മലയാള സിനിമാ ലോകത്ത് ശ്രദ്ധനേടിക്കൊണ്ട് മുന്നേറുകയാണ് ഭരതനാട്യം 2: മോഹിനിയാട്ടം. സൈജു കുറുപ്പ് നായകനായി എത്തുന്ന ഈ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കി ബോക്സ് ഓഫിസിൽ ശക്തമായ മുന്നേറ്റം തുടരുകയാണ്.
റിലീസായി പത്ത് ദിവസം പിന്നിടുമ്പോൾ കേരളത്തിൽ മാത്രം ചിത്രം ഏകദേശം 10 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആഗോളതലത്തിൽ ചിത്രം ഇതിനകം 19 കോടി രൂപ വരെയെത്തിയതായും ട്രേഡ് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് മാത്രം 1.75 കോടി രൂപയാണ് ചിത്രം നേടിയത്.
മോഹിനിയാട്ടം, Photo: Saiju kurup/ Facebook
കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ പ്രദീപും ചേർന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ഴോണറിൽ ഒരുക്കിയ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സൈജു കുറുപ്പിന്റെയും സുരാജിന്റെയും പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ആദ്യ ഭാഗം വൻ പരാജയമാകുകയും രണ്ടാം ഭാഗം വലിയ വിജയം നേടുകയും ചെയ്‌തെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ നിർമ്മാതാക്കളാണ്. ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മികച്ച പ്രതികരണവും കളക്ഷനും നേടി മുന്നേറുന്ന ചിത്രം വരും ദിവസങ്ങളിലും ബോക്സ് ഓഫിസിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.