ഇന്ത്യന്‍ സിനിമയില്‍ തന്നെ എല്ലാവരും ആകാംക്ഷയോടെ നോക്കിക്കാണുന്ന എല്ലാവരും ചര്‍ച്ച ചെയ്യുന്ന ഇന്‍ഡസ്ട്രി ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളു. മലയാളം… മോളിവുഡ് ഇന്‍ഡസ്ട്രി…
കുറഞ്ഞ ബജറ്റില്‍ മികച്ച മേക്കിങ്ങുകൊണ്ട് ഇന്ത്യന്‍ സിനിമയെ മലയാളം ഇന്‍ഡസ്ട്രി വിസ്മയിപ്പിച്ചിട്ടുണ്ട്. ബോക്സ് ഓഫീസുകളിലെ കണക്കുകള്‍ക്കപ്പുറം ക്ലാസിക് ചിത്രങ്ങള്‍ക്ക് പേരുകേട്ട ഇന്‍ഡസ്ട്രി കൂടിയാണ് മലയാളം.
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലൂടെയുള്ള ഒരു യാത്ര നോക്കിയാല്‍ ഒരുപാട് ഇന്‍ഡസ്ട്രി ഹിറ്റ് സിനിമകള്‍ നമുക്ക് കാണാന്‍ സാധിക്കും.
ഇന്‍ഡസ്ട്രി ഹിറ്റ് എന്നാല്‍ അതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡുകള്‍ തകര്‍ത്ത്, ആ കാലഘട്ടത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമയെയാണ് സൂചിപ്പിക്കുന്നത്.
വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇന്‍ഡസ്ട്രി ഹിറ്റുകളായി മാറിയ നിരവധി ചിത്രങ്ങളുണ്ട്. അവയിലൂടെയൊരു യാത്ര…
ചിത്രം – 1988
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ രഞ്ജിനി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളിലെത്തിയ ഈ കോമഡി-ഡ്രാമ, അക്കാലത്ത് വലിയ വിജയമായിരുന്നു. ഇത് ബോക്സ് ഓഫീസ് കളക്ഷനില്‍ ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
44 ലക്ഷം രൂപാ ബജറ്റില്‍ നിര്‍മിച്ച ഈ ചിത്രം ബോക്‌സോഫീസില്‍ 4 കോടിയോളം നേടി, അക്കാലത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയായി ചിത്രം മാറി.
കിലുക്കം – 1991
പ്രിയദര്‍ശനും മോഹന്‍ലാലും രേവതിയും ഒന്നിച്ച ഈ സിനിമയും ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഇത് അന്നത്തെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഒരു വര്‍ഷത്തോളം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.
നരസിംഹം 2000
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ നരസിംഹം. മോഹന്‍ലാല്‍ നായകനായ ചിത്രം വലിയ വാണിജ്യ വിജയമായിരുന്നു. 2 കോടി ബജറ്റില്‍ ഇറങ്ങിയ ചിത്രം 23 കോടി സ്വന്തമാക്കി. ഇത് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും മോഹന്‍ലാലിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി ഊട്ടിയുറപ്പിക്കുകയും ചെയ്തു.
രാജമാണിക്യം – 2005
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, റഹ്മാന്‍, മനോജ് കെ. ജയന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് രാജമാണിക്യം. 25 കോടി മേലെ ആയിരുന്നു ചിത്രം തീയറ്ററില്‍ സ്വന്തമാക്കിയത്.
ക്ലാസ്‌മേറ്റ്‌സ് – 2006
ലാല്‍ ജോസ് സംവിധാനം ചെയ്ത് പുറത്തിറക്കിയ ക്യാമ്പസ് ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. ചിത്രം മലയാള സിനിമയിലെ ക്ലാസിക് ആയിട്ടാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. 3.4 കോടി ബജറ്റിലിറങ്ങിയ ചിത്രം 26 കോടി സ്വന്തമാക്കി.
ട്വന്റി:20 – 2008
മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ട്വന്റി:20. അക്കാലത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി ചിത്രം മാറി.
ദൃശ്യം – 2013
മോഹന്‍ലാല്‍ നായകനായ ഈ സിനിമ മലയാള സിനിമക്ക് ഒരു വഴിത്തിരിവായിരുന്നു. കേരളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഇത്, ആ കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായിരുന്നു. 150 ദിവസത്തിലധികം ദിവസം ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.
പ്രേമം – 2015
നിവിന്‍ പോളി നായകനായ ഈ റൊമാന്റിക് ഡ്രാമ യുവാക്കള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ച ചിത്രം കൂടിയാണ്. 4 കോടി ബജറ്റിലിറങ്ങിയ ചിത്രം 60 കോടിയോളം സ്വന്തമാക്കി. നിവിന്‍ പോളി എന്ന നടന്റെ കരിയര്‍ മാറ്റിയ ചിത്രം കൂടിയാണ് പ്രേമം.
പുലിമുരുകന്‍ – 2016
മോഹന്‍ലാല്‍ നായകനായ ഈ ആക്ഷന്‍ ചിത്രം ലോകമെമ്പാടും 100 കോടി കടന്ന ആദ്യ മലയാള സിനിമയാണ്. വര്‍ഷങ്ങളോളം ഈ സിനിമ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി തുടര്‍ന്നു.
ലൂസിഫര്‍ – 2019
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ഈ ആക്ഷന്‍ ത്രില്ലര്‍, 150 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ മലയാള സിനിമയാണ്.
2018 – 2023
2018-ലെ കേരള വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം, വിമര്‍ശകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ നേടി. 26 കോടിയോളം ചെലവാക്കിയ ചിത്രം 177 കോടിയോളം സ്വന്തമാക്കി.
മഞ്ഞുമ്മല്‍ ബോയ്‌സ് – 2024
സര്‍വൈവല്‍ ത്രില്ലര്‍ ഴോണറിലെത്തിയ ചിത്രം നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തു. 200 കോടി നേടിയ ആദ്യ മലയാള സിനിമയായി ഇത് മാറി.
L2: എമ്പുരാന്‍ 2025
ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം റെക്കോര്‍ഡ് ഓപ്പണിങ് നേടി. 250 കോടി കളക്ഷന്‍ കടന്ന് എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി.
ലോകഃ: ചാപ്റ്റര്‍ 1 – ചന്ദ്ര – 2025
ഏറ്റവും ഒടുവിലായി ഈ ലിസ്റ്റിലേക്ക് ലോകഃയും. ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ മലയാള സിനിമയായി ലോകഃ മാറി. കല്യാണി പ്രിയദര്‍ശന്‍ പ്രധാനകഥാപാത്രത്തിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രവും കേരളത്തില്‍ നിന്ന് 100 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രവും ലോകഃയാണ്.
Content Highlight: Mollywood Industy hit Frm Chithram To lokah