തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെട്ട ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗമൊരുക്കുക എന്നത് സിനിമാലോകത്ത് കേട്ടുകേള്‍വിയുള്ള കാര്യമല്ല. എന്നാല്‍ ഇതിന് വിരാമമിട്ടുകൊണ്ടായിരുന്നു പരാജയപ്പെട്ട ആടിന് വമ്പന്‍ വിജയമായ രണ്ടാം ഭാഗവും മൂന്നാം ഭാഗവുമായി മിഥുന്‍ മാനുവല്‍ തോമസും ഫ്രൈഡേ ഫിലിംസും രംഗത്തെത്തിയത്. ഇതേ പാത പിന്തുടര്‍ന്ന് വിജയക്കൊടി പാറിച്ചിരിക്കുകയാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത മോഹിനിയാട്ടം.
കൃഷ്ണദാസ് മുരളി സൈജുകുറുപ്പിനൊപ്പം . Photo: The Hindu
2024ല്‍ പുറത്തിറങ്ങി ദയനീയമായി പരാജയപ്പെട്ട ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹനിയാട്ടമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ചര്‍ച്ചാ വിഷയം. സൈജു കുറുപ്പ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തി ഡാര്‍ക്ക് ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് മികച്ച വരവേല്പാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തിലില്ലാതെ രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ട് കൈയടി നേടുകയാണ് സുരാജ് വെഞ്ഞാറമൂടും ബേബി ജീനുമടക്കമുള്ള താരങ്ങള്‍. ഇതില്‍ സുരാജിന്റെ ചിത്രത്തിലേക്കുള്ള വരവിനെക്കുറിച്ച് പറയുന്ന സംവിധായകന്‍ കൃഷ്ണദാസ് മുരളിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘തിരക്കഥ പ്രകാരം വളരെ സീരിയസായിട്ടുള്ള കഥാപാത്രമാണ് സുരാജേട്ടന്റേത്. ഗോവിന്ദരാജ എന്ന പ്രോപ്പര്‍ വില്ലന്‍ ആയിട്ടായിരുന്നു കഥാപാത്രത്തെ രൂപപ്പെടുത്തിയത്. ഇപ്പോഴും വില്ലന്‍ തന്നെയാണ് എന്നിരുന്നാലും സുരാജേട്ടന്‍ വന്നതിന് ശേഷമാണ് അതിന് ഹ്യൂമര്‍ ഷെയ്ഡ് ലഭിക്കുന്നത്. അദ്ദേഹമാണെന്ന് ഫിക്‌സ് ചെയ്തതിന് ശേഷമാണ് ചെറിയ ചില എലമെന്റുകള്‍ കഥാപാത്രത്തിനായി ആഡ് ചെയ്തത്.
ഇപ്പോഴും അദ്ദേഹം കോമഡി പറയുന്നില്ല. ചില ഡയലോഗുകള്‍ പറയുന്ന സ്റ്റൈലില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് മാത്രമേയുള്ളൂ. ട്രെയ്‌ലര്‍ കണ്ടിട്ട് സിനിമയിലുടനീളം സുരാജേട്ടന്റെ അഴിഞ്ഞാട്ടം കാണാനുള്ള പ്രതീക്ഷയുമായി ആള്‍ക്കാര്‍ വരുമോ എന്ന പേടിയുണ്ടായിരുന്നു. നല്ല ട്രെയിലറാണ്, അത് ആളുകളിലേക്ക് എത്തും എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് ട്രെയിലര്‍ മാറ്റിയില്ല. കാരണം ഭരതനാട്യത്തില്‍ ഞങ്ങള്‍ക്ക് കിട്ടാതെ പോയത് അറ്റെന്‍ഷനായിരുന്നു. ഇത് ആളുകളെ തിയേറ്ററിലെത്തിക്കാന്‍ കഴിയുന്ന സാധനമാണെന്ന് ഉറപ്പുള്ളത് കൊണ്ട് ആ ധൈര്യത്തില്‍ പുറത്തുവിടുകയായിരുന്നു,’കൃഷ്ണദാസ് മുരളി പറഞ്ഞു.
Content Highlight: Mohiniyattam Director Krishnadas Murali talks about Suraj Venjaramood’s character in the movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.