| Friday, 28th March 2025, 7:30 am

അവിശ്വസനീയമായ ചിത്രം; 20 വര്‍ഷം കഴിഞ്ഞ് വരേണ്ട സിനിമകള്‍ അന്നേ ചെയ്തു: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ പണ്ടുമുതല്‍ക്കേ ഒരുപാട് മികച്ച സിനിമകള്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഇരുപത് വര്‍ഷം കഴിഞ്ഞ് വരേണ്ട സിനിമകള്‍ അന്നേ മലയാളത്തില്‍ ചെയ്തിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

1968ല്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് ഇറങ്ങിയ യക്ഷി എന്ന ഒരു സിനിമയെ കുറിച്ചും മോഹന്‍ലാല്‍ പറയുന്നു. അവിശ്വസനീയമായ ഒരു സിനിമയാണ് അതെന്നാണ് അദ്ദേഹം പറയുന്നത്.

അത്തരത്തിലുള്ള ഒരുപാട് മികച്ച സിനിമകള്‍ അന്ന് മലയാളത്തില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പുറത്ത് നിന്നുള്ള ആളുകള്‍ക്ക് കാണാനായി അന്ന് ഒ.ടി.ടിയോ ടെലിവിഷനോ ഉണ്ടായിരുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തില്‍ പണ്ടുമുതല്‍ക്കേ ഒരുപാട് മികച്ച സിനിമകള്‍ വന്നിട്ടുണ്ട്. സേതുമാധവന്‍ സാറിന്റെയും സത്യന്‍ സാറിന്റെയും പത്മരാജന്‍ സാറിന്റെയുമൊക്കെ മികച്ച സിനിമകള്‍ പണ്ട് ഉണ്ടായിരുന്നു.

അന്ന് മുതല്‍ക്കേ മലയാളത്തില്‍ മികച്ച സിനിമകള്‍ ഉണ്ടായിരുന്നു. ഇരുപത് വര്‍ഷം കഴിഞ്ഞ് വരേണ്ട സിനിമകള്‍ ഞങ്ങള്‍ അന്നേ ചെയ്തിരുന്നു. യക്ഷി എന്ന ഒരു സിനിമ ഉണ്ടായിരുന്നു.

അവിശ്വസനീയമായ ഒരു സിനിമയാണ് അത്. അത്തരത്തിലുള്ള ഒരുപാട് സിനിമകള്‍ അന്ന് മലയാളത്തില്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. എന്നാല്‍ പുറത്ത് നിന്നുള്ള ആളുകള്‍ക്ക് കാണാനായി അന്ന് ഒ.ടി.ടിയോ ടെലിവിഷനോ ഉണ്ടായിരുന്നില്ലല്ലോ.

ഞങ്ങള്‍ കേരളത്തില്‍ ഉള്ളവര്‍ എല്ലാ തരം സിനിമകളും കാണുന്നവരാണ്. ഞങ്ങള്‍ പണ്ടുമുതല്‍ക്കേ തമിഴ് – തെലുങ്ക് സിനിമകള്‍ കാണാറുണ്ട്. എന്നാല്‍ അന്നൊന്നും മറ്റുള്ള സ്ഥലങ്ങളില്‍ അങ്ങനെയല്ല. മലയാള സിനിമകള്‍ കാണുന്ന അധികം ആളുകള്‍ പുറത്തുണ്ടായിരുന്നില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Talks About Yakshi Movie And Old Malayalam Cinema

We use cookies to give you the best possible experience. Learn more