃത്യമായി സംഗീതമൊരുക്കിയ ജേക്‌സ് ബിജോയ്, വിനീത് മാധവന്റെ കൂടെ സഞ്ചരിച്ച വിശ്വജിത് ഒടുക്കത്തിലിന്റെ ഫ്രെയിമുകള്‍, അളന്നുമുറിച്ച്  ചെയ്ത നിധിന്‍ രാജിന്റെയും അഭിനവ് സുന്ദറിന്റെയും കട്ടുകള്‍ എന്നിങ്ങനെ ടെക്‌നിക്കല്‍ മേഖലയെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു.

 

 

സിനിമയില്‍ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ അമിതമായി വിനയം കാണിച്ച് നിലനില്‍ക്കുന്ന ചില താരങ്ങളെയും ടെക്‌നീഷ്യന്മാരെയും നിലത്ത് നിര്‍ത്താതെ വറുത്തെടുക്കുന്നുണ്ട്. അത്തരം വിനയകുലീനര്‍ ഈ സിനിമ കാണുമ്പോള്‍ തൊലിയുരിയാന്‍ സാധ്യതയുണ്ട്. സക്‌സസ് ട്രിലോജിയിലെ രണ്ടാമത്തെ ചിത്രത്തിലും അഭിനവ് നിരാശപ്പെടുത്തിയിട്ടില്ല.

Content Highlight: Mollywood Times movie review

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം