2025ലെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കിയിരുന്നു. വിജയത്തിന് പിന്നാലെ എ.സി.സി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) സെക്രട്ടറിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയുമായ മൊഹസിന്‍ നഖ്വിയില്‍ നിന്നും കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. പിന്നാലെ ട്രോഫിയുമായി മൊഹമ്മദ് നഖ്‌വി മടങ്ങിയതും വലിയ വിവാദമായിരുന്നു.
ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം വണമെങ്കില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എ.സി.സി ആസ്ഥാനത്തെത്തി തന്റെ കയ്യില്‍ നിന്ന് തന്നെ കിരീടം വാങ്ങിക്കണമെന്ന പിടിവാശിയിലാണ് മൊഹസിന്‍ നഖ്‌വി. കഴിഞ്ഞ ദിവസം എ.സി.സി ചേര്‍ന്ന യോഗത്തില്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് നഖ്‌വിയുടെ നിലപാടിനെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. നിലവില്‍ വിവാദം തുടരാന്‍ തന്നെയാണ് പാക് ആഭ്യന്തര മന്ത്രിയും നഖ്‌വിയുടെ തീരുമാനമെന്ന് വ്യക്തമാണ്.
കരീടം നല്‍കാന്‍ മറ്റ് ഏതെങ്കിലും രാജത്തെ പ്രതിനിധിയെ അയക്കണമെന്ന് നേരത്തെ എ.സി.സിയെ അറിയിച്ചിരുന്നു. എന്നാല്‍ എ.സി.സി ഇതിന് അനുകൂലമാകുന്ന നടപടികളൊന്നും കൈക്കൊണ്ടില്ല. യോഗത്തില്‍ ഇന്ത്യയുടെ നിലപാടായിരുന്നു മറ്റ് രാജ്യങ്ങള്‍ക്കും ഉണ്ടായത്. ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട നിലപാടുകള്‍ വിവാദമുണ്ടാക്കുമ്പോള്‍ ഐ.സി.സിയുടെ ഇടപെടലിനായിരിക്കും ബി.സി.സി.ഐ ശ്രമിക്കുക. നവംബര്‍ ആദ്യ വാരത്തില്‍ ദുബായില്‍ വെച്ച് നടക്കുന്ന ഐ.സി.സി യോഗത്തില്‍ കാര്യങ്ങള്‍ സംസാരിക്കുമെന്നാണ് നിഗമനം.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ വിജയിച്ചിരുന്നു. മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യാത്തതും ഏറെ വിവാദമായിരുന്നു. യുദ്ധ സമാനമായ നാടകീയ രംഗങ്ങളും ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളില്‍ കാണേണ്ടി വന്നിരുന്നു.
കൂടാതെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇരകളായ കുടുംബങ്ങള്‍ക്ക് മാച്ച് ഫീ നല്‍കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇതിന് സമാനമായ രീതിയില്‍ പാക് ക്യാപ്റ്റനും നിലപാട് എടുത്തിരുന്നു. എന്തായാലും ഏഷ്യാ കപ്പുമായുള്ള വിവാദങ്ങള്‍ തുടരും എന്ന് തന്നെയാണ് വിലയിരുത്തുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ആരംഭിച്ച വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യ-പാക് വിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകരും കരുതുന്നത്.
Content Highlight: Mohsin Naqvi wants Indian captain Suryakumar Yadav to take the Asia Cup trophy from him if he wants to win it