| Saturday, 15th August 2026, 8:02 am

പുതിയ രക്ഷകൻ കൊടുങ്കാറ്റായി; പോർച്ചുഗലിന്റെ ടി-20 ലോകകപ്പ് സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു

സുദേവ് എ

2028 ടി-20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ വമ്പന്‍ ജയം. ഇസ്രയേലിനെ 94 റണ്‍സിനായാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. ഫിന്‍ലാന്‍ഡിലെ വാന്റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പറങ്കിപ്പട 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇസ്രയേല്‍ ഇന്നിങ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സിന് പുറത്തായി.

മുന്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മൊയ്സസ് ഹെന്റിക്വസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. പോര്‍ച്ചുഗല്‍ ടീമിന്റെ നായകന്‍ കൂടിയായ ഹെന്റിക്വസ് 39 പന്തില്‍ പുറത്താവാതെ 66 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജന്മനാടായ മദെയ്റയിലാണ് മുന്‍ ഓസീസ് താരം ജനിച്ചത്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് താമസം മാറിയ ഹെന്റിക്വസിന് ഈ വര്‍ഷം ജൂണിലാണ് പോര്‍ച്ചുഗലിനായി കളിക്കാന്‍ അര്‍ഹത ലഭിച്ചത്.

ഐ.സി.സി ഫുള്‍ മെമ്പര്‍ രാജ്യമായ ഓസ്ട്രേലിയയില്‍ നിന്ന് അസോസിയേറ്റ് രാജ്യമായ പോര്‍ച്ചുഗലിലേക്ക് മാറുന്നതിനുള്ള നിര്‍ബന്ധിത മൂന്ന് വര്‍ഷത്തെ കൂളിങ് ഓഫ് കാലയളവ് പൂര്‍ത്തിയാക്കിയതോടെയാണ് പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കാന്‍ താരത്തിന് അനുമതി ലഭിച്ചത്.

ഹെന്റിക്വസിന്റെ കീഴില്‍ ആദ്യമായി ടി-20 ലോകകപ്പിന് യോഗ്യത നേടുകയെന്ന വലിയ ലക്ഷ്യമാണ് പോര്‍ച്ചുഗലിന്റെ മുന്നിലുള്ളത്. നിലവില്‍ ഐ.സി.സി പുരുഷ ടി-20 റാങ്കിങ്ങില്‍ 37ാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. സബ് റീജിയണല്‍ ക്വാളിഫയറില്‍ മികച്ച പ്രകടനം നടത്തി യൂറോപ്യന്‍ റീജിയണല്‍ ഫൈനലിലേക്ക് മുന്നേറുകയാണ് ടീമിന്റെ ആദ്യ ലക്ഷ്യം.

സ്‌കോട്ലന്‍ഡ്, ജേഴ്സി, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളും റീജിയണല്‍ ഫൈനല്‍ പോരാട്ടത്തിലുണ്ടാകും. അവിടെ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ ഗ്ലോബല്‍ ക്വാളിഫയറിലേക്ക് യോഗ്യത നേടും.

ഇപ്പോള്‍ ക്യാപ്റ്റനായി ടീമിനൊപ്പം മിന്നും പ്രകടനം നടത്തിയ ഹെന്റിക്വസിന്റെ സാന്നിധ്യം വരും മത്സരങ്ങളിലും പോര്‍ച്ചുഗലിന് കരുത്തേകുമെന്നുറപ്പാണ്.

അതേസമയം മത്സരത്തില്‍ പോര്‍ച്ചുഗല്‍ ബൗളിങ്ങില്‍ എഡ്വേര്‍ഡ് ജെയിംസ് ഫ്‌ലെമിങ് മൂന്ന് വിക്കറ്റുകളും രാഹുല്‍ കുമാര്‍ ഹാഷു, ജെ മാര്‍ട്ടിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സെബാസ്റ്റ്യന്‍ ഡി ഒലിവേര ഒരു വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ പോര്‍ച്ചുഗല്‍ കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Moises Henriques performed well for Portugal in the 2028 T20 World Cup qualifiers

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more