രണ്ടാം ഭാഗങ്ങളുടെയും മൂന്നാം ഭാഗങ്ങളുടെയും റിലീസ് തിരക്കിനാണ് ഇപ്പോള്‍ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. ആട് 3, വാഴ 2 തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വലിയ വിജയം നേടുമ്പോള്‍ ഈ രീതി ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന മോഹിനിയാട്ടം. 2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഏപ്രില്‍ 10 ന് തിയേറ്ററുകളിലേക്കെത്തുന്നത്.

കൃഷ്ണദാസ് മുരളി. Photo: Screen Grab/ Cue studio/ Youtube.com

സൈജു കുറുപ്പ് നായകനായെത്തിയ ചിത്രം തിയേറ്ററുകളില്‍ വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഒ.ടി.ടി. റിലീസിന് ശേഷം ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും വലിയ പ്രശംസ ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗവുമായി ഇതേ ടീം വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ആദ്യ ഭാഗങ്ങളിലുണ്ടായ അഭിനേതാക്കള്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മോഹിനിയാട്ടത്തില്‍ നടന്‍ സുരാജിന്റെ അഭിനയത്തെ കുറിച്ച് സംവിധായകന്‍ കൃഷ്ണ ദാസ് മുരളി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘സീരിയസായിട്ട് ഹ്യൂമര്‍ പറയാന്‍ പറ്റുന്ന ഒരാളെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. അങ്ങനെയൊരാളെ കിട്ടാന്‍ പ്രയാസമാണ്. സുരാജേട്ടന്‍ വളരെ രസകരമായിട്ട് അത് ചിത്രത്തില്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഡയലോഗ്‌സ് എഴുതുന്ന സമയം ഞാന്‍ അതിനിടയില്‍ ഓരോ കുത്തിടും. ഡയലോഗുകള്‍ക്കിടയിലുള്ള പോസുകള്‍ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അതിനിടയിലെ പോസ് അനുസരിച്ച് ഒരു കുത്ത് രണ്ട് കുത്ത് അങ്ങനെയാണ് ചെയ്യുക.

ഷൂട്ടിന്റെ സമയത്ത് ഞാന്‍ ഇതിങ്ങനെയാണ് പറയേണ്ടതെന്നൊന്നും പ്രത്യേകിച്ച് പറഞ്ഞിട്ടില്ല. പക്ഷേ ഈ ഭാഗങ്ങളെല്ലാം എത്തുമ്പോള്‍ തന്നെ പുള്ളി കറക്ടായി ഈ പോസ് മെയിന്റെയിന്‍ ചെയ്യും. ചിത്രത്തില്‍ സുരാജേട്ടന്‍ ഒറ്റക്ക് അഭിനയിക്കുന്ന ഒമ്പത് പേജ് നീളമുള്ള സീനുണ്ട്. അത് ഭംഗിയില്‍ അവതരിപ്പിച്ചിട്ടില്ലെങ്കില്‍ വെറും കഥാപ്രസംഗം പോലെയാകാന്‍ സാധ്യതയുണ്ട്. അതെല്ലാം അദ്ദേഹം പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ മനസിലാകും വെറുതെയല്ല നാഷണല്‍ അവാര്‍ഡ് കിട്ടിയതെന്ന്,’ കൃഷ്ണദാസ് പറഞ്ഞു.

മോഹിനിയാട്ടം. Photo: TOI

ഡാര്‍ക്ക് കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രം തിയേറ്ററുകളില്‍ പരാജയപ്പെടില്ലെന്ന ഉറച്ച ആത്മവിശ്വാസമാണ് സംവിധായകനും അഭിനേതാക്കളും പ്രകടിപ്പിക്കുന്നത്. ചിത്രത്തിനൊപ്പം ക്ലാഷ് റിലീസിനുണ്ടായിരുന്ന പള്ളിച്ചട്ടമ്പി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് ഏപ്രില്‍ 14 ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.

Content Highlight: Mohiniyattam Director talks about Suraj Venjaramood’s performance