2025 ഏഷ്യ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയമാണ് യു.എ.ഇയ്‌ക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 93 പന്ത് ശേഷിക്കെയാണ് മെന്‍ ഇന്‍ ബ്ലൂ വിജയിച്ച് കയറിയത്.
ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത് സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയായിരുന്നു. തുടക്കത്തില്‍ തന്നെ യു.എ.ഇയുടെ അലിഷാന്‍ ഷര്‍ഫുവിനെ തകര്‍പ്പന്‍ യോര്‍ക്കറില്‍ പറഞ്ഞയക്കുതയായിരുന്നു ബുംറ. യു.എ.ഇക്ക് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ (22) താരമായിരുന്നു അഷറഫ്. നിലവില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികവ് പുലര്‍ത്തുന്ന ബുംറയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ സ്ഥാന്‍ താരം മൊഹസിന്‍ ഖാന്‍.
‘എന്താണ് ബുംറയെ വ്യത്യസ്തനാക്കുന്നത്? അവന്‍ ചെയ്യുന്നതെല്ലാം മികച്ചതാണ്, അവന്റെ യഥാര്‍ത്ഥ ശക്തി അവന്റെ തോളില്‍ നിന്നും കൈത്തണ്ടയില്‍ നിന്നുമാണ്. പന്ത് സ്വിങ് ചെയ്യാനും സീം ചെയ്യാനും അവന് കഴിയും. ബുംറ റിച്ചാര്‍ഡ് ഹാഡ്‌ലിയെപ്പോലെയാണ്, ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളില്‍ പോലും കളിക്കാന്‍ അദ്ദേഹത്തിന് എളുപ്പമാണ്. അവന്‍ അസാധാരണനാണ്. മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ചവരാണെങ്കിലും ബുംറ ഒരു അസാധാരണ ബൗളറാണ്,’ മൊഹ്സിന്‍ ഖാന്‍ പറഞ്ഞു.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ്ങാണ് കുല്‍ദീപ് യാദവ് കാഴ്ചവെച്ചത്. പ്ലെയര്‍ ഓഫ് ദി മാച്ച് കൂടിയായ താരം വെറും 2.1 ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 3.23 എന്ന എക്കോണമിയിലാണ് കുല്‍ദീപ് പന്തെറിഞ്ഞത്.
ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി. കൂടാതെ വിക്കറ്റിന് പിന്നില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനവും യു.എ.ഇയെ പെട്ടന്ന് ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്ക് തുണയായി. അതേസമയം ഏഷ്യാ കപ്പില്‍ ഇന്ന് (വ്യാഴം) നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശും ഹോങ്‌കോങ്ങുമാണ് ഏറ്റുമുട്ടുന്നത്.